nikhila-vimal

മലയാള സിനിമയോട് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങള്‍ക്കുണ്ടായിരുന്ന കാഴ്ചപ്പാട് മാറിയെന്ന് നടി നിഖില വിമല്‍. അന്യഭാഷകളില്‍ താന്‍ ആദ്യമൊക്കെ അഭിനയിക്കാനെത്തുമ്പോള്‍ കുറച്ചൊക്കെ അഡല്‍ട് കണ്ടന്‍റുള്ള സിനിമകളെന്ന തരത്തിലുള്ള സമീപനമാണ്  കേട്ടതെന്നും അങ്ങനെയല്ലെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും നിഖില മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. അത്തരമൊരു സമീപനം ഇന്ന് മാറി. മികച്ച അംഗീകാരം സാധാരണ പ്രേക്ഷകരില്‍ നിന്നുപോലും ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു. പാന്‍ ഇന്ത്യ എന്ന പേരില്‍ സിനിമ എടുക്കാന്‍ സാധിക്കില്ല. ഇന്ത്യയില്‍ എല്ലായിടത്തും ആളുകള്‍ കണ്ട് ഇഷ്ടപ്പെടുമ്പോഴാണ് അത് 'പാന്‍ ഇന്ത്യന്‍'ആകുന്നത്. ബാഹുബലിയുടെ സ്വീകാര്യതയില്‍ നിന്നും പ്രചോദനമുണ്ടായ ശേഷം ആര്‍ആര്‍ആര്‍ രാജമൗലിയെടുക്കുമ്പോഴാണ് എല്ലാവരും പോയി കാണണമെന്ന് കരുതുന്നതുതെന്നും ജൂഡിനും ബേസിലിനും ഒപ്പം പങ്കെടുത്ത ചര്‍ച്ചയില്‍ നിഖില വ്യക്തമാക്കി. 

മലയാളി പ്രേക്ഷകന്‍റെ കാഴ്ചപ്പാടില്‍ തമിഴിലും തെലുങ്കിലും മാസ് എലമെന്‍റ്സ് അംഗീകരിക്കാന്‍ സാധിക്കും. എന്നാല്‍ നമ്മുടെ സിനിമകളില്‍ അത് എടുത്താല്‍ തമാശയായി മാറുമെന്നും വിജയിക്കണമെന്നില്ലെന്നും നിഖില പറഞ്ഞു. എല്ലാ സിനിമയും വിജയിക്കും എന്നു കരുതി ചെയ്യാന്‍ പറ്റില്ല. ചര്‍ച്ച വരുമ്പോള്‍ മാത്രമാണ് ഒടിടി അല്ലെങ്കില്‍ തിയറ്റര്‍ എന്ന് ചിന്തിക്കുന്നത്. നായികമാരുടെ സിനിമ വരുമ്പോള്‍ ഇത് നിങ്ങളുടെ തിരിച്ചുവരവ് സിനിമയാണെന്ന് പറയും. ഭാഗ്യമാണ് സിനിമ നന്നായി ഓടുന്നതെന്ന് പറയും. ഒരു സിനിമ ഓടിയില്ലെങ്കില്‍ ഭാഗ്യം പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കാഴ്ചക്കാരന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ കുടുംബമായി വന്ന് സിനിമ കണ്ടുപോകാന്‍ രണ്ടായിരം രൂപയോളമാകുന്നുണ്ട്. അങ്ങനെ പണം മുടക്കി സിനിമ കാണാനെത്തുമ്പോള്‍ പലപ്പോഴും നിരാശപ്പെടേണ്ടി വരാറുണ്ട്. കേരളത്തില്‍ നിരവധി തിയറ്ററുകളുണ്ട്. അതില്‍ വിരലില്‍ എണ്ണാവുന്ന തിയറ്ററുകളില്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന ഗുണമേന്‍മയില്‍ സിനിമ കാണാന്‍ കഴിയുന്നത്. അരവിന്ദന്‍റെ അതിഥികള്‍ റിലീസ് ചെയ്ച ശേഷം നടത്തിയ തിയറ്റര്‍ സന്ദര്‍ശനത്തില്‍ ഇത് അനുഭവപ്പെട്ടു. എടുക്കുന്ന ഗുണമേന്‍മയോടെ പ്രേക്ഷകരിലേക്ക് സിനിമ എത്തുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. തിയറ്റുകളില്‍ ശബ്ദം കുറയ്ക്കുകയും എസി ഓഫ് ചെയ്യുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുമ്പോള്‍ വീട്ടിലെ സ്പീക്കറില്‍ ഇതിലും ശബ്ദത്തില്‍ കേള്‍ക്കാനാകുമല്ലോ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചാല്‍ തെറ്റുപറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞു. 

സിനിമയെ  സിനിമാ പ്രവര്‍ത്തകര്‍ വലിയ ബിസിനസായാണ് കാണുന്നത്. പ്രേക്ഷകനെ സംബന്ധിച്ച് അത് തികച്ചും എന്‍റര്‍ടെയിന്‍മെന്‍റാണ്. ഇറങ്ങുന്ന എല്ലാ സിനിമകളും ആളുകള്‍ കാണുന്നുണ്ട്. തിയറ്ററില്‍ കാണാത്തവര്‍ ഒടിടിയില്‍ കാണുന്നുണ്ട്. പ്രേക്ഷകനെ ബഹുമാനിക്കേണ്ടതുണ്ടെന്നും അവര്‍ക്ക് വേണ്ട ദൃശ്യാനുഭവം നല്‍കാന്‍ കഴിയണമെന്നും അവര്‍ വ്യക്തമാക്കി.

Manorama News Conclave: Nikhila Vimal on Malayalam Movies

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.