TAGS

എഴുപതാം വയസിലും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ വഴിയൊരുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പാലക്കാട് കല്ലടിക്കോട് സ്വദേശിയും അധ്യാപകനുമായ സി.കെ.രാജന്‍. കല്ലടിക്കോട്ടെ വായനശാല കേന്ദ്രീകരിച്ചാണ് ഒരുദിവസം പോലും മുടക്കമില്ലാതെയുള്ള സൗജന്യ പി.എസ്.സി പരിശീലനം. ഇരുപതാം വയസില്‍ തുടങ്ങിയ അധ്യാപന ജോലി വിരമിച്ചിട്ടും ഒരു മാറ്റവുമില്ലാതെ കൊണ്ടുപോവുകയാണ് ഈ മാതൃക അധ്യാപകന്‍. 

എഴുപത് പിന്നിടുമ്പോഴും അധ്യാപകനായ സി.കെ.രാജന് വൈകുന്നേരത്തെ നടത്തം പതിവാണ്. മറ്റുള്ളവരുടെ വലിയ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാണ് ഈ സഞ്ചാരം. രാജന് കരുത്താവുന്നത് അന്‍പത്തി രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ള ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി. ഇത് വെറുമൊരു വായനശാലയല്ല. അഞ്ഞൂറിലധികം യുവജനങ്ങളെ സര്‍ക്കാര്‍ ജോലിയിലേക്ക് കൈപിടിച്ച് എത്തിച്ച സ്ഥാപനം. ഇതിന്റെ സര്‍വതുമാണ് രാജന്‍. ലാഭം മോഹിക്കാത്ത, സ്നേഹം വാരിക്കോരി നല്‍കുന്ന പ്രിയപ്പെട്ട ഗുരുനാഥന്‍. 

വീട്ടമ്മമാരുണ്ട്. കോളജില്‍ പഠിക്കുന്നവരുണ്ട്. കൂലിപ്പണിക്കാരുണ്ട്. ഒരു രൂപ പോലും ചെലവില്ലാതെ ഇവര്‍ക്ക് ഇവിടെ വന്ന് പഠിക്കാം. ആത്മവിശ്വാസത്തോടെ പഠിച്ച് മുന്നേറാന്‍ അന്‍പത് വര്‍ഷത്തെ രാജന്‍ മാഷിന്റെ അധ്യാപന പരിചയം മുതല്‍ക്കൂട്ടാവും. കുട്ടികളുടെ സംശയങ്ങളാണ് ഈ അധ്യാപകന്റെ ഊര്‍ജം. കണക്കുകളിലെ കൂട്ടലും കിഴിക്കലും തന്റെ പ്രായം കുറച്ച് മികവ് കൂട്ടുമെന്ന് രാജന്റെ അനുഭവം. തനി നാട്ടിന്‍പുറത്തെ നന്മയുള്ള കാഴ്ചകള്‍ ഇങ്ങനെ തുടരും ഇനിയുമേറെ. 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.