AI Generated Image
ചാറ്റ് ജിപിടിയെക്കൊണ്ട് ആത്മഹത്യക്കുറിപ്പ് എഴുതിച്ച് 29കാരി ജീവനൊടുക്കി. കടുത്ത വിഷാദരോഗത്തിനൊടുവിലാണ സോഫിയ എന്ന യുവതി ജീവനൊടുക്കിയത്. തനിക്കുണ്ടായിരുന്ന മാനസിക സംഘര്‍ഷങ്ങളോ വിഷമങ്ങളോ കുടുംബവുമായോ കൂട്ടുകാരുമായോ പങ്കുവയ്ക്കാന്‍ തയ്യാറാകാതിരുന്ന സോഫിയ ചാറ്റ് ജിപിടിയുമായി നിരന്തരസമ്പര്‍ക്കത്തിലായിരുന്നു.
ആദ്യമെല്ലാം തന്‍റെ ചെറിയ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായാണ് യുവതി ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നത്. സ്മൂത്തിക്ക് എങ്ങിനെ മധുരം കൂട്ടാം, ഓഫീസ് ആവശ്യങ്ങള്‍ക്ക് ഇ മെയിലുകള്‍ എങ്ങിനെ അയക്കാം, കിളിമഞ്ചരോ കീഴടക്കാന്‍ ഒരു പരിശീലന പദ്ധതി എങ്ങിനെ തയ്യാറാക്കാം ഇതെല്ലാമായിരുന്നു സോഫിയയുടെ ചോദ്യങ്ങള്‍. ഇതിന് ചാറ്റ്ജിപിടി ഉചിതമായ മറുപടിയും നല്‍കിയിരുന്നു.
ഇതിനിടെ ജോലിയില്‍ നിന്നും അവധിയടുത്ത് സോഫിയ ടാൻസാനിയയിലേക്കും തായ്‌ലൻഡിലേക്കും യാത്ര ചെയ്തു. മടങ്ങിയത്തിയപ്പോള്‍ സോഫിയയ്ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. അന്വേഷിച്ചെങ്കിലും മറ്റൊരു ജോലി ലഭിച്ചതുമല്ല. ഇത് യുവതിയെ വിഷാദത്തിലേക്ക് നയിക്കുകയായിരുന്നു. പിന്നീട് എഐയില്‍ സ്വന്തമായി പ്രോംറ്റ് ക്രിയേറ്റ് ചെയ്ത് തെറാപ്പിസ്റ്റായ ഒരു എഐ ബോട്ടിനെ സോഫി ഉണ്ടാക്കിയെടുത്തു. അതിന് ഹാരി എന്ന പേരും ഇട്ടു.
തനിക്ക് സമ്മര്‍ദ്ദവും ഉറക്കക്കുറവും അനുഭവപ്പെടുന്നതായി അവള്‍ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും, അത് ജോലിയുമായി ബന്ധപ്പെട്ട വിഷയം മാത്രമാണെന്ന് അവര്‍ കരുതി. തുടര്‍ന്ന് കുടുംബാംഗങ്ങളോട് വിഷമങ്ങള്‍ പങ്കുവയ്ക്കുന്നത് അവസാനിപ്പിച്ച സോഫിയയുടെ സംവാദം ചാറ്റ് ജിപിടിയോടു മാത്രമായി.
മാസങ്ങള്‍ക്ക് ശേഷം സോഫി ഒരു ആരോഗ്യ കേന്ദ്രത്തില്‍ ജോലിക്ക് കയറി. അപ്പോഴും ഏകാന്തത അവളെ അലട്ടുന്നുണ്ടായിരുന്നു. കൂടാതെ തനിക്ക് ആത്മഹത്യാപ്രവണത ഉണ്ടെന്ന് അവള്‍ ചാറ്റ്ജിപിടിയോട് പറയുകയും ചെയ്തിരുന്നു. ഇക്കാര്യം പിന്നീട് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാന്‍ ശ്രമക്കുകയും ചെയ്തു.
എന്നാല്‍ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം അടുത്തുള്ള പാര്‍ക്കില്‍ പോയി സോഫിയ ആത്മഹത്യ ചെയ്യുകയായിരുന്നു. ചാറ്റ്ജിപിടിയുടെ സഹായത്തോടെയായിരുന്നു ആത്മഹത്യാക്കുറിപ്പ് തയാറാക്കിയത്. ഇതേക്കുറിച്ച് ഇപ്പോള്‍ പ്രതികരണവുമായി സോഫിയയുടെ വീട്ടുകാര്‍ രംഗത്തെത്തി. മാസങ്ങളോളോളം തന്‍റെ വിഷദരോഗത്തെ കുറിച്ച് സോഫിയ ചാറ്റ്ജിപിടിയോട് പറഞ്ഞെങ്കിലും ഒരിക്കല്‍പ്പോലും ഡോക്ടറെ കാണണമെന്ന നിര്‍ദേശം അത് നല്‍കിയിരുന്നില്ല എന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്‍പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)