vayasinazhaku-hd

അൻപതാണ്ടിന്റെ പുഴയനുഭവങ്ങളുമായി ഒരു കടത്തുകാരൻ. കോതമംഗലം ചേലാട് കുഴികണ്ടത്തിൽ ബേബി എന്ന 66കാരൻ ആദ്യമായി തോണി തുഴയുന്നത് 14 വയസ്സുള്ളപ്പോഴാണ്. പാലങ്ങൾ വന്നിട്ടും യാത്രക്കാർ കുറഞ്ഞിട്ടും തൊഴിൽ ഉപേക്ഷിക്കാൻ ബേബി ചേട്ടൻ ഒരുക്കമല്ല. മൂവാറ്റുപുഴയാറിനെ ബേബി ചേട്ടനോളം മറ്റാർക്കും അറിയില്ലെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. 60കളിൽ അപ്പനൊപ്പം വള്ളി നിക്കറും ഇട്ട് ബേബിക്കുഞ്ഞ് എത്തിയപ്പോൾ ഈ പുഴ ഇങ്ങനയേ അല്ലായിരുന്നു. വർഷങ്ങൾ കടന്നുപോയി, പുഴ പിന്നെയും ഒഴുകി. 1974 ൽ പതിനാലാം വയസ്സിൽ അപ്പന്റെ പിൻഗാമിയായി പൊടിമീശക്കാരൻ ബേബി എത്തി. അന്നുമുതൽ ബേബിയുടെ പങ്കായത്തിനറിയാം പുഴയുടെ രഹസ്യങ്ങളും നിലമില്ലാ കയങ്ങളും.

കാളിയാർ  കോതമംഗലം തൊടുപുഴയാറുകൾ സംഗമിക്കുന്ന ത്രിവേണി സംഗമം ആണിത്. പൊതുമരാമത്ത് ഏറ്റെടുത്ത കടവിൽ പിഡബ്ല്യുഡിയുടെ കടത്തുകാരൻ ആയിട്ടായിരുന്നു ബേബിയുടെ നിയമനം. ചാലിക്കടവ് പാലം വന്നതോടെ യാത്രക്കാർ കുറഞ്ഞു, കടത്തു വെള്ളങ്ങൾ പിൻവലിച്ചു. 2013ൽ ബേബി പെൻഷൻ ആയെങ്കിലും കടത്തുകാരനായി തുടരാൻ നഗരസഭ അനുവദിക്കുകയായിരുന്നു, മാസം പതിനായിരം രൂപ ശമ്പളം എന്ന കരാറിൽ. 

എത്രയെത്ര മലവെള്ളപ്പാച്ചിലുകൾ, കൂടെ മഹാപ്രളയവും. എങ്കിലും ഒരിക്കൽപോലും പുഴ തന്നെ ചതിച്ചിട്ടില്ല എന്ന് ഉറപ്പിച്ചുപറയും ബേബി ചേട്ടൻ. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറര വരെയാണ് കടത്ത് സമയം. അവധിയെടുക്കാറേയില്ല. ഇടയ്ക്ക് പുഴ കാണാൻ എത്തുന്ന വിനോദസഞ്ചാരികളും ഉണ്ടാകും.  യാത്രക്കാരില്ലാതെ, കടവിൽ വള്ളവും കെട്ടിയിട്ട് ഒറ്റയ്ക്കിരിക്കുമ്പോൾ എന്തൊക്കെയായിരിക്കും ബേബി ചേട്ടൻ ഓർക്കുന്നുണ്ടാവുക? അന്നത്തെ 14 കാരനും ഇന്നത്തെ 66കാരനും ഒരു വള്ളപ്പാട് അകലെ മാത്രം ഇരുന്ന് സംസാരിക്കുന്നത് നടുവിലൂടെ ഒഴുകുന്ന പുഴയെ പറ്റി ആയിരിക്കാം അല്ലേ? ഈ മനുഷ്യന്റെ ജീവചരിത്രത്തിൽ പുഴയെക്കുറിച്ച് ആയിരിക്കാം അധികവും എഴുതേണ്ടി വരിക.  പുഴ ഇങ്ങനെ ഒഴുകി കൊണ്ടേയിരിക്കും. യാത്രക്കാരും മാറും. പുഴയോര്‍മകളുമായി പുഴ വിശേഷങ്ങളുമായി ബേബി ചേട്ടനും വള്ളവും ഇതുപോലെ ഇവിടെ തന്നെ ഉണ്ടാകും. 

Kothamangalam Baby story