Pre-Poll-Abdusamad-Samadani-845

പതിനേഴാം ലോക്സഭയുടെ പകുതി കാലയളവിൽ മാത്രമേ എംപിയായി ഇരിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും അബ്ദുസമദ് സമദാനിക്ക് മലപ്പുറത്ത് നല്ല പേരാണ്. എംപിയെന്ന നിലയില്‍ സമദാനിയുടെ പ്രകടനം മികച്ചതാണെന്ന് മനോരമന്യൂസ്-വിഎംആർ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സർവേയിൽ പങ്കെടുത്ത 75 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച പ്രകടനമെന്ന് 30.3 ശതമാനവും മികച്ചതെന്ന് 44.01 ശതമാനവും. 23.32 ശതമാനം പേർ ശരാശരി മാർക്ക് നൽകി. എംപിയെന്ന നിലയിൽ സമദാനിയുടേത് മോശം പ്രകടനമെന്ന് കരുതുന്നവർ നാമമാത്രമാണ്. 1.84 ശതമാനം. തീരെ മോശമെന്ന് അഭിപ്രായമുള്ളത് 0.53 ശതമാനത്തിന് മാത്രം.

പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മൽസരിച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അബ്ദുസമദ് സമദാനി മലപ്പുറത്തിന്റെ എംപി ആയത്. 2021 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ യുവനേതാവ് വി.പി.സാനുവിനെ 1,14,615 വോട്ടിന് തോൽപ്പിച്ച് സമദാനി ലോക്സഭയിൽ അരങ്ങേറ്റം കുറിച്ചു. നേരത്തേ രണ്ട് ടേമിലായി 12 വർഷം രാജ്യസഭാംഗവും 2011 മുതൽ 2016 വരെ നിയമസഭാംഗവുമായിരുന്നു.

ലോക്സഭയിലെ പ്രകടനം

പതിനേഴാം ലോക്സഭയിലെ പതിമൂന്നാം സമ്മേളനം വരെ അബ്ദുസമദ് സമദാനി 21 ചര്‍ച്ചകളില്‍ പങ്കെടുത്തു. 99 ചോദ്യങ്ങളുന്നയിച്ചു. 3 സ്പെഷൽ മെൻഷനുകൾ നടത്തി. സർക്കാർ അവതരിപ്പിച്ച വന്യജീവിസംരക്ഷണ ബില്ലിൽ ഭേദഗതി നിര്‍ദേശിച്ചു. ഇപ്പോൾ പാർലമെന്റിലെ ശാസ്ത്ര സാങ്കേതിക വനം പരിസ്ഥിതി സ്റ്റാൻഡിങ് കമ്മിറ്റി അംഗമാണ് ഈ അറുപത്തിനാലുകാരൻ.

Here is how voters of Malappuram constituency rates Abdussamad Samadani MP. Manorama News-VMR Mood of the State Survey result.