മനുഷ്യന്‍ ജൈവികമായി മിശ്രഭുക്കാണ്. മാസവും സസ്യാഹാരവും നിര്‍ബന്ധമായും വേണം. എന്നാല്‍ വര്‍ഷങ്ങളായി ബീഫ് മാത്രം കഴിച്ച് തനിക്കുണ്ടായ മാനസിക ശാരീരിക അസുഖങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയെന്ന അവകാശവുമായി രംഗത്തെത്തിയിരിക്കുകയാണ് 50കാരന്‍. യുഎസ് ഫ്ലോറിഡ സ്വദേശി സ്റ്റീഫന്‍ ലാഷ്ബ്രൂക്ക് ആണ് ഫോക്സ് ന്യൂസിനോട് തന്‍റെ വ്യത്യസ്തമായ ഭക്ഷണരീതി വിവരിച്ച് വൈറലായിരിക്കുന്നത്. 

തന്‍റെ നാലാം വയസുമുതല്‍ ഡിപ്രഷന്‍ അനുഭവിച്ചിരുന്ന വ്യക്തിയാണ് സ്റ്റീഫന്‍. ഇതുകൂടാതെ കൗമാരകാലഘട്ടത്തില്‍ സ്റ്റീഫന് ഉറക്കമില്ലായ്മയും ത്വക്ക് രോഗമായ സോറിയാസിസും പിടിച്ചു. 90 ശതമാനത്തോളം ശരീരത്തില്‍ സോറിയാസിസ് മൂടി. തൊലി ചൊറിച്ചില്‍ കൊണ്ട് അടര്‍ന്ന് വീഴാന്‍ തുടങ്ങി. ഇതോടെ സ്റ്റീഫന്‍റെ ജീവിതം നരകതുല്യമായി. ക്രീമുകളും സ്റ്റിറോയ്ഡുകളും പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാന ചികില്‍സാരീതി വിലകൂടിയ കുത്തിവയ്പ്പുകളായിരുന്നു. എന്നാല്‍ ഒന്നും ഫലം കാണാതിരുന്നതോടെ തന്‍റെ സ്റ്റീഫന്‍ തന്‍റെ ജീവനൊടുക്കാന്‍ തീരുമാനിച്ചു. പിന്നാലെ ബീഫ് ഓണ്‍ലി ഡയറ്റ് തന്‍റെ ജീവിതത്തിലുണ്ടാക്കിയ മാറ്റം വിവരിക്കുന്ന ഒരു ഇന്‍ഫ്ലുവന്‍സറുടെ വിഡിയോ സ്റ്റീഫന്‍ കാണുകയുണ്ടായി. ഇതിനോടകം എന്ത് ചെയ്തും തന്‍റെ നരകതുല്യമായ ജീവിതത്തില്‍ നിന്ന് രക്ഷ നേടുക എന്ന് പദ്ധതിയിട്ട സ്റ്റീഫന്‍ ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചു. 

പഞ്ചസാരയും, ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു ആദ്യത്തെ കടമ്പ. എന്നാല്‍ ക്രമേണ ഇവ ഓരോന്നായി സ്റ്റീഫന്‍ ഒഴിവാക്കി. 

2024 തുടക്കത്തോടെ പൂര്‍ണമായി ബീഫ് ഓണ്‍ലി ഡയറ്റ് സ്വീകരിക്കാന്‍ സ്റ്റീഫന്‍ തുടങ്ങി. പശു, പോത്ത്, ഇടയ്ക്ക് ആട്, ചെമ്മരിയാട് എന്നിങ്ങനെയായി സ്റ്റീഫന്‍റെ ഭക്ഷരീതി. പിന്നീട്  ഇത് ബീഫ് മാത്രമായി ചുരുങ്ങി. ഉപ്പ് മാത്രം ചേര്‍ത്ത് പാകം ചെയ്യുന്ന ബീഫ് ആയി ഭക്ഷണം. ഒരു ഇരിപ്പിന് മുക്കാല്‍ കിലോയോളം ബീഫ് ഇയാള്‍ അകത്താക്കും.

ഇതോടെ സ്റ്റീഫന്‍റെ സോറിയാസിസ് മാറാന്‍ തുടങ്ങി. ഡിപ്രഷനും ഇതേ അവസ്ഥ തന്നെയായിരുന്നു. താന്‍ പ്രായം കുറഞ്ഞെന്നും ഏറ്റവും ഫിറ്റായ പ്രായത്തിലാണെന്നും സ്റ്റീഫന്‍ പറഞ്ഞു. വൈറലായതോടെ സ്റ്റീഫന്‍റെ ബീഫ് ഓണ്‍ലി ഡയറ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

 എന്നാല്‍ മറ്റ് ആഹാരങ്ങളൊന്നും കഴിക്കാതെ ബീഫ് മാത്രം കഴിക്കുന്നത് ശരീരത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കടുത്ത പോഷകക്കുറവ്, ഹൃദ്രോഗ സാധ്യത, വൃക്കകൾക്ക് അമിത ജോലിഭാരം എന്നിവ ബീഫ് മാത്രം കഴിക്കുന്നതിലൂടെ വരാന്‍ സാധ്യതയുണ്ട്. 

ENGLISH SUMMARY:

Stephen Lashbrook, a 50-year-old man from Florida, claims to have completely overcome severe depression, insomnia, and psoriasis by adopting a beef-only diet. His unconventional diet, which involves consuming only beef seasoned with salt, has gone viral and garnered significant attention.