ഫാറ്റി ലിവർ രോഗത്തിന് പ്രധാന കാരണങ്ങളായി പറയുന്നത് അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, അമിതവണ്ണം, വ്യായാമക്കുറവ് എന്നിവയൊക്കെയാണ്. എന്നാൽ പലരും അവഗണിക്കുന്ന മറ്റൊരു പ്രധാന അപകടഘടകമാണ് ഉറക്കക്കുറവ് എന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
വേൾഡ് ജേണൽ ഓഫ് ഹെപറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കൃത്യമല്ലാത്ത ഉറക്കശീലങ്ങള്‍ ഫാറ്റി ലിവർ രോഗം കൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിൽ മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റിയാറ്റോട്ടിക് ലിവർ ഡിസീസ് (MASLD) എന്നറിയപ്പെടുന്ന ഈ രോഗം ലോകത്തെങ്ങും വർധിച്ചുവരുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉറക്കം കരളിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നല്ലേ...
ശരീരത്തിലെ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷാംശങ്ങൾ നീക്കം ചെയ്യുക, ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്കരിക്കുക, ഊർജം സംഭരിക്കുക തുടങ്ങി നൂറുകണക്കിന് നിർണായക പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ശരീരത്തിന്റെ ജൈവഘടികാരവുമായി (ബയോളജിക്കൽ ക്ലോക്ക്) ബന്ധപ്പെട്ടാണ് കരളിന്റെ പ്രവർത്തനം നടക്കുന്നത്. ഉറക്കക്കുറവ് ഈ സ്വാഭാവിക താളം തെറ്റിക്കുകയും ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും ശരീരത്തിൽ നീർക്കെട്ടും വീക്കവും സൃഷ്ടിക്കുന്ന അണുബാധ വർധിപ്പിക്കുകയും ചെയ്യുന്നു. കൂടുതല്‍കാലം ഇത് തുടർന്നാൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും വര്‍ധിക്കും.
കരളിൽ കൊഴുപ്പ് അടിയുന്നതിന് പിന്നിലെ കാരണം എന്താരിക്കും ?
ഉറക്കം ശരീരത്തിലെ മെറ്റബോളിസം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, കൊഴുപ്പിന്റെ സംഭരണം, അണുബാധ നിയന്ത്രണം എന്നിവയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാതിരുന്നാൽ ശരീരത്തിൽ സമ്മർദ ഹോർമോണുകളുടെ അളവ് ഉയരുകയും കൊഴുപ്പിനെ കാര്യക്ഷമമായി സംസ്കരിക്കാനുള്ള കഴിവ് കുറയുകയും ചെയ്യും. ഇതിന്റെ ഫലമായി ഇൻസുലിൻ പ്രതിരോധം വർധിക്കുകയും ഉപാപചയ പ്രവർത്തനങ്ങളിൽ തകരാറുകൾ ഉണ്ടാകുകയും ചെയ്യും. ഈ മാറ്റങ്ങൾ കരളിൽ കൊഴുപ്പ് അടിയുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉറക്കക്കുറവ് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നുവെന്നും, ഇവ രണ്ടും ഫാറ്റി ലിവറിന്റെ പ്രധാന അപകട സാധ്യതകളാണെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
രാത്രി ജോലി ചെയ്യുന്നവരാണോ നിങ്ങള്‍ ? പ്രശ്നമാണ് ട്ടോ !
രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കും ഉറക്കസമയം ഇടയ്ക്കിടെ മാറുന്നവർക്കും അപകടസാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരത്തിന്റെ സർകേഡിയൻ റിഥം തകരുമ്പോൾ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ഉപാപചയ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ നടക്കാതെ വരാം. ഇതാണ് രാത്രി ജോലി ചെയ്യുന്നവരിൽ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള മെറ്റബോളിക് രോഗങ്ങൾ കൂടുതലായി കാണപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നാണോ ?
ആരംഭഘട്ടത്തിൽ ഫാറ്റി ലിവർ രോഗം ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല. എന്നാൽ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും ഇല്ലാതെ മുന്നോട്ടുപോയാൽ കരളിൽ വീക്കം, കരൾ കോശങ്ങളിലെ മുറിവുകൾ (ഫൈബ്രോസിസ്), കരൾ സിറോസിസ്, ചില സാഹചര്യങ്ങളിൽ കരൾ കാൻസർ എന്നിവയിലേയ്ക്ക് വരെ രോഗം എത്താം. അതോടൊപ്പം ഹൃദ്രോഗങ്ങൾക്കും മറ്റ് ഉപാപചയ സംബന്ധമായ അസുഖങ്ങൾക്കും സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.