അരണ കടിച്ചാല്‍ ഉടനെ മരണം എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ? എന്നാല്‍ അരണ സത്യത്തില്‍ ഒരു പാവത്താനാണ്. കടിച്ചാല്‍ മുറിവായി ഇന്‍ഫെക്ഷന്‍ വന്നേക്കാം എന്ന് മാത്രം. എന്നാല്‍ ആ പഴഞ്ചൊല്ല് കുറച്ചുകൂടി ചേരുന്ന ഒരു ഇഴജന്തുവുണ്ട്. അണലി. അണലി കടിച്ചാല്‍ ഉടനേ മരണം എന്നതായിരുന്നു ഈയടുത്ത് വരെ അവസ്ഥ. കാരണം. ഇന്ത്യയില്‍ 50 ശതമാനം പാമ്പുകടി മരണവും അണലി വര്‍ഗത്തിലെ ചേനത്തണ്ടന്‍റെ കടിയേറ്റായിരുന്നു.
വെരെസ്പ്ലാഡിബ്, മരിമോസ്റ്റാറ്റ് എന്നീ രണ്ട് മരുന്നുകളാണ് ചേനത്തണ്ടന്‍റെ കടിക്ക് മികച്ച മറുമരുന്നുകളെന്ന് കണ്ടെത്തിയത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഇവ വന്‍വിജയമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ചേനത്തണ്ടന്‍ ഉപവിഭാഗങ്ങളുടെ വിഷത്തില്‍ നടത്തിയ പരിശോധനയിലും മരുന്നുകള്‍ വിജയമെന്ന് സ്ഥിരീകരിച്ചു. കടിയുടെ തീവ്രതയ്ക്കനുസരിച്ച് ഓരോന്നായും കൂട്ടിച്ചേര്‍ത്തുമാണ് മരുന്നുകള്‍ നല്‍കേണ്ടത്. മരുന്നുകളുടെ സവിശേഷതകളെക്കുറിച്ച് അവയെക്കുറിച്ച് പഠനം നടത്തിയ ബംഗളൂരു IIScയിലെ സെന്‍ട്രല്‍ ഇക്കോളൊജിക്കല്‍ സയന്‍സസ് പ്രൊഫസര്‍ ഡോ. കാര്‍ത്തിക് സുനകര്‍ പ്രസിദ്ധീകരിച്ച ജേര്‍ണലില്‍ ആണ് മരുന്നുകളെക്കുറിച്ച് വിവരിച്ചത്.
പോസ്ഫോലിപ്പേസ്, മെറ്റല്ലോപ്രോട്ടിനേസ് എന്നിവയാണ് ചേനത്തണ്ടന്‍റെ വിഷത്തിലെ പ്രധാനഘടകങ്ങള്‍. ഇവ രക്തം കട്ടപിടിക്കുന്നത് തടഞ്ഞ് ആന്തരിക രക്തസ്രാവവും മറ്റ് ഗുരുതര പ്രശ്നങ്ങളുമുണ്ടാക്കും. തുടക്കത്തില്‍ പറഞ്ഞ രണ്ട് മരുന്നുകളും പാമ്പിന്‍ വിഷത്തിലെ ഓരോ ഘടകങ്ങളെ ആണ് പ്രതിരോധിക്കുന്നത്.
പഠനത്തില്‍ ഏറ്റവും വലിയ ഘടകമായത് ഓരോ സംസ്ഥാനങ്ങളില്‍ നിന്നും പാമ്പിന്‍ വിഷത്തിന്‍റെ സാംപിളുകള്‍ ലഭിച്ചതാണ്. ഓരോ പാമ്പ് കഴിക്കുന്ന ഇരകളും പാമ്പുകള്‍ വസിക്കുന്ന കാലാവസ്ഥയും അന്തരീക്ഷ മര്‍ദവുമടക്കം പാമ്പിന്‍റെ വിഷത്തില്‍ ഘടകമാകുന്നുണ്ട്. തമിഴ്നാട്ടിലും പഞ്ചാബിലും കണ്ടുവരുന്ന ചേനത്തണ്ടനുകളില്‍ വന്‍തോതില്‍ പോസ്ഫോലിപ്പേസ് കാണപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തിലും മഹാരാഷ്ട്രയിലും ഗോവയിലും മധ്യപ്രദേശിലും കാണപ്പെടുന്ന പാമ്പുകളുടെ വിഷത്തില്‍ ഈ ഘടകം കുറവാണ്. കര്‍ണാടകത്തിലെ പാമ്പുകളിലാണ് ഏറ്റവുമധികം മെറ്റല്ലോപ്രോട്ടിനേസ് എന്ന ഘടകമുള്ളത്. രാജസ്ഥാന്‍ മധ്യപ്രദേശ് ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മെറ്റല്ലോപ്രോട്ടിനേസ് വന്‍തോതില്‍ പാമ്പിന്‍വിഷത്തില്‍ കാണപ്പെടുന്നു. എന്നാല്‍ പോസ്ഫോലിപ്പേസ് എന്ന ഘടകം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടില്‍ മെറ്റല്ലോപ്രോട്ടിനേസ് ഘടകം വിഷത്തില്‍ തീരെ കാണാനാവുന്നില്ലെന്നതും കൗതുകമാണ്.
അതായത് ഏത് പ്രദേശത്തുനിന്നുള്ള പാമ്പാണോ കടിച്ചത് അതിനനസരിച്ച് മേല്‍പറഞ്ഞ രണ്ട് മരുന്നുകളും മാറിമാറിയോ ചിലപ്പോള്‍ ഒരേ അളവിലോ കൊടുക്കേണ്ടതായി വരും. എന്നാല്‍ കര്‍ണാടകയില്‍ രണ്ട് പ്രദേശങ്ങളില്‍ നടത്തിയ വിഷ പരിശോധനയില്‍ രണ്ട് വിഷങ്ങളും വന്‍തോതില്‍ വ്യത്യാസം കാണിക്കുന്നതായി കണ്ടെത്തി. ഇതിനനുസരിച്ച് മരുന്നുകള്‍ മാറി നല്‍കേണ്ടി വരും. അതായത് പാമ്പ് ഏതാണെന്നറിഞ്ഞാല്‍ മാത്രം പോര. എവിടെ നിന്നാണ് കടിച്ചത് എന്ന് കൂടി അറിയേണ്ടി വരും.