AI Generated Images
ജിമ്മില്‍ വ്യയാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെയായി വര്‍ധിക്കുന്നുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് വ്യായാമമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ജിമ്മിൽ പോകുന്നതിനു മുമ്പ് നിങ്ങളുടെ നിലവിലെ ഹൃദയാരോഗ്യം വിലയിരുത്തുന്നത് നല്ലതാണ്.
പ്രമേഹം, രക്തസമ്മര്‍ദം, അല്ലെങ്കിൽ പ്രീ ഡയബറ്റിസ് പോലുള്ള രോഗങ്ങള്‍ തള്ളിക്കളയുന്നതിന് പകരം വിശദമായി ഒരു ഹൃദയ പരിശോധന നടത്തുന്നത് നല്ലതാണ്. ഇനി പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ വ്യായാമം ചെയ്യുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ഒരു ഹൃദ്രോഗ വിദഗ്ദ്ധനുമായി സംസാരിക്കുന്നതും നല്ലതായിരിക്കും. ജിമ്മില്‍ വ്യയാമം ചെയ്യുമ്പോള്‍ നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യത കൂടതലാണ്.
ജിമ്മില്‍ പോകുന്നതില്‍ അപകടസാധ്യതയുണ്ടെന്ന് ഡോക്ടര്‍ പറയുകയാണെങ്കില്‍ പകരമായി യോഗയോ, നടത്തമോ പറ്റുമോ എന്നും അന്വേഷിക്കാം. നിങ്ങൾ ആദ്യമായി ഒരു വ്യയാമം തുടങ്ങുകയാണെങ്കില്‍ അത് പതുക്കെ ആരംഭിക്കേണ്ടത് വളരെ പ്രധാനമാണ്. വ്യായാമ സമയത്തും ശേഷമുള്ള അവസ്ഥയുമായും പൊരുത്തപ്പെടാന്‍ ഹൃദയത്തിന് മതിയായ സമയം നല്‍കേണ്ടതുണ്ട്.
അമിത വ്യായാമം ഒഴിവാക്കുകയും മതിയായ ഇടവേളകള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ പ്രഥമശുശ്രൂഷ കിറ്റുകൾ പോലുള്ള ഉപകരണങ്ങൾ ജിമ്മിൽ ഉണ്ടെന്ന് ഉറപ്പാക്കുന്നതും നല്ലതാണ്.
വ്യായാമം ചെയ്യുന്നതിന് മുന്‍പ് വാംഅപ്പ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് നമ്മുടെ ശരീരം ചൂടാകാന്‍ സഹായിക്കുന്നു. ശരീരം ചൂടാകുംമ്പോള്‍ സ്വാഭാവികമായും പേശികള്‍ ചൂടാവുകയും വേണ്ടത്ര ഓക്സിജന്‍ ലഭിക്കുകയും ചെയ്യുന്നു. വ്യായാമത്തിന് മുന്‍പ് കൃത്യമായി വാംഅപ്പ് ചെയ്തില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
5 മുതല്‍ 10 മിനിറ്റെങ്കിലും വാംഅപ്പ് നിര്‍ബന്ധമായും ചെയ്തിരിക്കണം. ശരിയായി വാം അപ്പ് ചെയ്യാതെ വ്യായാമം തുടങ്ങുന്നത് പേശീവലിവ്, സന്ധിവേദന, ഹൃദയത്തിന് അമിതസമ്മർദം എന്നിവയ്ക്ക് കാരണമാകാം. ചൂടുള്ള ചുറ്റുപാടില്‍ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ കുറച്ച് കുറച്ചായി വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ശ്രദ്ധിക്കണം. വ്യായാമം ആരോഗ്യകരമായ ഒരു ശീലമാണ്. എന്നാൽ അത് സുരക്ഷിതമായി ചെയ്യേണ്ടത് വളരെ പ്രധാനമാണ്.