ഹിന്ദിയിൽ സംസാരിക്കാനുള്ള ആവശ്യം അവഗണിച്ച് മറാത്തിയില്‍ പ്രസംഗിച്ച ബോളിവുഡ് താരം കാജോളിന്‍റെ പെരുമാറ്റം വിവാദത്തില്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടയാണ് മറാഠിയില്‍ സംസാരിച്ചുകൊണ്ടിരുന്ന കജോളിനോട് ഹിന്ദിയില്‍ എന്തെങ്കിലും പറയാനുള്ള ആവശ്യം പാപ്പരാസികളില്‍ നിന്നുയര്‍ന്നത്. എന്നാല്‍ ഇതിനോട്, ‘ഇപ്പോൾ ഞാൻ ഇത് ഹിന്ദിയിൽ പറയണോ? മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാകും’ എന്ന് നടി നീരസത്തോടെ പ്രതികരിക്കുകയായിരുന്നു. കജോളിന്‍റെ പെരുമാറ്റം വളരെ വേഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
താരത്തിന്‍റെ പെരുമാറ്റത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് പല ഭാഗത്തുനിന്നും ഉയര്‍ന്നത്. ‘ഹിന്ദി ഭാഷയിൽ സംസാരിക്കാൻ അസ്വസ്ഥതയും ലജ്ജയും തോന്നുന്നുവെങ്കിൽ അവർ ഹിന്ദി സിനിമകളിൽ ജോലി ചെയ്യുന്നത് നിർത്തണം’ എന്നായിരുന്നു ചിലരുടെ പ്രതികരണം. ‘എന്തുകൊണ്ടാണ് കജോള്‍ ഹിന്ദി സിനിമകളില്‍ ജോലി ചെയ്യുന്നത്? അവർ മറാഠി സിനിമകളിൽ മാത്രം ജോലി ചെയ്യണം, ഹിന്ദിയെ വെറുക്കുന്നെങ്കില്‍ എന്തിന് ഹിന്ദി സിനിമയിലേക്ക് വന്നു?’ എന്നും വിമര്‍ശനങ്ങളുണ്ട്.
മഹാരാഷ്ട്രയിൽ മറാഠി ഭാഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായിരിക്കുന്ന സാഹചര്യത്തിലാണ് കാജോള്‍ ഉള്‍പ്പെട്ട പുതിയ വിവാദം. ഈ വർഷം ഏപ്രിലിൽ മഹാരാഷ്ട്ര സർക്കാർ സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം പാസാക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തീരുമാനം പിൻവലിച്ചെങ്കിലും മുംബൈയിലെയും പുനെയിലെയും മറാഠി സംസാരിക്കാൻ വിസമ്മതിച്ചവരും എംഎൻഎസ് പ്രവർത്തകരുമായി സംഘര്‍ഷങ്ങളുണ്ടായിരുന്നു. മറാഠി അറിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ താമസിക്കരുത് എന്നാണ് രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ നിലപാട്. നടി രേണുക ഷഹാനെയും ഭാഷാ സംഘർഷങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ‘നിങ്ങൾ വളരെക്കാലമായി ഒരു സ്ഥലത്താണെങ്കിൽ, പ്രാദേശിക ഭാഷ, പ്രാദേശിക സംസ്കാരം എന്നിവ മനസ്സിലാക്കുകയും മറ്റെന്തിനേക്കാളും ബഹുമാനം കാണിക്കുകയും ചെയ്യുന്നത് നല്ല കാര്യമാണ്. പ്രാദേശിക ഭാഷയെയും പ്രാദേശിക സംസ്കാരത്തെയും അംഗീകരിക്കേണ്ടതിന്റെ ആവശ്യകത തോന്നാത്ത ആളുകളെ ഞാൻ ഇഷ്ടപ്പെടുന്നില്ല’ എന്നായിരുന്നു നടിയുടെ പ്രതികരണം.