stress-management-tips

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം പലപ്പോളും വില്ലനാകാറുണ്ട്. പഠനം, ജോലി, കുടുംബകാര്യങ്ങൾ, വ്യക്തിബന്ധങ്ങൾ തുടങ്ങി മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ കാരണങ്ങള്‍ പലതാണ്. വിട്ടൊഴിയാത്ത മാനസിക സമ്മർദ്ദം ഉറക്കം, ശ്രദ്ധ, മാനസികാവസ്ഥ, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെല്ലാം ബാധിക്കാം. സ്ട്രെസ് പൂർണമായി ഒഴിവാക്കാൻ കഴിയില്ലെങ്കിലും അത് ആരോഗ്യകരമായി കൈകാര്യം ചെയ്യാൻ ചില ലളിതമായ ശീലങ്ങൾ സഹായിക്കും.

നടക്കാം

ശാരീരികമായി സജീവമായിരിക്കുക എന്നത് പൊതുവായ ആരോഗ്യത്തിന് പ്രധാനമാണ്. ദിവസവും കുറച്ച് സമയം നടക്കുന്നത് ശരീരത്തെ സജീവമാക്കുന്നതിനൊപ്പം മനസ്സിനും ഒരു ഇടവേള നൽകും. പുറത്ത് നടക്കാൻ സാധിക്കാത്ത ദിവസങ്ങളിൽ വീട്ടിനുള്ളിലോ സുരക്ഷിതമായ മറ്റേതെങ്കിലും സ്ഥലത്തോ ലളിതമായി നടക്കാം. ദീർഘനേരം ഇരിക്കുന്നതിനുപകരം ഇടയ്ക്കിടെ ശരീരം ചലിപ്പിക്കുക എന്നതിനാണ് പ്രാധാന്യം.

ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം

സ്ട്രെസ് അനുഭവപ്പെടുന്ന സമയത്ത് കുറച്ച് നിമിഷം ശാന്തമായി ഇരുന്ന് ശ്വാസം പതുക്കെ ഉള്ളിലോട്ട് എടുത്ത് പുറത്തേക്ക് വിടാം. ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്ന ലളിതമായ മാർഗമാണ്. ഇതിനായി പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. ശാന്തമായ ഒരു സ്ഥലത്ത് കുറച്ച് സമയം മാറ്റിവെച്ചാൽ മതി.

ഉറക്കത്തിന് പ്രാധാന്യം

മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് മതിയായ ഉറക്കം പ്രധാനമാണ്. ഉറക്കസമയം ക്രമപ്പെടുത്തുകയും എല്ലാ ദിവസവും ഏകദേശം ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രമിക്കണം. ഉറങ്ങുന്നതിന് മുന്‍പ് ഫോൺ ഉൾപ്പെടെയുള്ള സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നതും ശാന്തമായ ബെഡ് ടൈം ശീലം പിന്തുടരുന്നതും നല്ല ശീലങ്ങളാണ്.

സ്ക്രീൻ ഉപയോഗത്തിനിടയിൽ ഇടവേള എടുക്കാം

ഫോൺ, കമ്പ്യൂട്ടർ, ടാബ് തുടങ്ങിയ ഉപകരണങ്ങളുടെ മുന്നിൽ ദീർഘനേരം ചെലവഴിക്കുന്നത് മനസ്സിന് ക്ഷീണം തോന്നാൻ ഇടയാക്കാം. അതുകൊണ്ട് പഠനത്തിനോ ജോലിക്കോ ഇടയിൽ ചെറിയ ഇടവേളകൾ എടുക്കുക. കുറച്ച് സമയം സ്ക്രീനിൽ നിന്ന് മാറിനിൽക്കുന്നതും മറ്റൊരു പ്രവർത്തനത്തിലേയ്ക്ക് ശ്രദ്ധ മാറ്റുന്നതും സഹായകരമാകും.

ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി സമയം മാറ്റിവെയ്ക്കാം

തിരക്കിനിടയിൽ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്തുന്നതും പ്രധാനമാണ്. പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, വരയ്ക്കുക, ചെടികളെ പരിപാലിക്കുക തുടങ്ങിയ ഹോബികൾക്ക് കുറച്ച് സമയം മാറ്റിവെയ്ക്കാം. ഇത്തരം പ്രവർത്തനങ്ങൾ ദിവസത്തിലെ തിരക്കിൽ നിന്ന് മനസ്സിന് ഒരു ചെറിയ ഇടവേള നൽകും.

 

ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകാം

 

ഒരേസമയം നിരവധി കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത് സമ്മർദ്ദം വർധിപ്പിക്കാം. അതിനുപകരം ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കി പ്രധാനപ്പെട്ടവയ്ക്ക് മുൻഗണന നൽകാം. വലിയ ജോലികളെ ചെറിയ ഘട്ടങ്ങളായി വിഭജിക്കുന്നതും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കും.

 

വിശ്വസിക്കുന്നവരോട് സംസാരിക്കാം

 

മനസ്സിലുള്ള ആശങ്കകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടതില്ല. വിശ്വസിക്കുന്ന സുഹൃത്തിനോടോ കുടുംബാംഗത്തോടോ സംസാരിക്കുന്നത് മനസ്സിലെ ഭാരമകറ്റാൻ സഹായിച്ചേക്കാം. ചിലപ്പോൾ പ്രശ്നത്തിന് ഉടൻ പരിഹാരം ലഭിക്കണമെന്നില്ല. എന്നാൽ മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് പറയുന്നത് തന്നെ ആശ്വാസം നൽകാം.

 

സ്ട്രെസ് കുറയ്ക്കാൻ ചെറിയ മാറ്റങ്ങൾ മതി

 

സ്ട്രെസ് ജീവിതത്തിൽ നിന്ന് പൂർണമായി ഒഴിവാക്കുക എന്നത് എല്ലായ്പ്പോഴും സാധ്യമല്ല. എന്നാൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നമ്മുടെ ജീവിതശൈലിയിൽ വലിയ മാറ്റമുണ്ടാക്കാം. കൃത്യമായ ഉറക്കം, സ്ഥിരമായ ശാരീരിക പ്രവർത്തനം, ആരോഗ്യകരമായ ഭക്ഷണശീലം, ഇടയ്ക്കുള്ള വിശ്രമം, ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി സമയം കണ്ടെത്തൽ, പ്രിയപ്പെട്ടവരുമായി സംസാരിക്കൽ തുടങ്ങിയ ചെറിയ ശീലങ്ങൾ ദിവസേനയുടെ ജീവിതത്തിൽ ഉൾപ്പെടുത്താം.

Effective Stress Management Techniques:

Stress management involves incorporating simple habits into your daily routine to cope with the inevitable pressures of life. By prioritizing adequate sleep, physical activity, and mindful relaxation, individuals can significantly improve their overall well-being and reduce the negative impact of stress.