ship-elsa

കൊച്ചി തീരത്തു നിന്ന് 38 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് അറബിക്കടലില്‍ ചരിഞ്ഞ കപ്പല്‍ എംഎസ്‌സി എല്‍സ പൂര്‍ണമായും കടലില്‍ താഴ്ന്നു. ക്യാപ്റ്റനടക്കം എല്ലാ ജീവനക്കാരെയും ഐഎന്‍എസ് സുജാത രക്ഷപ്പെടുത്തി. ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണ് കപ്പലപകടത്തിന്റെ വ്യാപ്തി. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകള്‍ കടലിൽ ഒഴുകി നടക്കുകയാണ്. കണ്ടെയ്നറുകള്‍ അടിയാന്‍ കൂടുതല്‍ സാധ്യത എറണാകുളം, ആലപ്പുഴ തീരങ്ങളിലാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തിരുവനന്തപുരം കൊല്ലം തീരങ്ങളിലും അടിഞ്ഞേക്കുമെന്നും മുന്നറിയിപ്പുണ്ട്.

കാർഗോയിൽ മറീൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചു. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് മറീൻ ഗ്യാസ് ഓയിൽ. ഈ കാർഗോ തീരത്ത് അടിഞ്ഞാൽ ആരും അതിൽ സ്പർശിക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മൽസ്യത്തൊഴിലാളികൾ അടക്കം കുറഞ്ഞത് 200 മീറ്റർ അകലം പാലിക്കണം. കപ്പലില്‍ ഏകദേശം 640 കണ്ടെയ്‌നറുകളുണ്ടായിരുന്നുവെന്നാണ് വിവരം. പതിമൂന്നെണ്ണത്തിൽ അപകടകകരമായ വസ്തുക്കൾ ഉണ്ട്. കണ്ടെയ്നറുകളോ സമാനമായ വസ്തുക്കളോ തീരത്തടിഞ്ഞാൽ അവയുടെ അടുത്ത് പോകരുത്. ഉടൻ 112 എന്ന നമ്പറില്‍ വിവരമറിയിക്കണം. തീരത്ത് എണ്ണപ്പാട കണ്ടാല്‍ തൊടരുതെന്നും മുന്നറിയിപ്പുണ്ട്.

sea-oil

എണ്ണ കടലില്‍ പടര്‍ന്നാല്‍?

എണ്ണച്ചോർച്ചയെ രണ്ടായി തിരിക്കാം. ഒന്ന്, പെട്രോൾ പോലെ പെട്ടെന്ന് ആവിയായി പോകുന്ന ഇന്ധനങ്ങൾ. രണ്ടാമത്തേത് ക്രൂഡോയിലും ലൂബ്രിക്കന്റുകളും പോലെ കട്ടിയുള്ള എണ്ണ. രണ്ടും ഒരുപോലെ വിഷപദാർഥങ്ങൾ അടങ്ങിയതാണെങ്കിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് രണ്ടാമത്തെ ഇനത്തിൽപ്പെട്ട എണ്ണയാണ്.

കടലിൽ കപ്പലിൽ നിന്നുള്ള എണ്ണ ചോരുന്നത് പ്രകൃതിയിലുണ്ടാവുന്ന ഗുരുതരമായ ദുരന്തങ്ങളിലൊന്നാണ്. ഇത് വലിയ പരിസ്ഥിതി ഭീഷണിയായി മാറും. കുറഞ്ഞ അളവിലുള്ള ചോർച്ച പോലും വലിയ വിസ്തൃതിയിലുള്ള കടൽമരുവിനെയും ജീവജാലങ്ങളെയും ബാധിക്കും. ആ ദുരന്തത്തിന്റെ ദൂഷ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ അനുഭവപ്പെടുകയും വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

oil-cleaning

കടലിലേക്ക് എണ്ണ പടര്‍ന്നുകഴിഞ്ഞാല്‍ കടലിന്റെ മേൽത്തട്ടിൽ എണ്ണയുടെ പാളി രൂപപ്പെടും. ഈ എണ്ണപ്പാളി സൂര്യപ്രകാശം കടൽജലത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് തടയും. സൂര്യപ്രകാശം കിട്ടാതെ വരുമ്പോൾ ജലത്തിൽ പ്രകാശസംശ്ലേഷണം നടത്തുന്ന ജീവജാലങ്ങളുടെ വളർച്ച തടസ്സപ്പെടും. ഇത് മത്സ്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ ജലജീവികളുടെ ഭക്ഷ്യചങ്ങല അടക്കം തകർക്കും.

കടൽജീവികൾക്ക് എണ്ണപ്പാട സൃഷ്ടിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാവാത്തതാണ്. മത്സ്യങ്ങൾ, കടല്‍ ആല്‍ഗകള്‍ , സൂക്ഷ്മരൂപത്തിലുള്ള പ്ലാങ്ക്ടണുകള്‍( സ്വയം നീങ്ങാനാവാത്തവ), നെക്ടോണുകള്‍ (സ്വയം നീങ്ങാനാവുന്നവ, മത്സ്യങ്ങള്‍, ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍) സ്റ്റാര്‍ഫിഷ്, കടല്‍ഞണ്ടുകള്‍, ചിപ്പികള്‍, കോറലുകള്‍ എന്നിവ മുതൽ കടലിന്റെ അടിത്തട്ടില്‍ വസിക്കുന്ന ബെന്തോസ്, സ്പോഞ്ചസ്, കടല്‍പ്പക്ഷികള്‍ അങ്ങനെ സകല ജീവജാലങ്ങളുടേയും അതിജീവനം പ്രതിസന്ധിയിലാക്കും.

