Image: Reuters

കാലാവസ്ഥയിലെ ദ്രുതമാറ്റങ്ങള്‍ ഗുരുതര വെല്ലുവിളികളാണ് മനുഷ്യന്‍റെ നിലനില്‍പ്പിന് ഉയര്‍ത്തുന്നത്. ലോകത്തെ പകുതിയോളം ജനങ്ങളുടെ മുഖ്യാഹാരമായ അരി അര്‍ബുദരോഗത്തിന് കാരണമായേക്കാമെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് അരിയില്‍ അടങ്ങിയിരിക്കുന്ന ആഴ്സനികിന്‍റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് കാരണം. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ 2050 ഓടെ അപകടകരമായ വളര്‍ച്ചയുണ്ടാകുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊളംബിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

രണ്ട് ഡിഗ്രി സെല്‍സ്യസിലേറെ താപനില വര്‍ധിച്ചതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഉയര്‍ന്നതും മണ്ണിന്‍റെ രാസഘടനയെ തന്നെ മാറ്റിമറിച്ചുവെന്നും ഇത് അരിയിലേക്ക് ആഴ്സനിക് കൂടുതലായി ആഗീരണം ചെയ്യപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. നെല്‍ച്ചെടിയുടെ വളര്‍ച്ചാസമയത്ത് മലിനമായ മണ്ണില്‍ നിന്നും ജലത്തില്‍ നിന്നും അജൈവികമായ ആഴ്സനിക് അരിയിലേക്ക് കടക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പാകം ചെയ്യുന്നതിനായി വെള്ളം ഉപയോഗിക്കുമ്പോള്‍ വീണ്ടും ആഴ്സനിക് അരിയിലേക്ക് എത്തുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. 

ആഴ്സനികിന്‍റെ അംശം വര്‍ധിക്കുന്നത് ശ്വാസകോശ, മൂത്രാശയ, ചര്‍മ അര്‍ബുദങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പുറമെ ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, മറ്റ് അര്‍ബുദേതര രോഗങ്ങള്‍ എന്നിവയ്ക്കും ആഴ്സനിക് കാരണമായേക്കാമെന്ന് കൊളംബിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ലൂയീ സിസ്ക പറയുന്നു. മൂത്രാശയ, ശ്വാസകോശ അര്‍ബുദ ബാധിതരുടെ എണ്ണം 2050 ആകുമ്പോഴേക്ക് 44 ശതമാനം വര്‍ധിച്ചേക്കാം.  ചൈനയിലാകും ഏറ്റവുമധികം അര്‍ബുദ ബാധിതരുണ്ടാവുകയെന്നും കേസുകളുടെ എണ്ണം 1.34 കോടി ആയി മാറിയേക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മനുഷ്യന്‍റെ പ്രതിരോധ ശേഷി കുറയുന്നതിനും ഗര്‍ഭമലസിപ്പോകുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള സാധ്യതയും  ഗവേഷകര്‍ തള്ളിക്കളയുന്നില്ല. 

Image: Reuters

തെക്കനേഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍, തായ്​ലന്‍ഡ്, വിയറ്റ്നാം എന്നിവിടങ്ങളിലെ ജനങ്ങളുടെ ആരോഗ്യപരിചരത്തില്‍ അതീവ ശ്രദ്ധവേണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവിനൊപ്പം താപനിലയും ഉയരുന്നതോടെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്തതരം ആരോഗ്യ പ്രതിസന്ധികള്‍ ഉടലെടുത്തേക്കാമെന്നും നെല്‍വയലുകളിലെ മണ്ണ് സംരക്ഷണവും കൃത്യമായ ആസൂത്രണവുമാണ് പ്രതിവിധിയെന്നും പഠനം വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Climate change is causing dangerous spikes in arsenic levels in rice, a staple food for half the world. A new study published in The Lancet Planetary Health warns that this could lead to a significant rise in cancer cases in Asia by 2050. Scientists at Columbia University conducted the researc