petrol-tax

വ്യാപക വിലക്കയറ്റത്തിന് വഴിവച്ച് സംസ്ഥാന ബജറ്റ്. ഏപ്രില്‍ മുതല്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടുരൂപ വീതം കൂടും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ നിരക്കില്‍ സാമൂഹ്യസുരക്ഷാ സെസ് ചുമത്തിയതാണ് കാരണം.  കേന്ദ്രസര്‍ക്കാര്‍ നികുതി കൂട്ടിയതാണ് ഇന്ധനവില വര്‍ധനയ്ക്ക് കാരണമെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയുന്ന ധനമന്ത്രി തന്നെ സംസ്ഥാനത്ത് നികുതി ചുമത്തിയതിനെതിരെ കനത്ത ജനരോഷമാണ് ഉയരുന്നത്. 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളില്‍ 40 രൂപയും കൂടും. ഫ്ലാറ്റുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കുമുള്ള മുദ്രവില 2 ശതമാനം കൂട്ടി. പ്രഖ്യാപനത്തിനു പിന്നാലെ സഭയില്‍ പ്രതിപക്ഷം ബഹളമുയര്‍ത്തി. 

രാഷ്ട്രീയ എതിര്‍പ്പ് മാത്രമല്ല, ജനരോഷവും കണക്കിലെടുക്കാതെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും മേല്‍ രണ്ടുരൂപ വീതം സാമൂഹ്യസുരക്ഷാ സെസ് ചുമത്തിയത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില്‍പന വിലയ്ക്ക് മേലാണ് സെസ് നിലവില്‍ വരുന്നത്. അതിനാല്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടുരൂപ വീതം കൂടും. പെട്രോളിന് തിരുവനന്തപുരത്ത് നിലവില്‍ ലീറ്ററിന് 107 രൂപ 71 പൈസയും ഡീസലിന് 96 രൂപ 50 പൈസയുമാണ് വില. നേരത്തെ തന്നെ പെട്രോളിനും ഡീസലിനും മേല്‍ ഒരുരൂപ റോഡ് സുരക്ഷാ സെസ് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. ഇന്നത്തെ നികുതി നിര്‍ദേശം കൂടി വന്നതോടെ ഇന്ധനത്തിന് മേല്‍ സംസ്ഥാനം പിരിക്കുന്ന ആകെ സെസ് മൂന്നുരൂപയായി ഉയരും. ഡീസലിന്‍റെ വിലയിലുണ്ടാകുന്ന വര്‍ധന ചരക്കുകൂലി കൂടുന്നതിനും അതുവഴി വ്യാപകമായ വിലക്കയറ്റത്തിനും ഇടയാക്കും.

ഇന്ധനവില കുതിച്ചുയര്‍ന്ന സമയത്ത് കേന്ദ്രസര്‍ക്കാരിനെയായിരുന്നു സംസ്ഥാനം കുറ്റപ്പെടുത്തിയിരുന്നത്. ജനരോഷമുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിലകുറച്ചപ്പോഴും സംസ്ഥാനം സ്വന്തം നിലയില്‍ നികുതി കുറച്ച് ജനങ്ങള്‍ക്ക് അശ്വാസം നല്‍കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്രം കുറച്ചതിന് ആനുപാതികമായുള്ള കുറവ് മാത്രമേ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചുള്ളു. അന്ന് മറ്റു പല സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ഇപ്പോള്‍ സ്വന്തം നിലയ്ക്ക് കേരളം ഇന്ധനനികുതി കൂട്ടിയത് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ബുദ്ധിമുട്ടും.

 

 

ഇന്ധനത്തിന് മാത്രമല്ല, മദ്യത്തിനും സംസ്ഥാനത്ത് വില കൂടും. വിദേശമദ്യത്തിന് 20 മുതല്‍ 40 രൂപ വരെയും സെസ് ചുമത്തി. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഫ്ളാറ്റുകളുടെയും അപ്പാര്‍ട്ട്മെന്‍റുകളുടെയും മുദ്രവില അഞ്ചില്‍ നിന്ന് ഏഴുശതമാനമാക്കി ഉയര്‍ത്തി. വാണിജ്യ–വ്യവസായ ആവശ്യത്തിനുള്ള വൈദ്യുതി തീരുവയും കൂട്ടി. ഏപ്രില്‍ ഒന്നുമുതലാകും എല്ലാ നിരക്കുകളും കൂടുന്നത്.  വ്യാപകമായി നികുതികളും ഫീസുകളും വര്‍ധിപ്പിച്ചപ്പോഴും ക്ഷേമപെന്‍ഷന്‍ തുക കൂട്ടാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തയ്യാറായില്ല.

