നിങ്ങള്‍ക്ക് ഉറക്കം ലഹരിയാണോ..? ഉറങ്ങരുതെന്ന് വിചാരിച്ച് വറുതെ കിടന്നാല്‍ പോലും പെട്ടന്ന് ഉറക്കം വരുന്നുണ്ടോ..? ആരോടേലും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉറക്കം വന്ന് കണ്ണടയാറുണ്ടോ..? രാവിലെ ഉണരുമ്പോള്‍ കിടക്കയില്‍ നിന്ന് എഴുനേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടോ..?

 

മടിയാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ഈ അവസ്ഥയെ ക്ലീനോമാനിയ എന്നാണ് പറയുന്നത്. അതായത് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ. പേടിക്കണ്ട കേട്ടോ.. ഇത് ഒരു രോഗമായി കണക്കാക്കുന്നില്ല. എങ്കിലും നമ്മള്‍ അനുഭവിക്കുന്ന ആ പ്രത്യേകതരം മനസിക അവസ്ഥയെ സൂചിപ്പിക്കാന്‍ ഈ  വാക്ക് ഉപയോഗിക്കുന്നു. കിടക്കയോടുള്ള അമിത ആസക്തി എന്നാണ് ക്ലീനോമാനിയ എന്ന വാക്കിന്റെ അര്‍ഥം.

 

മടിയും ക്ലീനോമാനിയയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ക്ലീനോമാനിയ ഉള്ള ഒരാളോട് വെറുതെ മടിപിടിച്ചിരിക്കല്ലേ എഴുന്നേറ്റ് പോകു എന്ന് പറയുന്നതില്‍ കാര്യമില്ല.. മടിപിടിച്ചിരിക്കുന്ന ഒരാള്‍ക്ക് വേണമെങ്കില്‍ എഴുന്നേറ്റ് കാര്യങ്ങള്‍ ചെയ്യാം. എന്നാല്‍ ക്ലീനോമാനിയ ഉള്ള ഒരാള്‍ക്ക് കിടക്കയില്‍ നിന്ന് മാറുന്നത് കടുത്ത മാനസിക ബുദ്ധിമുട്ടുകളും ആശങ്കകളും ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്.

 

എന്താണ് ക്ലീനോമാനിയ? 

 

കിടക്കവിട്ട് എഴുനേറ്റാല്‍ അന്നേ ദിവസം ഉണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദങ്ങളും,ദൈനംദിന ഉത്തരവാദിത്തങ്ങളും ഇത്തരക്കാരെ ആശങ്കയിലാക്കുന്നു.

അവര്‍ കിടക്ക സുരക്ഷിത ഇടമായി കാണുന്നു. അവിടെ അവര്‍ക്ക് സമാധാനം തോന്നുന്നു. കടുത്ത വിഷാദരോഗം മാനസിക,സമ്മര്‍ദ്ദം,ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകളുടെ പ്രധാന ലക്ഷണമായിട്ടാണ് ആരോഗ്യ വിദഗ്ധര്‍ ക്ലീനോമാനിയയെ കാണുന്നത്.

 

ക്ലീനോമാനിയ ഒരു രോഗമല്ല. നമ്മുടെ ജീവിത രീതികള്‍കൊണ്ടോ, മാനസിക സംഘര്‍ഷങ്ങള്‍കൊണ്ടോ ആര്‍ക്കുവേണമെങ്കിലും ഉണ്ടായേക്കാവുന്ന അവസ്ഥയാണ്. ഇനി ഇത്തരക്കാരെ കാണുമ്പോള്‍ മടിയന്മാര്‍ എന്ന് വിളിച്ച് കുറ്റപ്പെടുത്തുന്നതിന് പകരം എന്തുകൊണ്ട് അവര്‍ കിടക്കയില്‍ മാത്രം സുരക്ഷിതത്വം കണ്ടെത്തുന്നത് എന്ന് അന്വേഷിക്കുമല്ലോ... ചിലപ്പോള്‍ നമ്മുടെ ചേര്‍ത്തുനിര്‍ത്തല്‍ മതിയായേക്കാം അവര്‍ക്ക് ഊര്‍ജസ്വലരായി ദിവസം തുടങ്ങാന്‍.

ENGLISH SUMMARY:

Clinomania refers to an excessive desire to stay in bed and the discomfort associated with leaving it. This condition is not classified as a disease but is often a symptom of underlying issues like depression, anxiety, or stress.