സാധാരണ മനുഷ്യര്‍ നായയുടെ പാല് കുടിക്കാറില്ല. നായ മാത്രമല്ല, പശുവും അങ്ങനെ തന്നെയാണ്. പശുവിന്‍റെ പാല്‍ അതിന്‍റെ കുഞ്ഞിന് അര്‍ഹതപ്പെട്ടതാണ്. ഈ ആശയം പ്രചരിപ്പിക്കാനായി ‘പെറ്റ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് (PETA– People for Ethical Treatment of Animals) ഒരു ചിത്രം സമൂഹമാധ്യമങ്ങളിലും ഒട്ടുമിക്ക സിറ്റികളില്‍ ബില്‍ ബോര്‍ഡുകളായും പങ്കുവച്ചു. ആ ചിത്രം വ്യാപക വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.
ഒരു യുവതി നായയെ തോളില്‍ നിര്‍ത്തി അതിന്‍റെ പാല് കുടിക്കാനായി വായ തുറന്നുനില്‍ക്കുന്നതാണ് ചിത്രം. ‘നിങ്ങള്‍ നായയുടെ പാല് കുടിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ എന്തിനാണ് മറ്റ് ജന്തുജാലങ്ങളുടെ പാല് കുടിക്കുന്നത്? സസ്യാഹാരിയാകൂ’ എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് പുറമേ അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ചെന്നൈ, മുബൈ, നോയിഡ തുടങ്ങിയ നഗരങ്ങളുടെ ഹൃദയഭാഗത്തും ‘പെറ്റ’ ഈ ചിത്രം കൊണ്ടുവച്ചു.
‘പാലുത്പാദനം കൊടിയ ക്രൂരതയാണ്. കുഞ്ഞുങ്ങളെ മാറ്റിനിര്‍ത്തി അമ്മപ്പശുവിന്‍റെ പാല് കറന്നെടുക്കുന്നത് ഹൃദയഭേദകമായ കാര്യമാണ്. പശുക്കള്‍ പാലുണ്ടാക്കുന്ന മെഷീനല്ല, അവരുടെ പാല്‍ അവരുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്’ എന്ന കുറിപ്പും ‘പെറ്റ’ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഈ പരസ്യം അതിന്‍റെ ലക്ഷ്യത്തിലെത്തിയില്ല എന്ന അഭിപ്രായമാണ് കമന്‍റ് ബോക്സില്‍ വന്നുനിറയുന്നത്.