മലയാള മനോരമ ഹോർത്തൂസ് കലാ, സാഹിത്യ, സാംസ്കാരിക ഉല്‍സവത്തിൽ ഇതാ നാടകവേദി ഉണരുന്നു. ചിന്തിപ്പിക്കുന്ന കാഴ്ചകളിലേക്കും പുതിയ തിയറ്റർ അനുഭവത്തിലേക്കും വായനക്കാർക്കു സ്വാഗതം. പ്രശസ്ത തിയറ്റർ ആർടിസ്റ്റ് ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ‘ഉബു റോയ്’ ഹോർത്തൂസ് അരങ്ങിനു ജീവനേകും.
ജനത്തെയും ജനാധിപത്യത്തെയും തകർത്തുവാഴുന്ന ഏകാധിപതിയെ പുതുശൈലിയിലൂടെ ഉബു റോയ് വേദിയിലെത്തിക്കുമ്പോൾ കാണികളും അഭിനേതാക്കളിൽ ഒരാളായി മാറും. എതിർശബ്ദങ്ങളെ അരിഞ്ഞുവീഴ്ത്തുകയും സ്വാതന്ത്ര്യത്തെ തടവിലാക്കുകയും ചെയ്യുന്ന ഉബു എന്ന പരമാധികാരിയുടെ നാടകം 1896ലാണ് ഫ്രഞ്ച് എഴുത്തുകാരൻ ആൽഫ്രഡ് ജാറി രചിച്ചത്. നൂറ്റാണ്ട് കടന്നിട്ടും ഇന്നും പ്രസക്തമായ പ്രമേയത്തെ ദീപൻ ശിവരാമനും സംഘവും പുനരാവിഷ്കരിക്കുന്നു.
28 വർഷമായി തിയറ്റർ രംഗത്തുള്ള ദീപൻ, ഖസാക്കിന്റെ ഇതിഹാസം, സ്പൈനൽ കോഡ്, ദ് കാബിനറ്റ് ഓഫ് ഡോ. കാലിഗരി, ഡാർക് തിങ്‌സ് തുടങ്ങി എഴുപതോളം നാടകങ്ങൾ വേദിയിലെത്തിച്ചു. തൃശൂർ ഓക്സിജൻ തിയറ്റർ കമ്പനിയുടെയും ഡൽഹിയിലെ പെർഫോമൻസസ് സ്റ്റഡീസ് കലക്ടീവിന്റെയും സ്ഥാപക ആർടിസ്റ്റിക് ഡയറക്ടറാണ്. ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് സ്കോളർഷിപ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, മഹീന്ദ്ര എക്സലൻസ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ തേടിയെത്തി.
കോവളത്ത് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് നിർമിച്ച ഉബു റോയ്ഓക്സിജൻ തിയറ്റർ കമ്പനിയാണ് അവതരിപ്പിക്കുന്നത്.