ആളൊരു കണ്ടന്‍റ് ക്രിയേറ്ററാണ്. അപ്പോൾ സ്വന്തം വിവാഹത്തേക്കാൾ വലിയൊരു കണ്ടന്‍റ് ജീവിതത്തിലുണ്ടാകില്ലല്ലോ. പെണ്ണുകാണൽ മുതൽ പോസ്റ്റ്-വെഡ്ഡിംഗ് ഷൂട്ട് വരെ ഓരോ നിമിഷവും ആഘോഷമാകും. വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇതെല്ലാം റീലുകളായും പോസ്റ്റുകളായും നിറയും.
ഈ പതിവിൽ ഒരു കുറവും വരുത്തിയില്ല മഹാരാഷ്ട്ര സ്വദേശിയും സോഷ്യൽ മീഡിയ കണ്ടന്‍റെ ക്രിയേറ്ററുമായ അനുഷ ജെയിൻ. എന്നാൽ ഇത്തവണ അൽപം വേറിട്ടൊരു പരീക്ഷണമാണ് അവർ നടത്തിയത്. വിവാഹ ആഘോഷത്തിന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച അനുഷ, താനൊരു 'ചാറ്റ്ജിപിടി വധു' ആണെന്നും വെളിപ്പെടുത്തി. കേട്ടവരിൽ പലരും ആദ്യം നെറ്റി ചുളിച്ചു. എന്നാൽ സംഭവം വളരെ ലളിതമായിരുന്നു. അനുഷയുടെ വിവാഹത്തിലെ ഏറ്റവും വൈറലായ കണ്ടന്‍റ് കൈയിലെ മെഹന്തി ഡിസൈനായിരുന്നു. അതിന്‍റെ ആശയം കണ്ടെത്താൻ സഹായിച്ചതാകട്ടെ ചാറ്റ്ജിപിടി.
അടുത്തിടെയായിരുന്നു അനുഷയുടെ വിവാഹം. വസ്ത്രധാരണവും ആർട്ട് വർക്കുകളും ശ്രദ്ധ നേടിയെങ്കിലും ഏറ്റവും കൂടുതൽ ചർച്ചയായത് മെഹന്തി ഡിസൈനാണ്. വിവാഹത്തിന് അതിഥികൾ എത്തുന്നതിന് മുമ്പ് തന്നെ 'ഘർ കി മെഹന്തി' ചടങ്ങ് നടത്താനായിരുന്നു അനുഷയുടെ പദ്ധതി. മൈലാഞ്ചി ഉണങ്ങാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നതിനാൽ ആഘോഷങ്ങൾ പൂർണമായി ആസ്വദിക്കാൻ കഴിയില്ലെന്നതിനാലാണ് ഈ തീരുമാനം. ഇതിനായി ജയ്പൂരിൽ നിന്നുള്ള മെഹന്തി ആർട്ടിസ്റ്റ് ടീന ടോമറിനെ നേരത്തേ തന്നെ എത്തിച്ചു. എന്നാൽ ഡിസൈൻ റഫറൻസ് ആവശ്യപ്പെട്ടപ്പോഴാണ് ഒന്നും തിരഞ്ഞെടുത്തിരുന്നില്ലെന്ന് അനുഷ മനസ്സിലാക്കിയത്.
പരമ്പരാഗത ഡിസൈൻ വേണ്ടെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും മികച്ച മെഹന്തി ഡിസൈൻ റഫറൻസുകൾ തിരഞ്ഞെടുക്കാൻ സമയം കിട്ടിയിരുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയ്ക്കിടെയാണ് സഹോദരൻ അനന്ത് ജെയിൻ, ചാറ്റ്ജിപിടിയുടെ സഹായം തേടാൻ നിർദേശിച്ചതെന്ന് അനുഷ പറയുന്നു. തുടർന്ന് വധൂവരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ എഐ ടൂളിൽ നൽകി. താൻ മഹാരാഷ്ട്രയിൽ നിന്നുള്ളയാളാണെന്നും വരൻ ജയ്പൂരുകാരനാണെന്നും, ഇരുവർക്കും ഭക്ഷണം ഏറെ ഇഷ്ടമാണെന്നുമടക്കമുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെച്ചു.
നിമിഷങ്ങൾക്കകം ഇരുവരുടെയും ജീവിതയാത്രയെ പ്രതിഫലിപ്പിക്കുന്ന നിരവധി ആശയങ്ങൾ ചാറ്റ്ജിപിടി മുന്നോട്ടുവച്ചു. മുംബൈയെ പ്രതിനിധീകരിക്കാൻ ഓട്ടോറിക്ഷ, ജയ്പൂരിനെ പ്രതിനിധീകരിക്കാൻ ആന, ഇരുവരുടെയും യാത്രയെ സൂചിപ്പിക്കാൻ മുംബൈ വിമാനത്താവളം, വിവാഹ മണ്ഡപത്തിന്‍റെ രൂപരേഖ, കൂടാതെ ഇരുകുടുംബങ്ങളിലെയും അംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയ ഫാമിലി ക്രോസ്‌വേഡ് എന്നിവയെല്ലാം നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.
ചാറ്റ്ജിപിടി നൽകിയ ആശയങ്ങളെ കൂടുതൽ മികവുറ്റതാക്കി മനോഹരമായ മെഹന്തി ഒരുക്കിയത് ആർട്ടിസ്റ്റ് ടീന ടോമറാണെന്ന് അനുഷ പറയുന്നു. ചാറ്റ്ജിപിടി ആശയങ്ങളും റഫറൻസുകളും മാത്രമാണ് നൽകിയതെന്നും, അവയെ കൈകളിൽ മനോഹരമായ കലാസൃഷ്ടിയാക്കി മാറ്റിയത് മെഹന്തി ആർട്ടിസ്റ്റിന്റെ വൈദഗ്ധ്യമാണെന്നുമാണ് ഫോളോവേഴ്സിന്റെ ഭൂരിഭാഗം കമന്റുകളും.
അനുഷ ജെയിന്റെ മെഹന്തി ഡിസൈൻ കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇപ്പോൾ കൂടുതൽ പേരാണ് സമാന രീതിയിൽ ചാറ്റ്ജിപിടിയുടെ സഹായത്തോടെ വ്യക്തിഗത മെഹന്തി ഡിസൈനുകൾ കണ്ടെത്താൻ ശ്രമിക്കുന്നത്. ആശയങ്ങൾ എഐ നൽകാമെങ്കിലും, അവയെ കൈകളിൽ ജീവസുറ്റ കലാസൃഷ്ടിയാക്കി മാറ്റാൻ യഥാർഥ വൈദഗ്ധ്യം കലാകാരന്റേതു തന്നെയാണെന്നാണ് പലരുടെയും വിലയിരുത്തൽ.