Ai Generated Images
മനസിനും ശരീരത്തിനും ഊര്‍ജവും ഉന്മേഷവും പകരാന്‍ സെക്സിന് കഴിയും. മാനസിക സമ്മര്‍ദം അകറ്റാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സഹായിക്കും. പക്ഷേ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അണുബാധയും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. പലപ്പോഴും അണുബാധ സാരമായി ബാധിക്കപ്പെട്ടുകഴിഞ്ഞു മാത്രമേ രോഗബാധയേറ്റ വിവരം രോഗി തിരിച്ചറിയുന്നത്. ലൈംഗികാവയവങ്ങളില്‍ പുകച്ചില്‍, നീറ്റല്‍, ചൊറിച്ചില്‍ ഇതെല്ലാം അണുബാധയുടെ ആദ്യ ലക്ഷണങ്ങളായി കണ്ടേയ്ക്കാം. വേണ്ടത്ര സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അണുബാധയ്ക്കുള്ള സാഹചര്യം കൂടുതലാണ്. ഇത്തരം അണുബാധകളെ നേരത്തെ കണ്ടെത്താനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ഇടയ്ക്കിടയ്ക്കുളള പരിശോധനകള്‍ സഹായിക്കും.
വൈറസ്, ബാക്ടീരിയകള്‍, പാരസൈറ്റുകള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധ/എസ്ഐടികള്‍ സാധാരണഗതിയില്‍ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുക. വജൈനല്‍, ഏനല്‍, ഓറല്‍ സെക്‌സിലെല്ലാം ഈ എസ്‌ടിഐ സാധ്യതയുണ്ട്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പ്രസവ സമയത്തും, അണുബാധയുളള വ്യക്തിയുടെ രക്തം സ്വീകരിക്കുന്നതിലൂടെയും, ഉപയോഗിച്ച സൂചി വീണ്ടും ഉപയോഗിക്കുന്നതിലൂടെയുമെല്ലാം എസ്ഐടികള്‍ പടരാമെന്നും ആരോഗ്യവിധഗ്ദര്‍ പറയുന്നു. സാധാരണയായി കാണപ്പെടുന്ന എസ്‌ടിഐകള്‍ ഗൊണേറിയ, സിഫിലിസ്, ക്ലമെഡിയ, എച്ച്‌ഐവി, എച്ച്‌പിവി, ട്രിക്കോമോണിയാസിസ് എന്നിവയാണ്. ഇവ കണ്ടെത്താനുളള പരിശോധനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഗൊണേറിയ
നെസ്സേരിയ ഗൊണേറിയ എന്ന ബാക്ടീരിയയാണ് ഗൊണേറിയ അണുബാധ വരുത്തുന്നത്. മൂത്ര പരിശോധനയിലൂടെയും ലൈംഗിക അവയവങ്ങള്‍, തൊണ്ട, മലാശയം എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന സ്വാബിന്‍റെ പരിശോധനയിലൂടെയും രോഗനിര്‍ണയം നടത്താം. മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനിയില്‍ നിന്ന് മഞ്ഞ, പച്ച എന്നീ നിറങ്ങളില്‍ സ്രവം വരിക, തൊണ്ട വേദന, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍.
ക്ലമെഡിയ
ക്ലമെഡിയ ട്രക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ് ക്ലമെഡിയ എന്ന ലൈംഗികരോഗത്തിന് കാരണം. മൂത്രപരിശോധനയിലൂടെയും ലൈംഗിക അവയവങ്ങളില്‍ നിന്നെടുക്കുന്ന സ്വാബിന്‍റെ പരിശോധനയിലൂടെയും രോഗം കണ്ടെത്താം. യോനിയില്‍ നിന്ന് അസാധാരണ സ്രവങ്ങള്‍, മൂത്രമൊഴിക്കുമ്പോള്‍ ചൊറിച്ചിലും പുകച്ചിലും, അടിവയറ്റില്‍ വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ യാതൊരു വിധ ലക്ഷണങ്ങളും പ്രകടമായില്ലെന്നും വരാം.
എച്ച്‌ഐവി
രക്തപരിശോധനയാണ് സാധാരണഗതിയില്‍ എച്ച്‌ഐവി തിരിച്ചറിയാന്‍ ഉപയോഗിക്കാറ്. രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നതിനൊപ്പം ഭാരനഷ്ടവും പ്രകടമായേക്കാം. പനി, വീര്‍ത്ത ഗ്രന്ഥികള്‍, ക്ഷീണം, വയറിളക്കം, ചര്‍മരോഗങ്ങള്‍ എന്നിവയെല്ലാം എച്ച്ഐവിയുടെ ലക്ഷണങ്ങളാണ്. ചിലപ്പോള്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും പുറത്ത് കാണാതെയും ഇരിക്കാം.
സിഫിലിസ്
ട്രെപോണെമ പല്ലിഡം എന്ന ബാക്ടീരിയയാണ് സിഫിലിസിന് കാരണം. രക്തപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുക. വേദനയില്ലാത്ത പുണ്ണുകള്‍, കൈ, കാല്‍പാദങ്ങളില്‍ തിണര്‍പ്പുകള്‍, പനി പോലുള്ള ലക്ഷണങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
ട്രിക്കോമോണിയാസിസ്
ട്രിക്കോമോണാസ് വജൈനാലിസ് പാരസൈറ്റ് മൂലമാണ് ട്രിക്കോമോണിയാസിസ് എന്ന രോഗം പിടിപെടുന്നത്. യോനിയില്‍ നിന്നുള്ള സ്വാബോ, മൂത്രമോ പരിശോധിച്ച് ഈ പാരസൈറ്റിന്റെ സാന്നിധ്യം കണ്ടെത്താം.
എച്ച്‌പിവി
ഹ്യൂമന്‍ പാപിലോമ വൈറസാണ് എച്ച്പിവി എന്ന രോഗം വരുത്തുന്നത്. പാപ് സ്‌മിയര്‍ പരിശോധന, എച്ച്‌പിവി ഡിഎന്‍എ പരിശോധന, സെര്‍വിക്കല്‍ സ്വാബ് പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ലൈംഗികാവയവങ്ങളിലെ അരിമ്പാറയാണ് എച്ച്‌പിവിയുടെ മുഖ്യ ലക്ഷണം.