nattu

TOPICS COVERED

വ്യത്യസ്ത ആശയങ്ങളുമായി മൂന്ന് പ്രാദേശിക സര്‍ക്കാരുകള്‍ ഇക്കൊല്ലത്തെ മനോരമ ന്യൂസ് നാട്ടുസൂത്രം പുരസ്കാര ജേതാക്കളായി. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത പരിപാടിയില്‍ ജേതാക്കള്‍ക്ക് ഒരു ലക്ഷം രൂപയും നാട്ടുസൂത്രം ഫലകവും സമ്മാനിച്ചു.

നിര്‍ധനര്‍ക്ക് സൗജന്യമായി വഴിയൊരുക്കുന്ന കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഒരു ഓട്ടോ പദ്ധതി, പൈതൃക കലകളെ സംരക്ഷിക്കാന്‍ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് നടപ്പാക്കിയ സണ്‍ഡേ പ്ലാറ്റ് ഫോം, സാമ്പത്തിക പ്രയാസം മൂലം ചികിത്സയും തെറപ്പികളും നടക്കാതെ പോവുന്നവർക്ക് താങ്ങാകുന്ന മലപ്പുറം വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ കെയേഴ്‌സ് യു എയ്ഞ്ചൽസ് പദ്ധതി. മനോരമ ന്യൂസ് നാട്ടുസൂത്രം സീസണ്‍ 4ല്‌  ജൂറി തിരഞ്ഞെടുത്തത് ഈ പദ്ധതികള്‍.

പ്രേക്ഷക പിന്തുണയോടെ കണ്ടെത്തിയ  ആശയങ്ങളില്‍ നിന്ന് 13 എണ്ണമാണ് ഫൈനല്‍ റൗണ്ടില്‍ എത്തിയത്. അതില്‍ നിന്നാണ് മൂന്നെണ്ണം പുരസ്കാര നേട്ടത്തിലെത്തിയത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഈ ഉദ്യമത്തില്‍ മനോരമ ന്യൂസിനൊപ്പം കൈകോര്‍ത്തു.

മികച്ച ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രേക്ഷകര്‍ക്കും മനോരമ ന്യൂസ് അവസരമൊരുക്കി. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേര്‍ക്ക് ഇരുപത്തിയയ്യായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നല്‍കി.  തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഒരു മാസത്തിലധികം നീണ്ട നാട്ടൂസൂത്രം പരിസമാപ്തിയാകുന്നത് .

ENGLISH SUMMARY:

Manorama News Naattusootram awards 2024 honors three innovative local government initiatives in Kerala for exceptional community service and development. The grand finale celebrated inspiring welfare projects including free transportation, heritage art preservation, and medical support for the needy.