ഒരു പാട്ട് കേട്ടുകഴിഞ്ഞാല്‍ അതിലെ വരികളും ഈണവും മനസ്സില്‍ നിന്ന് പോകാതെ നില്‍ക്കാറുണ്ടല്ലേ. പാട്ട് ഓഫാക്കിയാലും മനസ്സില്‍ നമ്മളത് പാടിക്കൊണ്ടേയിരിക്കും, ചിലപ്പോഴെങ്കിലും നമ്മള്‍ അറിയാതെ തന്നെയും അതങ്ങനെ തുടരും. ചിലപ്പോൾ മണിക്കൂറുകളോളം, ചില അവസരങ്ങളിൽ ദിവസങ്ങളോളം പോലും ഒരേ പാട്ട് മനസ്സിൽ ഇങ്ങനെയുണ്ടകും. ശാസ്ത്രലോകത്ത് ഈ പ്രതിഭാസത്തെ ‘ഇയർവോം’ എന്നാണ് വിളിക്കുന്നത്.

ഒരു വാക്ക് കേൾക്കുന്നത്, ഒരു സ്ഥലം കാണുന്നത്, ഒരു വ്യക്തിയെ കാണുന്നത്, ഒരു പ്രത്യേക മണം അനുഭവപ്പെടുന്നത് തുടങ്ങി വളരെ ചെറിയൊരു സൂചന പോലും പഴയൊരു പാട്ടിനെ ഓർമ്മയിലേയ്ക്ക് തിരികെ കൊണ്ടുവരാറുണ്ട്. ചിലപ്പോള്‍ വർഷങ്ങളായി കേൾക്കാത്ത ഒരു പാട്ട് പെട്ടെന്ന് നമ്മുടെ ഓർമ്മയിൽ വരും. നമുക്ക് തന്നെ ആ സന്ദര്‍ഭം അതിശയകരമായി തോന്നുമെങ്കിലും ആ പാട്ടുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെയോ സ്ഥലത്തെയോ അനുഭവത്തെയോ ഓർമ്മിപ്പിക്കുന്ന എന്തെങ്കിലും നമ്മുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം.

read more: ‘ഹാർവെസ്റ്റ് മൂണി’നെ വിഴുങ്ങി ടൊവിനോ; അവസാനം ആ എക്സ്പ്രഷൻ പ്രതീക്ഷിച്ചില്ല! ...

എല്ലാ പാട്ടുകളും ഒരേ രീതിയിൽ ഇങ്ങനെ മനസ്സില്‍ തങ്ങി നില്‍ക്കാറില്ല എന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. എളുപ്പത്തിൽ ഓർത്തെടുക്കാൻ കഴിയുന്ന ഈണങ്ങളും ആവർത്തനങ്ങളും ഉള്ള പാട്ടുകൾക്കാണ് ഈ സാധ്യത കൂടുതല്‍. ലളിതമായ ഈണം, ആവർത്തിക്കുന്ന വരികൾ, ശ്രദ്ധേയമായ താളം, പെട്ടെന്ന് ഓർമ്മയിൽ വരുന്ന പല്ലവി തുടങ്ങിയവ ഒരു പാട്ടിനെ തലച്ചോറിൽ എളുപ്പത്തിൽ പതിയാൻ സഹായിക്കും.

ഒരു പാട്ട് പലതവണ കേൾക്കുമ്പോൾ അതിന്റെ സംഗീതഘടന തലച്ചോറിന് കൂടുതൽ പരിചിതമാകും. പിന്നീട് പാട്ടുമായി ബന്ധപ്പെട്ട ചെറിയൊരു സൂചന ലഭിച്ചാൽ പോലും ആ സംഗീതഭാഗം വീണ്ടും മനസ്സിൽ കൂടുതല്‍ പ്രവര്‍ത്തിക്കും.

