'വിശേഷമൊന്നും ആയില്ലേ'? 'ആര്‍ക്കാ കുഴപ്പം'? തുടങ്ങിയ ചോദ്യങ്ങള്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അഭിമുഖീകരിക്കാത്തവര്‍ കുറവാണ്. മാതാപിതാക്കളാകാനുള്ള തയാറെടുപ്പ് ദമ്പതികള്‍ തുടങ്ങുമ്പോള്‍ തന്നെ ആകുലതകളും നിരവധിയാണ്. ഗര്‍ഭധാരണത്തിനുള്ള തയാറെടുപ്പ് ആകാംക്ഷയും ആശങ്കയുമെല്ലാം നിറഞ്ഞ തീര്‍ത്തും വൈകാരികമായ ഒരു യാത്രയാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ച് പറയുന്നു. ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകളാണ് പലപ്പോഴും പ്രതീക്ഷിക്കുന്നത് പോലെയുള്ള ഗര്‍ഭധാരണത്തിന് തടസമാകുന്നത്. ഇത് കടുത്ത സമ്മര്‍ദത്തിനും നിരാശയ്ക്കും വഴിവയ്ക്കുകയും ചെയ്യും. പൊടിക്കൈകള്‍ കേട്ട് ഫാമിലി പ്ലാനിങ് നടത്തുന്നതിന് പകരം വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായം തേടുകയാണ് വേണ്ടെതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. ഗര്‍ഭധാരണത്തെ കുറിച്ച് സമൂഹത്തില്‍ നിരവധി അബദ്ധ ധാരണകളാണുള്ളത്.
ഗര്‍ഭം ധരിക്കാന്‍ എന്നും സെക്സ് ചെയ്യണോ? ഫെര്‍ട്ടൈല്‍ പിരീഡില്‍ വേണോ?
നവദമ്പതികള്‍ ഏറ്റവുമധികം കേള്‍ക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന ഉപദേശമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭധാരണത്തിന്, ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്ന സ്ത്രീയുടെ ശാരീരികാവസ്ഥയും ആര്‍ത്തവചക്രവും പ്രധാനമാണ്. എന്നാല്‍ ദിവസം രണ്ടുനേരം ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന തരത്തിലുള്ള ഉപദേശങ്ങള്‍ അബദ്ധമാണ്. ഓവുലേഷന്‍ സമയത്ത് പൂര്‍ണ സജ്ജമായ അണ്ഡം ഗര്‍ഭാശയത്തിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നു. 24 മണിക്കൂര്‍ നേരത്തേക്കാണ് ഇത് ബീജത്തെ സ്വീകരിക്കാന്‍ സുസജ്ജമായിക്കുക. അതേസമയം, ബീജത്തിന് 72 മണിക്കൂര്‍ വരെ പ്രത്യുല്‍പാദന പാതയില്‍ കഴിയാനുള്ള ശേഷിയുമുണ്ട്. ഇതിനര്‍ഥം ഫെര്‍ട്ടിലിറ്റി വിന്‍ഡോ പരിശോധിച്ച ശേഷം ദിവസത്തിലൊന്നോ,ഒന്നിടവിട്ട ദിവസങ്ങളിലോ വേണ്ട തയാറെടുപ്പുകള്‍ നടത്താമെന്നാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. അതിന് പകരം അധികം പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കില്ലെന്നും അതേസമയം, ദാമ്പത്യബന്ധത്തില്‍ അസ്വാരസ്യങ്ങളും സമ്മര്‍ദവും ഉടലെടുക്കാനും വൈകാരിക സ്വരച്ചേര്‍ച്ച നശിക്കാനും കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
ഒരു മണിക്കൂര്‍ വിശ്രമിക്കണോ?
