സോഷ്യോ വാസു എന്ന പേര് കോഴിക്കോട്ടുകാര്‍ക്കെല്ലാം പരിചിതമാണ്. നൂറ് വയസ് പിന്നിട്ടിട്ടും ചുറുചുറുക്കോടെ മൂര്‍ച്ചയുള്ള വാക്കുകള്‍ തൊടുത്തുവിടുന്ന വാസു സ്വാതന്ത്ര്യ സമര സേനാനി കൂടിയാണ്.
നടന്നുവരുന്നത് നൂറ്റിയൊന്നിലേക്ക് പ്രയാണം തുടരുന്ന വാസു,,, സോഷ്യോ വാസു.. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചന്ന് മുതല്‍ കിട്ടിയ പേര്.. രക്തത്തില്‍ അഹിംസ അലിഞ്ഞുചേര്‍ന്ന കറതീര്‍ന്ന ഗാന്ധിയന്‍. പതിനെട്ടാം വയസില്‍ തുടങ്ങിയ പോരാട്ട വീര്യത്തിന്‍റെ ഓര്‍മകളിലൊന്നു പോലും പ്രായം നൂറിലെത്തിയിട്ടും ചോര്‍ന്നുപോയിട്ടില്ല. ക്വിറ്റ് ഇന്ത്യ സമരകാലത്തെയടക്കം തിളയ്ക്കുന്ന ഓര്‍മകളങ്ങനെത്തന്നെയുണ്ട് തലച്ചോറില്‍.
കോഴിക്കോട് ചെറുവണ്ണൂരുകാരനായ വാസു ബ്രിട്ടീഷ് കിരാതവാഴ്ചക്കാലത്ത് രാജ്യത്തിനായി പോരാടി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നേടി 77 വര്‍ഷം കഴിഞ്ഞ രാജ്യത്തിന്‍റെ അവസ്ഥയില്‍ കടുത്ത നിരാശയുണ്ട് ഈ സേനാനിക്ക്. കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്നും വാസു ആഞ്ഞടിക്കുന്നു.