ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സാ വിവാദം പ്രചാരണായുധമാക്കാനുള്ള നീക്കമുപേക്ഷിച്ച് സി.പി.എം. ചികില്‍സാ വിവാദം ഉയര്‍ത്തി പുതുപ്പള്ളിയില്‍ മുതലെടുപ്പിനില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുടുംബത്തെയോ കുടുംബത്തിന്റെ ഭാഗമായുള്ള വൈകാരികതയെയോ ഒന്നും ആയുധമായി സ്വീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നത്. മറ്റുള്ളവയിലേക്കൊന്നും പോകേണ്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉമ്മന്‍ ചാണ്ടിയെ പുണ്യാളനാക്കണമെന്ന് പറഞ്ഞ സതീശനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി രൂക്ഷവിമര്‍ശനവും ഉന്നയിച്ചു. ഒരു കോണ്‍ഗ്രസ് നേതാവ് മറ്റൊരു നേതാവിനെ കുറിച്ച് അത്തരത്തില്‍ പരാമര്‍ശിക്കുന്നതിലെ മൂല്യച്യുതിയാണ് പരിഗണിക്കേണ്ടതെന്നും അതൊക്കെ വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ചികില്‍സാ– വിശുദ്ധൻ വിവാദങ്ങളിലേക്ക് പ്രചാരണം വഴിതിരിച്ചുവിട്ട സിപിഎം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാറിനെ തിരുത്തുകയാണ് പാർട്ടി. വ്യക്തിപരമായ അക്രമണങ്ങൾ വിപരീതഫലമുണ്ടാക്കുമെന്ന് പാർട്ടിവിലയിരുത്തുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അടുത്തകാലത്ത് പാർട്ടിക്ക് കൈപ്പൊളി. ഇത്കണക്കിലെടുത്താണ് വിവാദങ്ങൾ അനാവശ്യമെന്ന് പാർട്ടി സെക്രട്ടറിയുടെ തുറന്നു പറച്ചിൽ. ആരോപണങ്ങളിൽ നിന്ന് പിന്മാറുന്നതായി കെ.അനിൽകുമാറും പ്രതികരിച്ചു. മണ്ഡല വികസനം അജണ്ടയാക്കുമെന്നും തിരുത്തി. അതേസമയം ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിച്ചത് നിർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് കെ.സി ജോസഫ് പ്രതികരിച്ചു. സോളർ വിഷയവും ഉമ്മൻചാണ്ടിക്കെതിരായ സമരങ്ങളും യുഡിഎഫ് ആയുധമാക്കിയാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് സിപിഎം തീരുമാനം.
MV Govindan on CPM's stand on puthuppally byelection