ഡൽഹിയിലെ ഏകദേശം 50 ശതമാനം കെട്ടിടങ്ങളും അനധികൃത നിർമാണങ്ങളെന്ന് അൽഫോൻസ് കണ്ണന്താനം. ഇതിന് പ്രധാന കാരണം ഉദ്യോഗസ്ഥ അഴിമതിയാണെന്നും മുൻ കേന്ദ്രമന്ത്രിയും ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (DDA) മുൻ കമ്മിഷണറുമായ അൽഫോൻസ് കണ്ണന്താനം പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ ഡൽഹിയിൽ നടന്ന രണ്ട് വൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണന്താനത്തിന്റെ വിമർശനം. സാകേതിൽ കെട്ടിടം തകർന്നുവീണ് ആറുപേർ മരിക്കുകയും മാൾവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിക്കുകയും ചെയ്തിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കുമ്പോഴും കണ്ണിൽ പൊടിയിടാനുള്ള നടപടികൾ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് ആരോപണം.

സ്ഥലം കയ്യേറിയുള്ള ശേഷിക്കപ്പുറമുള്ള നിർമാണങ്ങൾ, കെട്ടിടങ്ങളുടെ ഘടനാപരമായ അപാകതകൾ, ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികളുടെ ഉപയോഗം എന്നിവയാണ് അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടി. എന്നാൽ, ഈ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം അഴിമതിക്കാരായ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരം കൈവശമുണ്ടായിട്ടും നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ കൈക്കൂലി വാങ്ങി മൗനം പാലിക്കുന്ന ഉദ്യോഗസ്ഥരും അവർക്ക് രാഷ്ട്രീയ പിന്തുണ നൽകുന്ന നേതാക്കളുമാണ് ഇത്തരം ദുരന്തങ്ങൾക്ക് ഉത്തരവാദികളെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. ഡിഡിഎ കമ്മിഷണറായിരിക്കെ ഡൽഹിയിൽ വ്യാപകമായ ഒഴിപ്പിക്കൽ, പൊളിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയ കണ്ണന്താനത്തിന് അന്ന് “ഡിമോളിഷൻ മാൻ” എന്ന വിശേഷണവും ലഭിച്ചിരുന്നു.

ENGLISH SUMMARY:

Delhi has a significant issue with illegal constructions, with approximately 50% of buildings reportedly violating regulations. Former Union Minister Alphons Kannanthanam attributes this widespread problem primarily to official corruption and inaction.