tidsoptimist

Ai Generated Image

എല്ലാ കാര്യങ്ങളും കൃത്യസമയത്ത് ചെയ്തുതീർക്കണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ ഒരിക്കലും നടക്കാറില്ല. എവിടെച്ചെല്ലുമ്പോഴും എപ്പോഴും വൈകിപ്പോകുന്ന ശീലം. ഇങ്ങനെയാണോ നിങ്ങള്‍? എങ്കിൽ സൈക്കോളജി അനുസരിച്ച് നിങ്ങൾ ഒരു 'ടിഡ്‌സോപ്‌റ്റിമിസ്റ്റ്' ആകാൻ സാധ്യതയുണ്ട്.  

എന്താണ് ടിഡ്‌സോപ്‌റ്റിമിസം?: 'ടൈം ഒപ്റ്റിമിസ്റ്റ്' എന്നതിന്‍റെ സ്വീഡിഷ് പദമാണ് ടിഡ്‌സോപ്‌റ്റിമിസ്റ്റ്. സമയത്തെക്കുറിച്ച് അമിതമായ ശുഭാപ്തിവിശ്വാസം പുലർത്തുന്ന വ്യക്തികളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ജോലി ചെയ്തുതീർക്കാൻ ആവശ്യമായ സമയത്തെ ഇക്കൂട്ടർ വളരെ കുറച്ചുകാണുകയും, തങ്ങൾക്ക് ലഭ്യമായ സമയത്തെ അമിതമായി കണക്കാക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഓഫീസിൽ എത്താൻ അരമണിക്കൂർ വേണമെങ്കിൽ, പത്ത് മിനിറ്റുകൊണ്ട് എനിക്ക് അവിടെയെത്താം എന്ന് ഇവർ സ്വയം വിശ്വസിക്കും. ഈ തെറ്റായ കണക്കുകൂട്ടൽ കാരണം ഇവർ എപ്പോഴും അവസാന നിമിഷം തിരക്കുകൂട്ടുകയും, ഒടുവിൽ എല്ലായിടത്തും വൈകി മാത്രം എത്തിച്ചേരുകയും ചെയ്യുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയുമെന്ന് ടിഡ്‌സോപ്‌റ്റിമിസ്റ്റുകള്‍ വിശ്വസിക്കുന്നു. യാത്രയ്ക്കുള്ള സമയം കണക്കാക്കുമ്പോൾ ട്രാഫിക്, വഴിയിലെ തടസങ്ങൾ എന്നിവയൊന്നും ഇവർ മുൻകൂട്ടി കാണാറില്ല. എപ്പോഴും വൈകുന്നതിനാൽ അവസാന നിമിഷം കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് ഇവർ കടന്നുപോകുന്നത്. കൂടെയുള്ളവർക്കും ചിലപ്പോള്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കേവലം മടി കൊണ്ടോ ആളുകളെ ബഹുമാനിക്കാത്തത് കൊണ്ടോ സംഭവിക്കുന്നതല്ല. സൈക്കോളജിസ്റ്റുകൾ പറയുന്നത് ഇത് ചില വ്യക്തിത്വ സവിശേഷതകളുടെ ഭാഗമാണെന്നാണ്. ചിലരിൽ എഡിഎച്ച്ഡി(ADHD) പോലുള്ള ന്യൂറോഡൈവർജന്‍സിന്‍റെ (Neurodivergence) ലക്ഷണമായും സമയ കൃത്യതയില്ലായ്മ കാണപ്പെടാറുണ്ട്. കാര്യങ്ങൾ മാറ്റിവെക്കുന്ന സ്വഭാവവും പരാജയഭീതിയുമൊക്കെ ഇതിന് കാരണമാകാം.

ടിഡ്‌സോപ്‌റ്റിമിസം എങ്ങനെ മാറ്റിയെടുക്കാം?: സമയം കുറച്ചുകൂടി കൂട്ടി കണക്കാക്കാന്‍ ശ്രമിക്കുക. അതായത്, ഒരു കാര്യത്തിന് 15 മിനിറ്റ് മതിയെന്ന് തോന്നിയാൽ, അതിനായി 30 മിനിറ്റ് മാറ്റിവെക്കുക. അലാം  ഉപയോഗിച്ച് കൃത്യത വരുത്തുക. ഒരു ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ അത് തുടങ്ങാനും നിർത്താനും അലാം സെറ്റ് ചെയ്യുക. എല്ലാത്തിനും ഉപരിയായി നിങ്ങളുടെ വേഗതയും ട്രാഫിക്കും കൃത്യമായി വിലയിരുത്തി മാത്രം ദിവസം പ്ലാൻ ചെയ്യുക. നിങ്ങളും ഒരു ടിഡ്‌സോപ്‌റ്റിമിസ്റ്റ് ആണെങ്കിൽ, സമയത്തോടുള്ള നിങ്ങളുടെ മനോഭാവത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഈ ശീലം മാറ്റിയെടുക്കാവുന്നതേയുള്ളൂ.

ENGLISH SUMMARY:

Tidsoptimism is the Swedish term for 'time optimist,' describing individuals who are excessively optimistic about time. These individuals often underestimate the time needed for tasks and overestimate their available time, leading to constant lateness and last-minute rushing.