പ്രതീകാത്മക ചിത്രം
ജോലിത്തിരക്കുകളെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് കിടക്കുമ്പോഴാണ് ഒട്ടുമിക്ക എല്ലാ ദമ്പതികളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറ്. ശരിക്കും ഇതാണോ ബന്ധപ്പെടാന്‍ ഏറ്റവും നല്ല സമയം? അല്ലെന്നാണ് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നത്. അത്താഴശേഷമുളള ലൈംഗികബന്ധം നിങ്ങളുടെ ലൈംഗിക സുഖത്തെയും സംതൃപ്തിയെയും സാരമായി ബാധിക്കുമെന്നാണ് ലേഖനം പറയുന്നത്. ഭക്ഷണത്തിന് ശേഷം ശരീരം ഏറ്റവുമധികം ശ്രദ്ധചെലുത്തുന്നത് ദഹനം എന്ന പ്രക്രിയയ്ക്കായാണ്. ഈ സമയം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ക്ഷീണം താല്‍പര്യക്കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം.
ദഹനം നടക്കുന്ന സമയത്ത് രക്തം പ്രധാനമായും നിങ്ങളുടെ ദഹന സംവിധാനത്തിലേക്കാണ് ഒഴുകുക. ഈ സമയത്ത് ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തില്ല. അതുകൊണ്ടു തന്നെ ശരിയായ ഉത്തേജനവും രതിമൂര്‍ച്ഛയും സംഭവിക്കില്ലെന്നാണ് ലേഖനം ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണശേഷം ശരീരത്തില്‍ ഇന്‍സുലിന്‍, സെറോടോണിന്‍ ഹോര്‍മോണ്‍ തോത് വര്‍ധിക്കുന്നത് ക്ഷീണത്തിന് കാരണമാകുകയും നിങ്ങളിലെ ഊര്‍ജ്ജത്തിന്റെ തോത് കുറയ്‌ക്കുകയും ചെയ്യും. ഇതും നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ അടുപ്പത്തെ ബാധിക്കും. വളരെ കട്ടിയുളള ആഹാരമാണ് കഴിച്ചതെങ്കില്‍ ഇതു ദഹിക്കാന്‍ ധാരാളം സമയം എടുത്തേക്കാം. അതുകൊണ്ടുതന്നെ ബന്ധപ്പെടുമ്പോള്‍ ഉറക്കം വരുന്നതുപോലെയോ ക്ഷീണമോ അനുഭവപ്പെട്ടേക്കാം. ഇത് ലൈംഗിക ബന്ധം തീര്‍ക്കും വിരസമാക്കും. ഭക്ഷണശേഷമുളള വയര്‍ കമ്പനവും ഗ്യാസ് പ്രശ്നങ്ങളും ലൈംഗിക ബന്ധം തീര്‍ത്തും അനാകര്‍ഷകമായി മാറ്റിയേക്കാമെന്നും ലേഖനം വ്യക്തമാക്കുന്നു.
ചെറുപ്പക്കാരെക്കാളേറെ മധ്യവയസ്കരെയാണ് ഈ പ്രശ്നം ഏറ്റവുമധികം ബാധിക്കാനിടയുളളത്. പ്രായം കൂടുമ്പോള്‍ ടെസ്‌റ്റോസ്‌റ്റെറോണ്‍, ഈസ്‌ട്രജന്‍ തോത് കുറയുന്നത് ലൈംഗിക താല്‍പര്യങ്ങള്‍ കുറയാന്‍ കാരണമാകാറുണ്ട്. അതിനോടൊപ്പം അത്താഴശേഷമുളള ബന്ധപ്പെടലുകൂടി ആകുമ്പോള്‍ ലൈംഗികബന്ധം ബോറാകുമെന്നാണ് ലേഖനം പറയുന്നത്. നമ്മുടെ ഊര്‍ജ്ജവും ഹോര്‍മോണ്‍ തോതും മൂഡുമൊക്കെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയമാണ് ലൈംഗികബന്ധത്തിന് ഉത്തമം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ഉചിതമായ സമയം എന്നുപറയുന്നത് വെളുപ്പിനെയും ദിവസത്തിന്‍റെ ആദ്യപകുതിയുമാണെന്ന് ലേഖനം വ്യക്തമാക്കുന്നു. ഇപ്പറഞ്ഞ സമയങ്ങള്‍ ലൈംഗിക ബന്ധത്തിനായി തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ലതെന്നും ലേഖനത്തില്‍ പറയുന്നു.
ഇനി ജോലിത്തിരക്കുകള്‍ മൂലം രാത്രി മാത്രമേ തങ്ങള്‍ക്ക് ബന്ധപ്പെടാനാകൂ എന്ന അവസ്ഥ നേരിടുന്നവര്‍ക്ക് മറ്റൊരു മാര്‍ഗം ലേഖനം മുന്നോട്ടുവയ്ക്കുന്നുണ്ട്. രാത്രി ലഘുഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. ദിവസവും വ്യായാമം ശീലമാക്കുക. ലൈംഗികബന്ധത്തിനിടെ ആലിംഗനം, ചുംബനം, മസാജുകള്‍ എന്നിവ ശീലമാക്കുക. ഇതെല്ലാം ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ ബന്ധപ്പെടലിന് സഹായകമാകുമെന്നും ലേഖനം വ്യക്തമാക്കുന്നു.