പാട്ട് കേൾക്കുമ്പോൾ അതിലെ ശബ്ദവിവരങ്ങൾ തിരിച്ചറിയുന്നതിലും ക്രമീകരിക്കുന്നതിലും തലച്ചോറിലെ ശ്രവണഭാഗത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ പാട്ട് മനസ്സിൽ വീണ്ടും വീണ്ടും കേൾക്കുന്നതിന് ഈ ഭാഗത്തിന്റെ മാത്രം പ്രവർത്തനമല്ല കാരണം. സംഗീതം തിരിച്ചറിയൽ, ഓർമ്മ, ശ്രദ്ധ, വികാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ വിവിധ പ്രവർത്തനങ്ങൾ തമ്മിലുള്ള ഏകോപനവും ഇതിൽ പങ്കുവഹിക്കുന്നുണ്ട്.

ഒരു പാട്ട് അവസാനിച്ച ശേഷവും അതിന്റെ സംഗീതരൂപം തലച്ചോറിൽ ഒരു മാനസിക ഓർമ്മയായി നിലനിൽക്കാം. പിന്നീട് അതേ സംഗീതഭാഗം സ്വമേധയാ വീണ്ടും സജീവമാകുമ്പോഴാണ് പാട്ട് തലയിൽ വീണ്ടും കേൾക്കുന്നതുപോലെ അനുഭവപ്പെടുന്നതും, നമ്മളറിയാതെ തന്നെ മനസ്സില്‍ വരുന്നതും.

ഒരു പാട്ടിന്റെ കുറച്ച് വരികൾ മാത്രം ഓർമ്മയിൽ വരുമ്പോൾ അതിന്റെ ബാക്കി ഭാഗം മനസ്സിൽ സ്വാഭാവികമായി തുടരുന്നതായി തോന്നാം. പൂർത്തിയാകാത്ത കാര്യങ്ങൾ മനസ്സിൽ തുടരാനുള്ള മനുഷ്യരുടെ സ്വാഭാവിക പ്രവണതയുമായി ഇതിനെ ചില ഗവേഷകർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ പാട്ടുകൾ തലയിൽ കുടുങ്ങുന്നതിന് ഇതുമാത്രമാണ് കാരണം എന്ന് പറയാനാകില്ല. സംഗീതത്തോടുള്ള വ്യക്തിപരമായ ബന്ധം തുടങ്ങിയവയും ഇതിൽ സ്വാധീനം ചെലുത്തും.

യാത്ര ചെയ്യുമ്പോൾ, നടക്കുമ്പോൾ, കുളിക്കുമ്പോൾ, വീട്ടുജോലികൾ ചെയ്യുമ്പോൾ തുടങ്ങിയ പതിവ് പ്രവർത്തനങ്ങൾക്കിടയിൽ പാട്ടുകൾ മനസ്സിൽ സ്വയം ആവർത്തിക്കുന്നത് പലർക്കും അനുഭവപ്പെടാറുണ്ട്. ഇത്തരം സമയങ്ങളിൽ തലച്ചോറിന്റെ ശ്രദ്ധ മറ്റ് സങ്കീർണ്ണമായ കാര്യങ്ങളിൽ മുഴുകിയിട്ടില്ലാത്തതിനാൽ, നേരത്തെ ഓർമ്മയിൽ പതിഞ്ഞ സംഗീതഭാഗങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലേക്ക് വരാം.

മാത്രമല്ല, ഒരു പാട്ട് ഒരു പ്രത്യേക വ്യക്തിയുമായോ സ്ഥലവുമായോ സംഭവവുമായോ ശക്തമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ, ആ പാട്ട് നമ്മുടെ ഓർമ്മയിൽ കൂടുതൽ ആഴത്തിൽ പതിഞ്ഞേക്കാം. 

അതുകൊണ്ടുതന്നെ പഴയൊരു ചിത്രം കാണുമ്പോഴോ, ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോഴോ, വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു സംഭവം ഓർക്കുമ്പോഴോ അതുമായി ബന്ധപ്പെട്ട പാട്ടും പെട്ടെന്ന് മനസ്സിലേക്ക് വരാം.

why-songs-get-stuck-in-head:

The earworm phenomenon explains why songs get stuck in our heads, with catchy tunes and repetitive lyrics playing a significant role. This fascinating aspect of music and memory is explored in various scientific studies.