നിമിഷനേരം കൊണ്ട് ആര്‍ത്തലച്ചുപെയ്യുന്ന മഴ, മഴയെ തുടര്‍ന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലില്‍ മുങ്ങുന്ന നാടുകള്‍.... മേഘവിസ്ഫോടനം എന്നത് കേട്ടുപരിചിതമായ പദമാണ്! പക്ഷേ എന്താണ് യഥാര്‍ഥത്തില്‍ മേഘവിസ്ഫോടനം?
ഒരു ചെറിയ കാലയളവിൽ, ചെറിയ ഭൂപ്രദേശത്ത് പെയ്തിറങ്ങുന്ന ശക്തമായ മഴയാണ് മേഘവിസ്ഫോടനം. സാധാരണയായി പർവതപ്രദേശങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുകയും ചെയ്യും.
മേഘങ്ങളിൽ കുമുലോ നിംബസ് മഴമേഘങ്ങളാണ് മേഘവിസ്ഫോടനത്തിന് കാരണമാകുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു ഭൗമോപരിതലത്തിൽനിന്ന് അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലേക്ക് ഉയരുകയും തണുത്ത്, കനത്ത മഴയായി പെയ്തിറങ്ങുകയുമാണ് ചെയ്യുന്നത്. ഓറോഗ്രാഫിക് ലിഫ്റ്റ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ മഴ പെയ്യാൻ ഇത് കാരണമാകും. മേഘത്തിനുള്ളിലാകട്ടെ വലിയ ചംക്രമണരീതിയിലുള്ള ശക്തിയേറിയ വായുപ്രവാഹമായിരിക്കും ഉണ്ടായിരിക്കുക. ഇത് മേഘത്തിന്‍റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകും.
മേഘവിസ്ഫോടനത്തിനൊപ്പം ചിലപ്പോൾ ഇടിമിന്നലോ ആലിപ്പഴ വർഷമോ ഉണ്ടാകാം. ഒരു മണിക്കൂറിനുള്ളിൽ 100 മില്ലിമീറ്ററോ അതിലധികമോ മഴ പെയ്യുന്നതിനെ മേഘവിസ്ഫോടനമായി കണക്കാക്കാവുന്നതാണ്. ഈർപ്പമുള്ള വായുവിനെ പർവതങ്ങൾ വേഗത്തിൽ ഉയരാൻ സഹായിക്കുന്നുണ്ട്. അതിനാലാണ് പൊതുവേ പര്‍വ്വതപ്രദേശങ്ങളില്‍ മേഘവിസ്ഫോടനം കണ്ടുവരുന്നത്.
2012ല്‍ അസി ഗംഗയിൽ ഉണ്ടായ മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും 35 പേരുടെ ജീവന്‍ അപഹരിക്കുകയുണ്ടായി. 2012 രുദ്രപ്രയാഗിൽ 69 പേരും 2013 ലെ കേദാർനാഥ് ദുരന്തത്തിൽ 4,000 ത്തിലധികം പേരും മരിച്ചിരുന്നു. മേഘവിസ്ഫോടനം ഉണ്ടാകുന്നത് നേരത്തേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. മുന്നറിയിപ്പ് ലഭിക്കുന്നതുതന്നെ ഒന്നോ രണ്ടോ മണിക്കൂറിന് മുന്‍പ് മാത്രമായിരിക്കും. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് ലഭിച്ചാല്‍ ഒരോ മിനിറ്റും നിര്‍ണായകമാണ്.....