യോഗാസന വിഡിയോയിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി സംയുക്ത വർമ. പുഷ്അപ്പിൽ തുടങ്ങി, സാധാരണ ദണ്ഡ്, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് എന്നീ യോഗാസനങ്ങൾ ചെയ്യുന്ന വിഡിയോ നടി തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ കൃത്യതയോടെ സങ്കീർണമായ വിവിധ യോഗാസനങ്ങൾ അനായാസം ചെയ്യുന്ന സംയുക്തയെ വിഡിയോയിൽ കാണാം.
സംസ്ഥാന സർക്കാരിന്‍റെ എസ്ആർസി കമ്യുണിറ്റി യോഗ ഇൻസ്ട്രകടർ കോഴ്സ്, അഷ്ടാംഗ വിന്യാസത്തിലും മൈസൂർ ഹഠയോഗയിലും ടിടിസി കോഴ്സ് എന്നിവ പൂർത്തിയാക്കിയിട്ടുള്ള സംയുക്ത വർമ മികച്ച യോഗാഭ്യാസിയാണ്. യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ താരം ഇടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ പേരാണ് സംയുക്തയുടെ വിഡിയോ ലൈക്ക് ചെയ്തത്.
സംയുക്ത വർമയുടെ കുറിപ്പിന്‍റെ പൂർണ്ണരൂപം:
‘ഹഠയോഗ പ്രദീപിക, പതഞ്ജലി യോഗ സൂത്രങ്ങൾ തുടങ്ങിയ ക്ലാസിക്കൽ ഗ്രന്ഥങ്ങളിൽ കാണുന്ന പരമ്പരാഗത യോഗാസനങ്ങളല്ല. എന്നാൽ, ഇവ പരമ്പരാഗത അഖാഡകളിലും ദണ്ഡ്-ബൈട്ടക് അല്ലെങ്കിൽ അഷ്ടാംഗ അധിഷ്ഠിത സ്ട്രെങ്ത് യോഗ പോലുള്ള ചില ഡൈനാമിക് യോഗാ ശൈലികളിലും അഭ്യസിക്കപ്പെടുന്നു. എന്‍റെ ഡൈനാമിക് അഭ്യാസങ്ങളിൽ പ്രായത്തിന്‍റെ പരിമിതികളെയും സ്ത്രീ ശരീരത്തിലെ ആർത്തവ ചക്രത്തിന്‍റെ മാറ്റങ്ങളെയും ഞാൻ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ശ്രദ്ധയോടെയും ശ്വാസത്തിൽ ശ്രദ്ധിച്ചുകൊണ്ടുമുള്ള ഏതൊരു അഭ്യാസവും യോഗയുടെ ചൈതന്യമുള്ളതായി കണക്കാക്കാം.’