image Credit: RobShmerling (health.harvard.edu/blog)

ചുമ്മായിരിക്കുമ്പോഴും വിരസത മാറ്റാനും ടെന്‍ഷനടിക്കുമ്പോഴുമെല്ലാം കൈ വിരലുകളിലെ ഞൊട്ടയിടുന്നവരാണ്  പലരും. അറിഞ്ഞും അറിയാതെയും ഞൊട്ടയിടുന്നത് ശീലമായവരുമേറെയാണ്. എന്നാല്‍ ഇതത്ര നല്ല ശീലമല്ലെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിരലുകളുടെ സന്ധികള്‍ക്കുള്ളിലുള്ള ശ്ലേഷ്മദ്രവ (synovial fluid)ത്തിനിടയിലെ വായുവാണ് ഞൊടിക്കുമ്പോള്‍ ശബ്ദമുണ്ടാകാന്‍ കാരണം. എന്നാല്‍ ഈ ഞൊട്ടയിടല്‍ സന്ധിവാതത്തിന് കാരണമായേക്കാമെന്ന ആശങ്ക പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഞൊട്ടയിടല്‍ സന്ധിവാതത്തിന്‍റെ സാധ്യതയേറ്റുമെന്ന് തീര്‍ത്തും പറയാനാവില്ലെന്നും ഇത് തമ്മില്‍ പ്രത്യക്ഷബന്ധമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. സ്ഥിരമായി വിരലിലെ ഞൊട്ടയിടുന്നത് കൊണ്ട് അസ്വസ്ഥതയും നീര്‍ക്കെട്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഈ ശീലം ഉപേക്ഷിക്കണമെന്നും കൈകാലുകള്‍ക്ക് മതിയായ വ്യായാമം നല്‍കുകയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ആര്‍ത്രൈറ്റിസ് ആന്‍റ് റുമാറ്റോളജി മാസികയിലാണ് ആശങ്കയേറ്റുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഞൊട്ടയിട്ടാല്‍ സന്ധിവാതം വരുമോ? 

ഞൊട്ടയിടുന്നതോടെ സന്ധികളില്‍ പൊടുന്നനവേ നൈട്രജന്‍ സ്വതന്ത്രമാകുകയാണ് ചെയ്യുന്നത്.എല്ലുകളെ തമ്മില്‍ വേര്‍പെടുത്തി നിര്‍ത്തുന്നതിനും സുഗമമായ ചലനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ശ്ലേഷ്മദ്രവമാണ് ഞൊട്ടയായി കേള്‍ക്കുന്ന ശബ്ദത്തിന്‍റെ ഉറവിടമെന്ന് അസ്ഥിരോഗ വിദഗ്ധര്‍ പറയുന്നു. വിരലുകള്‍ ഞൊടിച്ചാല്‍ വാതം വരുമെന്ന് തീര്‍ത്ത് പറയാനാവില്ലെങ്കിലും പതിവായി ചെയ്താല്‍ കൈയുടെ 'ഗ്രിപ്പ്' നഷ്ടമാകുന്നതിനിടയാകും. ഇത് കൈയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ഇതിന് പുറമെ കൈവിരലുകള്‍ക്കുള്ളിലെ മൃദുകോശങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകും. ശക്തി പ്രയോഗിച്ച് ഞൊട്ടയിടുന്നതോടെ ചെറിയ നിര്‍ക്കെട്ടും അസ്വസ്ഥതയും ആദ്യം ഉണ്ടാകുമെന്നും ഇത് കൈവിരലുകളില്‍ വേദനയടക്കം ഉണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പതിവായാല്‍ വൈദ്യസഹായം അടിയന്തരമായി തേടുകയും മതിയായ ചികില്‍സ സ്വീകരിക്കുകയും വേണം. 

കൈകാല്‍ വിരലുകള്‍ക്കും സന്ധികള്‍ക്കും അനുയോജ്യമായ വ്യായാമം ശീലമാക്കുക, ശരീരഭാഗം ക്രമീകരിക്കുക, കീബോര്‍ഡുകള്‍ പതിവായി ഉപയോഗിക്കുന്നവര്‍ മതിയായ വിശ്രമം നല്‍കുക, അമിതഭാരം ഉയര്‍ത്താതിരിക്കുക എന്നിവയ്ക്കൊപ്പം ഭക്ഷണ ക്രമീകരണവും സന്ധിവാതത്തെ അകറ്റി നിര്‍ത്തുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ENGLISH SUMMARY:

Do you crack your knuckles often? While some see it as an unhealthy habit, many do it unconsciously or for relief. The popping sound comes from gas bubbles in the synovial fluid. But does it really cause arthritis?