 

പുതിയ നികുതി നിര്‍ദേശങ്ങള്‍ വഴി 2955 കോടിരൂപയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അധികമായി സമാഹരിക്കാന്‍ പോകുന്നത്. മദ്യത്തിന് രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് നിലവിലുള്ളത് കേരളത്തിലാണെന്ന വസ്തുതയും ധനമന്ത്രിയെ പിന്തിരിപ്പിച്ചില്ല. 500 മുതല്‍ 999 രൂപ വരെ വിലവരുന്ന വിദേശമദ്യത്തിന് കുപ്പിക്ക് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂട്ടിയത്.  സാധാരണക്കാരായ മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ജവാന് പോലും വില അറുനൂറ് രൂപയില്‍ കൂടുതലായതിനാല്‍ എല്ലാത്തരം വിദേശമദ്യത്തിനും വില കൂടുമെന്ന് ഉറപ്പായി. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് ഒറ്റയടിക്ക് കൂട്ടിയത്. മുന്‍ ബജറ്റുകളില്‍ പത്തുശതമാനം വച്ചായിരുന്നു കൂട്ടിയിരുന്നത്. ഇതോടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷന്‍ ഫീസും സ്വാഭാവികമായും ഉയരും.

 

ഫ്ളാറ്റുകളുടെയും അപ്പാര്‍ട്ട്മെന്‍റുകളുടെയും മുദ്രവില 5ല്‍ നിന്ന് ഏഴുശതമാനമായി ഉയര്‍ത്തി. കെട്ടിടനികുതി, കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ്, അപേക്ഷാ ഫീസ് എന്നിവയും കൂട്ടി. ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം വീടുണ്ടെങ്കില്‍ പ്രത്യേക നികുതി ഈടാക്കും. ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേക നികുതി ഈടാക്കും. മൈനിങ് ആന്‍ഡ് ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലിപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മൈനര്‍ ധാതുക്കളുടെ എല്ലാ മേഖലയിലും റോയല്‍റ്റി പരിഷ്കരിക്കും. നികുതിയിതര നിര്‍ദേശങ്ങളിലൂടെ 600 കോടിരൂപയാണ് അധികമായി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ പാറ, അനുബന്ധ ഉല്‍പന്നങ്ങളുടെ വിലയും കൂടും. 

 

പുതുതായി റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസ് കൂട്ടി. ഇരുചക്ര വാഹനങ്ങള്‍ക്ക് 100, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 200, മീഡിയം മോട്ടോര്‍വാഹനങ്ങള്‍ക്ക് 300, ഹെവി വാഹനങ്ങള്‍ക്ക് 500 രൂപവീതമാണ് കൂട്ടിയത്. കൂടാതെ പുതുതായി വാങ്ങുന്ന മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടുശതമാനം കൂട്ടി. മോട്ടോര്‍ കാറുകളുടെയും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും ഒറ്റത്തവണ നികുതി ഒരു ശതമാനം മുതല്‍ രണ്ടുശതമാനം വരെ കൂട്ടി. അഞ്ചുലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനവും അഞ്ചുമുതല്‍ 15 ലക്ഷം വരെ വിലയുള്ളവയ്ക്ക് രണ്ട് ശതമാനവുമാണ് വര്‍ധന. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വിഭാഗത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് കൂടുതല്‍ കാറുകളും വില്‍ക്കുന്നത്. ഇവയുടെ നികുതിയില്‍ 2 ശതമാനം വര്‍ധനയ്ക്ക് ബജറ്റ് തീരുമാനം ഇടയാക്കും. 

 

വാണിജ്യ–വ്യവസായമേഖലയിലെ വൈദ്യുതി തീരുവ അഞ്ചുശതമാനമാക്കി വര്‍ധിപ്പിച്ചത് ഈ മേഖലകളിലും തിരിച്ചടിയാണ്. സര്‍ക്കാര്‍ഭൂമിയുടെ പാട്ടവാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കാനുള്ള തീരുമാനവും സര്‍ക്കാരിന്‍റെ വരുമാനം കൂട്ടും. കോടതി ചെലവും ഉയരും. കോര്‍ട് ഫീ സ്റ്റാംപ് നിരക്ക് വര്‍ധിപ്പിക്കും. മാനനഷ്ടം, സിവില്‍ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ കോടതി ഫീസ് ക്ലെയിം തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്തി. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബുകളുടെയും ഇലക്ട്രിക് ടൂറിസ്റ്റ് ക്യാബുകളുടെയും ഒറ്റത്തവണ നികുതി വാഹനവിലയുടെ 5 ശതമാനമായി കുറച്ചതും, കോണ്‍ട്രാക്ട് – സ്റ്റേജ് ക്യാരേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചതും സറണ്ടര്‍ ഓഫ് ലീസ് ആധാരങ്ങളുടെ റജിസ്ട്രേഷന്‍ ഫീസ് 1000 രൂപയായി കുറച്ചതും മാത്രമായി ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍. 

 

Increased taxes on petrol, liquor and vehicles