പ്രതീകാത്മക ചിത്രം (AI)
ദിവസത്തില്‍ അഞ്ചുപ്രാവശ്യത്തോളം രതിമൂര്‍ച്ഛ അനുഭവപ്പെടുന്ന അപൂര്‍വ രോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി യുവതി. ലൈംഗിക താല്‍പര്യമില്ലാതിരിക്കുന്ന സമയത്തും ശരീരത്തില്‍ ലൈംഗികോത്തേജനമുണ്ടാകുന്ന രോഗമായ പെര്‍സിസ്റ്റന്‍റ് ജെനൈറ്റല്‍ എറൗസല്‍ ഡിസോര്‍ഡര്‍ എന്ന അസുഖമാണ് 36കാരിയെ ബാധിച്ചിരിക്കുന്നത്. വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളില്‍ ഈ അസുഖം കണ്ടുവരുന്നത്. അസുഖം ബാധിച്ചതോടെ ജീവിതം വളരെ ദുസ്സഹമായി മാറിയെന്ന് എമിലി മക്മോഹന്‍ എന്ന യുവതി പറയുന്നു.
അപ്രതീക്ഷിതമായി ലൈംഗികോത്തേജനം സംഭവിക്കുന്നതോടെ അടിവയറില്‍ കടുത്ത വേദനയുണ്ടാകുന്നുവെന്നും മാനസികമായും ശാരീരികമായും താന്‍ തകര്‍ന്ന അവസ്ഥയിലാണെന്നും യുവതി പറയുന്നു. 'ദിവസം അഞ്ച് തവണ ഓര്‍ഗാസമെന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തമാശ ആയിരിക്കാം. പക്ഷേ എനിക്ക് കടുത്ത വേദനയാണ്. ഒരിക്കല്‍ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുമ്പോളും, മറ്റൊരിക്കല്‍ ഷോപ്പിങിനിടയിലും എനിക്ക് ബുദ്ധിമുട്ടുണ്ടായി. ആളുകള്‍ അവജ്ഞയോടും മോശക്കാരിയെന്ന നിലയിലുമാണ് എന്നെ കണ്ടത്. ഞാന്‍ ആളുകളെ ലൈംഗികമായി വശീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് അവരില്‍ ചിലരെങ്കിലും കരുതി. പക്ഷേ ഇത് അതൊന്നുമല്ല, എന്‍റെ ശരീരത്തില്‍ ഈ അപൂര്‍വ അവസ്ഥയുള്ളത് കൊണ്ട് സംഭവിക്കുന്നതാണ്'- എമിലി പറയുന്നു.
എന്താണ് പെര്‍സിസ്റ്റന്‍റ് ജെനൈറ്റല്‍ എറൗസല്‍ ഡിസോര്‍ഡര്‍ ?
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നുവെന്നതില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ വൈദ്യശാസ്ത്രത്തിനും കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനനേന്ദ്രിയങ്ങളെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡികളില്‍ സംഭവിക്കുന്ന പാകപ്പിഴകളാണ് ഇത്തരം വിചിത്ര രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പൊതുവായ വിലയിരുത്തല്‍. ഈ അവസ്ഥ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ മരുന്ന് കഴിക്കുന്നതിലൂടെ രോഗത്തിന്‍റെ തീവ്രത കുറയ്ക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മെല്‍ബണ്‍ സ്വദേശിയായ എമിലി പതിവായി മരുന്ന് കഴിക്കുന്നുണ്ട്. ജീവിതകാലം മുഴുവന്‍ എമിലി ഈ മരുന്ന് തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ ചെയ്താല്‍ രോഗം ഒരുപക്ഷേ മാറിയേക്കാമെന്നും തകരാറിലായ നാഡിയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്താല്‍ സുഖം പ്രാപിച്ചേക്കാമെന്നും എമിലി പറയുന്നു. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. അമേരിക്കയില്‍ പോയി ശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തികമായ ശേഷി തനിക്കില്ലെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.
മരുന്ന് മുടങ്ങിയാല്‍ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങുമെന്നും ഒന്‍പത് വര്‍ഷം മുന്‍പാണ് തനിക്ക് ഈ രോഗാവസ്ഥ ആരംഭിച്ചതെന്നും എമിലി പറഞ്ഞു. എമിലിയുടെ ലൈംഗികാവയവത്തിനുള്ളില്‍ ഒരു മുഴയുണ്ടെന്നും അതാണ് അകാരണമായി രതിമൂര്‍ച്ഛയുണ്ടാക്കുന്നതെന്നുമായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ നാഡികളിലൊന്ന് തകരാറിലായിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. ഇതാണ് കടുത്ത വേദനയുണ്ടാക്കുന്നതെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
രോഗം ബാധിക്കുന്നവര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുമെങ്കിലും കഠിനമായ വേദനയുണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ എമിലിക്കൊരു പങ്കാളിയുണ്ട്. ഈ രോഗം പാരമ്പര്യമായി പകരാന്‍ സാധ്യതയുള്ളതിനാല്‍ മക്കള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് എമിലി വ്യക്തമാക്കുന്നു. അസുഖത്തെ കുറിച്ച് ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കുകയും പരിഹസിക്കുകയും ചെയ്തേക്കാം. പക്ഷേ ഇതെന്ന എത്രത്തോളം തകര്‍ത്തുവെന്ന് ആര്‍ക്കും മനസിലാകില്ല. ഇതൊരു രോഗാവസ്ഥ മാത്രമാണെന്ന് എന്നെ പറഞ്ഞു മനസിലാക്കാനാണ് ഞാന്‍ ഇപ്പോഴും ശ്രമിക്കുന്നത്. ഇത്തരം രോഗങ്ങളുള്ളവരെ ആളുകള്‍ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഇത്തരം രോഗമുള്ളവരെ സഹായിക്കാനുതകുന്ന പഠന ഗവേഷണങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും എമിലി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ ദുരിതമയമായ ജീവിതം ആരും അര്‍ഹിക്കുന്നില്ലെന്നും ആര്‍ക്കും ഇത്തരം രോഗം വരരുതെന്നാണ് തന്‍റെ പ്രാര്‍ഥനയെന്നും അവര്‍ പറയുന്നു.