കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ യുവാക്കളും കൗമാരക്കാരും മടികാണിക്കുന്നുവെന്ന് ലൈംഗികാരോഗ്യവിദഗ്ധൻ. സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന തെറ്റായ വിവരങ്ങൾ കാരണമാണിതെന്നാണ് കണ്ടെത്തൽ. അയർലൻഡിലെ റൊട്ടുണ്ട ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രജിസ്ട്രാറായ ഡോ. റോണൻ ഡാലിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോണ്ടം ഉപയോഗം സമീപ വർഷങ്ങളിൽ കുറഞ്ഞുവെന്ന് ഡോ. ഡാലി പറഞ്ഞു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് 22 ശതമാനം യുവാക്കളും പറയുന്നു. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 2022ലെ റിപ്പോർട്ടിൽ കോണ്ടം ഉപയോഗിക്കാത്ത യുവാക്കളുടെ എണ്ണം 34 ശതമാനമായി വർധിച്ചു. ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് തങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന് പല യുവാക്കളും ആശങ്കപ്പെടുന്നുണ്ടെന്ന് ഡോ. ഡാലി പറയുന്നു. ഗർഭനിരോധന മാർഗ്ഗങ്ങൾ പ്രത്യുൽപാദനക്ഷമതയെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് പലരും 'അതേ' എന്നാണ് ഒരു പരിപാടിയിൽ മറുപടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.