people-queue-up-to-donate-b

രക്തദാനത്തിന് ആശുപത്രികളിലേയ്ക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് പേര്‍. രക്ഷാദൗത്യത്തിന് കൈമെയ് മറന്ന് മണിക്കൂറുകള്‍ പ്രയത്നിച്ചവര്‍. ഒഡീഷയിലെ സാധാരണക്കാരുടെ മനസിലെ നന്മയുടെയും ഭരണമികവിന്‍റെയും കാഴ്ച്ചകള്‍ക്കും ബാലസോറിലുണ്ടായ ദുരന്തത്തിന് പിന്നാലെ രാജ്യം സാക്ഷിയായി. രാജ്യം നടുങ്ങിയ നിമിഷത്തിന് പിന്നാലെ ഒഡീഷ കാണിച്ച നല്ല മനസിന്‍റെ ഉദാഹരണമായി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത ആ ചിത്രം. രക്ഷാദൗത്യം ആരംഭിച്ച ഉടന്‍ തന്നെ രക്തം ദാനം ചെയ്യാന്‍ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍. ആരുെടയും ആഹ്വാനങ്ങള്‍ക്കോ, അഭ്യര്‍ഥനകള്‍ക്കോ കാത്തുനില്‍ക്കാതെയാണ് എത്തിയവര്‍. ഏറെയും യുവാക്കള്‍. ഇന്നലെ രാത്രി മുതല്‍ 3000ത്തിലധികം യൂണിറ്റ് രക്തം ശേഖരിച്ചതായി അധികൃതര്‍. 

 

പ്രകൃതിദുരന്തങ്ങള്‍‌ മികച്ച രീതിയില്‍ നേരിടുന്ന ഒഡീഷയുെട അനുഭവസമ്പത്ത് രക്ഷാദൗത്യത്തില്‍ പ്രകടമായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും നാട്ടുകാര്‍ മുന്നിലുണ്ടായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യാത്രക്കാര്‍ ഇത് ശരിവയ്ക്കുന്നു. നവീന്‍ പട്നായിക് സര്‍ക്കാര്‍ പിഴവില്ലാതെ കാര്യങ്ങള്‍ ഏകോപിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ കിടക്കള്‍ ഉറപ്പാക്കി. 200 ആംബുലന്‍സുകള്‍, 45 മൊബൈല്‍ ഹെല്‍ത്ത് സംഘങ്ങള്‍ തുടങ്ങിയവ അപകടമേഖലയില്‍ വിന്യസിച്ച്  മികവുറ്റ ദുരന്തനിവാരണ സംവിധാനവുമായി ഒഡീഷ സര്‍ക്കാര്‍ മുന്നിട്ടുനിന്നു.  

 

 

Odisha Train Crash: People Queue Up To Donate Blood To Those Injured