sarkeet-adhd-fahadh

നടന്‍ ഫഹദ് ഫാസില്‍ തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം ഈ രോഗത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത്. കുട്ടിക്കാലത്ത് തന്നെ ഈ രോഗം തിരിച്ചറിഞ്ഞ് പരിഹരിച്ചിരുന്നെങ്കിൽ ഇപ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാമായിരുന്നു എന്നും താരം പറഞ്ഞിരുന്നു. ഇത് കേട്ട പലമാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ വികൃതിക്കും എടുത്തുചാട്ടത്തിനും പിന്നില്‍ എഡിഎച്ച്ഡി ആണോ എന്ന ചിന്തിച്ചിരുന്നിരിക്കണം. എന്താണ് എ‍ഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ? നമ്മുടെ കുട്ടികൾക്ക് ഈ രോഗമുണ്ടോയെന്ന് എങ്ങനെ നേരത്തേ കണ്ടെത്താം? എന്താണ് പരിഹാരം?

സര്‍ക്കീട്ട് എന്ന ആസിഫ് അലി ചിത്രത്തിലുണ്ടൊരു വികൃതിപ്പയ്യന്‍. എപ്പോഴും ഓട്ടവും ചാട്ടവും. എവിടെയും അടങ്ങിയൊതുങ്ങി ഇരിക്കില്ല. മാതാപിതാക്കള്‍ക്ക് അല്‍പം പോലും സമാധാനം കൊടുക്കാത്ത കുസൃതിക്കുരുന്ന് പ്രേക്ഷകരോട് പറയുന്നതെല്ലാം തന്നിലെ എഡിഎച്ച്ഡി എന്ന രോഗത്തെക്കുറിച്ചാണ്. ഒരുപക്ഷേ ഈ സിനിമകാണുന്ന ഓരോ പ്രേക്ഷകനും തന്‍റെ വീട്ടിലോ പരിസരപ്രദേശത്തോ ബന്ധുക്കള്‍ക്കിടയിലോ ഇത്തരമൊരു കുഞ്ഞിനെ കണ്ടതായി തോന്നിയേക്കാം. മനോരമ മാക്സില്‍ സെപ്റ്റംബര്‍ 26 മുതല്‍ ചിത്രം സ്​ട്രീമിങ് ആരംഭിക്കും

ഹൈപ്പര്‍ ആക്ടീവായ ഇത്തരം കുട്ടികളിലെ രോഗാവസ്ഥ തിരിച്ചറിയാതെ അവരുടെ ഓരോ പ്രവൃത്തിയെയും ശകാരിക്കുകയും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയുമാണ് ഭൂരിഭാഗം മാതാപിതാക്കളും ചെയ്യാറ്. കുട്ടികള്‍ ഇതെല്ലാം മനപ്പൂര്‍വം ചെയ്യുന്നതാണെന്നാണ് മാതാപിതാക്കളും ചുറ്റുമുളളവരും ധരിക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പിന്നിലെ കാരണം അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ആണെന്ന് പലരും തിരിച്ചറിയാതെ പോകുന്നു. ഫഹദ് ഫാസില്‍ പറഞ്ഞതുപോലെ 41ാം വയസില്‍ വൈകി രോഗത്തെ തിരിച്ചറിഞ്ഞപ്പോഴേക്കും പല ബുദ്ധിമുട്ടുകളും ജീവിതത്തില്‍ ഒപ്പം കൂടി. ഇത്തരമൊരു അവസ്ഥ നിങ്ങളുടെ കുട്ടിക്ക് വരാതിരിക്കാന്‍ കുട്ടികളിലെ എഡിഎച്ച്ഡിയെ നേരത്തെ കണ്ടെത്തണം.

എന്താണ് എഡിഎച്ച്ഡി?

കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും  നാഡീവ്യൂഹത്തിന്‍റെ വികാസവുമായി ബന്ധപ്പെട്ട് കാണപ്പെടുന്നഒരു തകരാറാണ് അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്‌ഡി. ഇന്‍അറ്റന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവയാണ് എഡിഎച്ച്‌ഡിയുടെ എടുത്ത് പറയേണ്ട പ്രത്യേകത. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന അവസ്ഥയെയാണ് ഇന്‍അറ്റന്‍ഷന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത്‌ ചാടി ഓരോന്ന്‌ ചെയ്യുന്ന അവസ്ഥയാണ് ഇംപള്‍സിവിറ്റി, ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന ഹൈപ്പര്‍ ആക്ടിവിറ്റിയും എഡിഎച്ച്ഡി ബാധിതരില്‍ കാണാം.

നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക, ശ്രദ്ധക്കുറവ് കൊണ്ട് നിസ്സാരമായ തെറ്റുകൾ വരുത്തുക, അമിത ദേഷ്യം, മറവി, കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാൻ കഴിയാതെ വരിക, ക്ഷമയില്ലായ്മ, തനിയെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് , വാശി എന്നിവയെല്ലാമാണ് കുട്ടികളിലെ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങള്‍. മറവി, സമയക്ലിപ്‌തത ഇല്ലായ്‌മ, ചിലകാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ്സ്‌, നിരാകരണങ്ങള്‍ കൊണ്ടുണ്ടാകുന്ന അസ്വസ്തത, എന്നീ ലക്ഷണങ്ങള്‍ മുതിര്‍ന്നവരിലും കണ്ടേക്കാം. എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകത്തിന് ഇതില്‍ മുഖ്യ പങ്കുണ്ടെന്ന് കരുതപ്പെടുന്നു. തലച്ചോറിന് വരുന്ന പരുക്കുകള്‍, ഗര്‍ഭാവസ്ഥയിലോ ശൈശവാവസ്ഥയിലോ ലെഡ് വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം പോലുള്ള പാരിസ്ഥിതിക കാരണങ്ങള്‍, മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭിണികളിലെ പുകവലിയും മദ്യപാനവും കുട്ടികളില്‍ എഡിഎച്ച്ഡിക്ക് കാരണമായേക്കും.

ചെറുപ്പത്തിലേ രോഗം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തുകയാണ് പ്രധാനം. പൂര്‍ണമായും മുക്തിനേടാന്‍ സാധ്യതയുളള രോഗമല്ല എഡിഎച്ച്ഡി. അത് മൂലമുളള ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനേ ചികില്‍സ കൊണ്ട് സാധിക്കുകയുളളൂ. പല ഘട്ടങ്ങളിലൂടെയാണ് ഒരാള്‍ക്ക് എഡിഎച്ച്ഡി ഉണ്ടോയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ഇതിന് ഒന്നിലധികം പരിശോധനകളും വേണ്ടി വന്നേക്കാം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളുമെല്ലാം അടങ്ങുന്നതാണ് ഇതിനുള്ള ചികിത്സ. 

ENGLISH SUMMARY:

Malayalam actor Fahadh Faasil’s revelation about being diagnosed with ADHD at the age of 41 has sparked widespread discussion. What is Attention Deficit Hyperactivity Disorder? How can parents identify ADHD symptoms in children early? Learn about causes, signs, and treatment options.