ജിമ്മിൽ ഡെഡ് ലിഫ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി അമ്മ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശി ഓം ഭോയാറാണ് നഴ്സുകൂടിയായ അമ്മ ആരതി ഭോയാറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നത് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്ത് വീട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ ഓം കുഴഞ്ഞുവീണു. ഇതുകണ്ട ആരതി ശാരീരികാവസ്ഥ മനസിലാക്കി ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഓമിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
മണിക്കൂറുകളോളം വര്‍ക്ക് ഔട്ട് ചെയ്തതിന് ശേഷമായിരുന്നു ഓം ഭോയാർ ജിമ്മിൽ നിന്ന് തിരികെ എത്തിയത്. ജിമ്മിൽ ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നതിന്‍റെ റീലും യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ആരതി മകന് തലച്ചോറിൽ രക്തസ്രാവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇത്തരം, സാഹചര്യങ്ങളില്‍ ആദ്യത്തെ മൂന്നു മുതല്‍ നാല് മണിക്കൂറുകളെ നിർണായകമായ 'ഗോൾഡൻ അവര്‍’ എന്നാണ് പറയുന്നത്. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണിത്. ഇതുമനസിലാക്കിയുള്ള അമ്മയുടെ പ്രവൃത്തിയാണ് ഇവിടെ യുവാവിന്‍റെ ജീവന്‍ രക്ഷിച്ചത്. പരിശോധനയില്‍ യുവാവിന്‍റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ഇത് നീക്കം ചെയ്ത് തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുകയും ചെയ്തു. ഏപ്രിൽ 21 ന് ആശുപത്രി വിട്ട യുവാവ് ആരോഗ്യവാനാണ്.
ഒരാളുടെ ശാരീരിക ശേഷിക്ക് അപ്പുറമോ വിദഗ്ദ്ധ മേൽനോട്ടമില്ലാതെയോ അമിതമായി വ്യായാമം ചെയ്യുന്നതിന്‍റെ ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാട്ടുന്നതാണ് സംഭവമെന്ന് വിദഗ്ദര്‍ പറയുന്നു. ഇത്തരം പ്രവൃത്തികള്‍ തലച്ചോറിലെ രക്തക്കുഴൽ പൊട്ടി ചുറ്റുമുള്ള കലകളിലേക്ക് രക്തം ഒഴുകാൻ കാരണമാകുന്ന ഹെമറാജിക് സ്ട്രോക്കിന് കാരണമാകാം. തലച്ചോറും ശരീരഭാഗങ്ങളും തമ്മിലുള്ള ബന്ധവും ഇത് വിച്ഛേദിച്ചേക്കാം. ഇത് ബന്ധപ്പെട്ട ശരീരഭാഗങ്ങളുടെ പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. സമയബന്ധിതമായ ഇടപെടലിലൂടെയും ഉടന്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിലൂടെയും പക്ഷാഘാതം ഒഴിവാക്കാന്‍ സാധിക്കും.