ലൈംഗികബന്ധത്തിന് ശേഷം ബീജം അണ്ഡവുമായി സംയോജിക്കുന്നതിനായി ഒരു മണിക്കൂര്‍ സ്ത്രീ വിശ്രമിക്കണമെന്നതാണ് 'നാട്ടുകഥ'കളിലെ വിശ്വാസം.ശാസ്ത്രീയമായ അടിത്തറ തെല്ലും ഇല്ലാത്തതാണ് ഈ 'കിടപ്പ്' രീതിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബീജം പുറത്തേക്കൊഴുകിയാല്‍ ഗര്‍ഭധാരണം നടക്കില്ല?
ലൈംഗികബന്ധത്തിന് ശേഷം ബീജം കുറച്ചെങ്കിലും പുറത്തേക്കെത്തുക സ്വാഭാവികമാണ്. ലക്ഷ്യസ്ഥാനത്ത് ബീജമെത്തിയില്ല എന്ന് ഇതിന് അര്‍ഥമില്ല. ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം പാകമായ അണ്ഡവുമായി സംയോജിക്കുമെന്നും മറ്റ് ആശങ്കകള്‍ വേണ്ടെന്നതുമാണ് വസ്തുത.
ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കരുത്!
ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിച്ചാല്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ കുറയുമെന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. മൂത്രമൊഴിക്കല്‍ സ്വാഭാവിക പ്രക്രിയയാണ്. ഇത് ഗര്‍ഭധാരണത്തെ തടസപ്പെടുത്തുന്ന കാര്യമല്ല. അതേസമയം, ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നത് അണുബാധകളെ ചെറുക്കാന്‍ നല്ലതാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
ചില പ്രത്യേക പൊസിഷനുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കും?
ശാസ്ത്രീയമായി അടിത്തറയില്ലാത്തതാണ് ഈ വാദമെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. പൊസിഷനല്ല, ഫെര്‍ട്ടിലിറ്റി വിന്‍ഡോയാണ് ഗര്‍ഭധാരണത്തില്‍ പ്രധാനമെന്നും വ്യക്തികള്‍ക്ക് സൗകര്യപ്രദമായ പൊസിഷനുകളിലൂടെ സമ്മര്‍ദമില്ലാതെ ഇരിക്കുകയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
രാവിലെ വേണോ? അതോ രാത്രിയോ?
വസ്തുതാരഹിതമാണ് ഇത്തരം വിശ്വാസങ്ങളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാവിലെയോ, ഉച്ചയ്ക്കോ, രാത്രിയോ എപ്പോള്‍ ബന്ധപ്പെടുന്നുവെന്നതല്ല ഗര്‍ഭധാരണം നിശ്ചയിക്കുന്നത്. ഫെര്‍ട്ടിലിറ്റി സമയം കൃത്യമായി കണ്ടെത്തുകയാണ് വേണ്ടെന്ന് ഡോക്ടര്‍ രചിത വിശദീകരിക്കുന്നു. സാധാരണയായി അടുത്ത ആര്‍ത്തവത്തിന് 14 ദിവസം മുന്‍പാണ് ഓവുലേഷന്‍ ആരംഭിക്കുക. 28 ദിവസത്തെ ആര്‍ത്തവ ചക്രമുള്ള സ്ത്രീയില്‍ 14–ാം ദിവസമാകും ഓവുലേഷന്‍ ആരംഭിക്കുക. അതേസമയം 35 ദിവസത്തെ ആര്‍ത്തവചക്രമുള്ള സ്ത്രീയില്‍ 19–21 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാകും ഓവുലേഷനെന്നും അവര്‍ വിശദീകരിക്കുന്നു.
മാതാപിതാക്കളാകാനുള്ള തയ്യാറെടുപ്പ് ദമ്പതികളുടെ സ്വകാര്യ വിഷയമാണ്. സമൂഹത്തിന്‍റെ സമ്മര്‍ദങ്ങള്‍ ബാധിക്കാതെ കൃത്യമായ ആസൂത്രണവും വിദഗ്ധ ഡോക്ടര്‍മാരുടെ മാര്‍ഗ നിര്‍ദേശവമാണ് സ്വീകരിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.