ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരു മാസം പ്രായമായ കുഞ്ഞിന്‍റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് വളർച്ച പൂർത്തിയാകാത്ത രണ്ട് ഭ്രൂണങ്ങളെ. ഫീറ്റസ് ഇൻ ഫെറ്റു എന്നറിയപ്പെടുന്ന അപൂര്‍വ്വ അവസ്ഥയാണിത്. ആഗോള തലത്തില്‍ അഞ്ച് ലക്ഷം ജനനങ്ങളില്‍ ഒന്നില്‍ മാത്രമേ ഈ അവസ്ഥ കണ്ടുവരാറുള്ളൂ. എന്നാല്‍ ഇവിടെ നവജാതശിശുവിന്റെ ശരീരത്തിനുള്ളിൽ നിന്നും പരാസിറ്റിക് ഇരട്ടകളായ രണ്ട് ഭ്രൂണങ്ങളെയാണ് നീക്കം ചെയ്തത്. ലോകത്തില്‍ തന്നെ 35 തവണമാത്രമേ ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
കുഞ്ഞിന്റെ വയറു വീർത്തുകിടക്കുന്നതായും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും വേദനയും ആദ്യം ശ്രദ്ധിക്കുന്നത് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. സ്കാനിങ്ങിലാണ് കുഞ്ഞിന്‍റെ വയറിനുള്ളിൽ രണ്ട് വളർച്ച പൂർത്തിയാകാത്ത ഭ്രൂണങ്ങളെ കണ്ടെത്തുന്നത്. കുഞ്ഞിന്‍റെ വയറില്‍ നിന്ന് ഇവയെ സുരക്ഷിതമായി നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ കുട്ടി നിരീക്ഷണത്തില്‍ തന്നെ തുടരുകയാണ്. സുഖം പ്രാപിക്കുന്നതിന്‍റെ ലക്ഷണങ്ങളും കാണിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്താണ് ഫീറ്റസ് ഇൻ ഫെറ്റു?
ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ സംഭവിക്കുന്ന അപൂർവ വൈകല്യമാണ് ഫീറ്റസ് ഇൻ ഫെറ്റു, അഥവാ ഭ്രൂണത്തിലെ ഭ്രൂണം. ഏറ്റവും ലളിതമായി പറഞ്ഞാൽ, ഇരട്ട കുട്ടികള്‍ രൂപപ്പെടുന്നതിനിടെ ഒരു ഭ്രൂണത്തിന്റെ ഉള്ളിൽ മറ്റൊരു ഭ്രൂണം അകപ്പെട്ട് വളരുന്ന അവസ്ഥ. എന്നാല്‍ ഇത്തരത്തില്‍ കുടുങ്ങിപ്പോയ ഭ്രൂണത്തിന് സ്വതന്ത്രമായി വളരാന്‍ കഴിയില്ല, ഇതിന്റെ വളർച്ച പൂർണമാകുകയുമില്ല. ഇതിന് ഒരു ശിശുവിന്റെ രൂപവുമുണ്ടാകില്ല. ചിലപ്പോള്‍ അസ്ഥികൾ, കൈകാലുകൾ, അവയവങ്ങൾ തുടങ്ങി തിരിച്ചറിയാവുന്ന ചില ഘടനകള്‍ മാത്രമുണ്ടാകാം. പൊതുവേ ഒരു മാംസപിണ്ഡമായാണ് ഇത് വികസിക്കുക.
ഇത്തരം വളര്‍ച്ചകള്‍ കാന്‍സര്‍ അല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ട്. അതായത്, ഒരിക്കൽ നീക്കം ചെയ്താൽ വീണ്ടും രോഗം വരാനുള്ള സാധ്യത വളരെ കുറവാണ്. ഇവിടെ കുഞ്ഞ് ഗർഭം ധരിക്കുകയല്ല ചെയ്യുന്നത്. മാത്രമല്ല കുഞ്ഞിന്‍റെ വയറ്റില്‍ തന്നെയാകണമെന്നില്ല, ശരീരത്തിന്റെ എവിടെ വേണമെങ്കിലും ഉള്ളിൽ അകപ്പെട്ട ഭ്രൂണം വളരുന്ന അവസ്ഥയാണിത്.
ഈ അവസ്ഥയുള്ള ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശസ്ത്രക്രിയ നടത്തുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്. ഇത്രയും ചെറിയ നവജാതശിശുവിനെ വളരെ കൃത്യതയോടെ ശസ്ത്രക്രിയ നടത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല നവജാതശിശുക്കൾ ദുർബലരായതിനാല്‍ ശസ്ത്രക്രിയാനന്തര പരിചരണം വളരെ സൂക്ഷ്മമായിരിക്കുകയും വേണം.
ആഗോളതലത്തിൽ തന്നെ 300 ൽ താഴെ കേസുകൾ മാത്രമേ ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അവയിൽ മിക്കവയിലും ഒരു ഭ്രൂണം മാത്രമേ ഇത്തരത്തില്‍ കാണപ്പെടാറുമുള്ളൂ. എന്നാല്‍ ഈ കുഞ്ഞിന്റെ കാര്യത്തിൽ രണ്ട് ഭ്രൂണമുള്ളത് ഇതിനെ അപൂര്‍വ്വത്തില്‍ അപൂര്‍വമായ കേസാക്കി മാറ്റുന്നു.