AI Generated Image
ആഗോള തലത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം പ്രതിസന്ധിയിലാണെന്ന കണക്കുകളാണ് കുറച്ച് നാളുകളായി പുറത്ത് വരുന്നത്. ലോകാരോഗ്യ സംഘടന പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ലോകത്ത് എട്ടു പേരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുമായി ജീവിക്കുന്നവരാണ് എന്നാണ് റിപ്പോർട്ട്. പ്രതിവർഷം ഏകദേശം 7.4 ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നതായും 43 സെക്കൻഡിൽ ഒരാൾ ആത്മഹത്യയിലൂടെ മരിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ ഓരോ വർഷവും ക്രമാതീതമായി ഉയരുന്നു എന്ന ആശങ്കയും സംഘടന ചൂണ്ടികാണിക്കുന്നു .
യുവാക്കളെയാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുരുഷന്മാരിലാണ് ആത്മഹത്യകള്‍ കൂടുതലായി കാണപ്പെടുന്നത് എങ്കിലും സ്ത്രീകളിലാണ് മാനസിക പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.ഉത്കണ്ഠ (anxiety),വിഷാദ രോഗം(depression) ഇവയാണ് ആളുകളെ കൂടുതലായും ബാധിക്കുന്ന മാനസിക വൈകല്യങ്ങൾ. 35.9 കോടി പേർക്ക് ഉത്കണ്ഠയും 33.2 കോടി പേർക്ക് വിഷാദരോഗവും ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് . നിലവിൽ ലോകത്ത് ഏകദേശം 1.2 ബില്യൺ ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ജീവിക്കുന്നു എന്ന ആശങ്കാജനകമായ റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും പല രാജ്യങ്ങളും മനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നില്ല എന്നതും ദുഖകരമാണ്