എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
40 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് വര്‍ധിക്കുന്നതായി യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) റിപ്പോര്‍ട്ട്. 2,660 യുവാക്കളിൽ നടത്തിയ പഠനത്തില്‍ ഉദ്ധാരണക്കുറവ് നേരിടുന്ന പുരുഷന്‍മാര്‍ 14.2% ആണ്. ഇവരില്‍ 11.3% പേർക്ക് നേരിയ ഉദ്ധാരണക്കുറവും 2.9% പേർക്ക് മിതമായതോ അല്ലെങ്കില്‍ കഠിനമോ ആയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി എന്‍ഐഎച്ച് പറയുന്നു.
പുതിയ തലമുറയില്‍, പ്രത്യേകിച്ച് യുവാക്കൾക്കിടയില്‍ വര്‍ധിച്ചുവരുന്ന പോണോഗ്രഫിയുടെ ഉയർന്ന ഉപഭോഗമാണ് ഇതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്‍ഐഎച്ച് പ്രസിദ്ധീകരിച്ച സമീപകാല പഠനത്തില്‍ 18 നും 35 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരിലെ ഉദ്ധാരണക്കുറവും പോണോഗ്രഫിയുടെ അമിത ഉപയോഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നുണ്ട്. ഉയർന്ന തോതിലുള്ള പോണോഗ്രഫിയുടെ ഉപയോഗം ഉദ്ധാരണക്കുറവിന് കാരണമാകുന്നെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേസമയം, സ്വയംഭോഗത്തിന് ഉദ്ധാരണക്കുറവുമായി ബന്ധമില്ലെന്നും പഠനം പറയുന്നു. ഉദ്ധാരണക്കുറവിന് കാരണമാകുന്ന വ്യത്യസ്ത ഘടകങ്ങളെക്കുറിച്ചും ഗവേഷകര്‍ പഠനം നടത്തുകയുണ്ടായി. ഇതില്‍ നിന്നും പ്രായവുമായി മാത്രം ബന്ധപ്പെട്ട അവസ്ഥയായി ഉദ്ധാരണക്കുറവിനെ കണക്കാക്കാനാകില്ലെന്നും മാനസിക, ജൈവ ഘടകങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.
എന്താണ് ഉദ്ധാരണക്കുറവ്?
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ലിംഗം ശരിയായി ഉദ്ധരിക്കാതെ വരികയോ ഉദ്ധാരണം ഏറെ നേരത്തേക്ക് നിലനിര്‍ത്താന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് ഉദ്ധാരണശേഷിക്കുറവ് (erectile dysfunction). വാര്‍ധക്യം, നാഡീവ്യൂഹസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയെല്ലാം ഇതിനു കാരണമാകാം. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതും ഉദ്ധാരണക്കുറവിന് കാരണമാകും. ഇടയ്ക്കിടെ ഉദ്ധാരണ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ആശങ്കാജനകമല്ല. എന്നാല്‍ വീണ്ടും വീണ്ടും വന്നാൽ അത് ആരോഗ്യത്തെയും ലൈംഗിക ശേഷിയെയും സാരമായി ബാധിക്കും.
മിക്ക കേസുകളിലും ഉദ്ധാരണക്കുറവ് ചികിത്സിക്കാവുന്നതാണ്. മാത്രമല്ല, ചികിത്സയ്ക്കൊപ്പം മികച്ച ജീവിതശൈലിയും വേണം. പതിവായി വ്യായാമം ചെയ്യുക, പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പ്രോട്ടീൻ ഇവ അടങ്ങിയ സമീകൃതഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, സമ്മർദം നിയന്ത്രിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക, കൃത്യമായ ഉറക്കം എന്നിവ വഴി മികച്ച ജീവിതരീതിയിലൂടെ ഉദ്ധാരണക്കുറവിനെ മറികടക്കാവുന്നതാണ്. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ചില രോഗങ്ങളും ഉദ്ധാരണക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്.