ത്വക്കിലും തൂവലുകളിലും ചെതുമ്പലുകളിലും എണ്ണ ഒട്ടിക്കിടക്കുന്നത് ശ്വസനം, ചലനം, താപനിയന്ത്രണം തുടങ്ങിയവയെ ബാധിക്കും. ചൂട് നിയന്ത്രിക്കാനാവാതെ പല ജീവജാലങ്ങളും ചത്തുപോകും.

oil-spreading

തീരദേശത്തിനും നാശം

ജീവജാലങ്ങള്‍ക്ക് മാത്രമല്ല തീരദേശങ്ങള്‍ക്കും എണ്ണപ്പാട കാലങ്ങളോളം നിലനിൽക്കുന്ന തകർച്ചയുണ്ടാകും. എണ്ണ മണലിലും പാറകളിലും പറ്റിപ്പിടിച്ചുകഴിഞ്ഞാൽ അവിടേക്ക് പോകുക ദുഷ്കരമാകും. തീരദേശവാസികളുടെ ജീവിതം താറുമാറാകും. മത്സ്യബന്ധനം അസാധ്യമാകും. സാമ്പത്തികമായും സാമൂഹികമായും വലിയ തോതിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

കടലിന്റെ സ്വന്തം സ്വാഭാവിക ശുദ്ധീകരണ സംവിധാനം, ഭക്ഷ്യശൃംഖല, ജൈവവൈവിധ്യം, എന്നിവ നഷ്ടമാകും. ചില സ്ഥലങ്ങളിൽ പതിറ്റാണ്ടുകള്‍ക്കപ്പുറം പ്രത്യാഘാതങ്ങള്‍ നിലനിന്നേക്കാം. കപ്പലുകളിൽ നിന്ന് ചോർന്ന എണ്ണ വാതകമായും ദ്രാവകമായും മാറും. തീരത്തെ മനുഷ്യർക്ക് ശ്വാസതടസ്സം പോലുള്ള ആരോഗ്യപ്രശ്നങ്ങളും അനുബന്ധ അസുഖങ്ങളും ഉണ്ടാകാം.

തീരം കേന്ദ്രീകരിച്ച് പച്ചപിടിച്ചുവരുന്ന വിനോദസഞ്ചാര മേഖലയുടെ തകർച്ചയ്ക്കും ഇത് ഇടയാക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് ആളുകളുടെ തൊഴിലും ജീവനോപാധിയും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് ആ പ്രദേശങ്ങളുടെ ആകെ സാമ്പത്തിക തകർച്ചയ്ക്കും വഴിയൊരുക്കിയേക്കാം.

sea-crab

എണ്ണവ്യാപനം പരിഹരിച്ച് ശുദ്ധീകരിക്കാന്‍ വലിയ സാമ്പത്തികച്ചിലവ് വേണ്ടിവരും. പ്രത്യേക പരിശീലനം നേടിയ ജോലിക്കാർ, പ്രത്യേക സാങ്കേതിക ഉപകരണങ്ങൾ, കാലഘട്ടങ്ങളോളം നീളുന്ന നിരീക്ഷണങ്ങൾ തുടങ്ങിയവ അനിവാര്യമാകും. ചിലയിനം ബാക്ടീരിയകളെ ഉപയോഗിച്ച് കടൽപ്പരപ്പിലെ എണ്ണ വിഘടിപ്പിച്ച് കളയാൻ കഴിയുമെങ്കിലും അതിനും വർഷങ്ങളെടുക്കും.

 ഇൻഷുറൻസ് ഉണ്ടെങ്കിൽ എംഎസ്‌സി എല്‍സയുടെ കാര്യത്തിൽ പണത്തിന് ബുദ്ധിമുട്ടേണ്ടിവരില്ല. പക്ഷേ അതിലും പ്രധാനം കപ്പലിലെ ഇന്ധനവും എണ്ണയും കടലിൽ കലരാതെ പുറത്തെത്തിക്കുക എന്നതാണ്. അത് അങ്ങേയറ്റം ഭാരിച്ച, അപകടം പിടിച്ച ജോലിയാണ്. കണ്ടെയ്നറുകൾ കണ്ടെത്തി സുരക്ഷിതമായി കരയ്ക്കെത്തിക്കാനും കപ്പൽ സുരക്ഷിതമായി വീണ്ടെടുക്കാനും കഴിഞ്ഞാൽ മാത്രമേ ഇപ്പോഴത്തെ ആശങ്കകൾക്ക് പരിഹാരമാകൂ.

ENGLISH SUMMARY:

Oil spills from ships into the sea are among the most severe disasters that can occur in nature. There is no doubt that it can become a serious environmental threat. Even a single liter of oil has the potential to affect marine ecosystems and organisms across several acres.