AI Generated Image

TOPICS COVERED

അമേരിക്കൻ കൗമാരക്കാർ ഊർജ്ജം പെട്ടെന്ന് വർധിപ്പിക്കുന്നതിനായി കഫീൻ പൗച്ചുകൾ കൂടുതലായി ഉപയോഗിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചെറിയ ചായപ്പൊടി പാക്കറ്റുകളെപ്പോലെ തോന്നിപ്പിക്കുന്ന ഈ പൗച്ചുകൾ കഫീൻ നേരിട്ട് രക്തത്തിലേക്ക് എത്തിക്കുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ ജിമ്മിലെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഉണർവ്വിനും ഇവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത് ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരു പൗച്ചിൽ രണ്ട് കപ്പ് കാപ്പിയിലുള്ളത്രയും കഫീൻ അടങ്ങിയിട്ടുണ്ട്. 

എന്താണ് കഫീൻ പൗച്ചുകൾ ?

ചുണ്ടിനും മോണയ്ക്കും ഇടയിൽ വെക്കാവുന്ന ചെറിയ ചായപ്പൊടി പാക്കറ്റുകൾ പോലെയുള്ള ഈ പൗച്ചുകൾ പെട്ടെന്ന് കഫീൻ രക്തത്തിലേക്ക് എത്തിക്കുന്നു.  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ് ഇവ പ്രചരിപ്പിച്ചത്. ജിമ്മിൽ പോകുന്നവർക്ക് മെച്ചപ്പെട്ട പ്രകടനത്തിനും വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് ഉണർവ്വിനും ഇവർ കഫീൻ പൗച്ചുകൾ ശുപാർശ ചെയ്യുന്നു. യുവജനങ്ങളെ ആകർഷിക്കുന്ന നിരവധി ബ്രാൻഡുകൾ ഇവ വിൽക്കുന്നുണ്ടെന്ന് ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡോ. റോബ് വാൻ ഡാം ബിബിസിയോട് പറഞ്ഞു. എന്നിരുന്നാലും, ഒരു പൗച്ചിൽ രണ്ട് കപ്പ് സാധാരണ കാപ്പിക്ക് തുല്യമായ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ, അമിതമായി ഉപയോഗിക്കാനും പാർശ്വഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. ഒരേസമയം രണ്ട് പൗച്ചുകൾ ഉപയോഗിച്ചാൽ കൂടുതൽ 'ഉണർവ്വ്' ലഭിക്കുമെന്ന് അനുഭവസ്ഥർ ഓൺലൈനിൽ വിവരം പങ്കുവെയ്ക്കുന്നുണ്ട്. 

കഫീൻ ആഗിരണം ചെയ്യപ്പെടുമ്പോൾ, ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ ഫലങ്ങൾ ആരംഭിക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്യും, അമിതമായാൽ അളവുകൾ നിയന്ത്രണാതീതമാകുകയും ചെയ്യും. അമിതമായി ഉപയോഗിക്കുകയാണെങ്കിൽ അത്യാഹിത വിഭാഗത്തിൽ എത്താൻ സാധ്യതയുണ്ട്–ഡോക്ടർ കൂട്ടിച്ചേർത്തു.

അമിതമായി കഫീൻ ഉപയോഗിച്ചാൽ 

തലച്ചോറിലും കേന്ദ്ര നാഡീവ്യൂഹത്തിലും കഫീൻ ചെലുത്തുന്ന സ്വാധീനം കാരണം കൂടുതൽ ഉണർവുള്ളവരാക്കുന്നു. എന്നാല്‍ അമിതമായ അളവിൽ അകത്തു ചെന്നാല്‍ ഹൃദയമിടിപ്പ് കൂടുക, അസാധാരണമായ ഹൃദയതാളം, അപസ്മാരം എന്നിവപോലുള്ള  പ്രശ്നങ്ങൾക്ക് കാരണമാകും. സാധാരണയായി, 400 മില്ലിഗ്രാം കാപ്പി (നാല് കപ്പ് ഇൻസ്റ്റന്റ് കാപ്പിക്ക് തുല്യം) മിക്ക ആരോഗ്യമുള്ള മുതിർന്നവർക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. കഫീൻ പൗച്ചുകൾ ശരീരത്തിന് അമിതമായ കഫീൻ നൽകുന്നതിനു പുറമെ, അവ പല്ലിനും ചുണ്ടിനും ഇടയിൽ വെക്കുന്നത് മോണയിൽ അസ്വസ്ഥതകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

"കഫീൻ താൽക്കാലികമായി ഉണർവ്വ് നൽകാമെങ്കിലും, ഇത് ഉറക്കം തടസ്സപ്പെടുത്തുകയും കാലക്രമേണ ക്ഷീണം കൂട്ടുകയും ചെയ്യാം. പ്രത്യേകിച്ചും കുട്ടികളിലും കൗമാരക്കാരിലും’ ലണ്ടനിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡയറ്ററ്റിക്സ് വിഭാഗം മേധാവിയും ബ്രിട്ടീഷ് ഡയറ്ററ്റിക് അസോസിയേഷൻ വക്താവുമായ ബിനി സുരേഷ് പറഞ്ഞു.

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച് കഫീൻ ഉപയോഗം യുവാക്കള്‍ക്കിടയില്‍ കോപം, അക്രമം, ഉറക്കക്കുറവ്, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയിലേക്ക് നയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. ഐസ്‌ലാൻഡിലെ ഗവേഷകർ 14-ഉം 15-ഉം വയസ്സുള്ള 7,400 കൗമാരക്കാരിൽ സർവേ നടത്തുകയും, മിക്കവരും സാധാരണ ദിവസങ്ങളിൽ കഫീൻ ഉപയോഗിക്കുന്നതായും  റിപ്പോർട്ട് ചെയ്യുന്നു.

ENGLISH SUMMARY:

Caffeine pouches are gaining popularity among US teenagers for quick energy boosts, but health experts are issuing warnings due to significant risks. Excessive use can lead to serious health issues, including heart problems, sleep deprivation, and behavioral changes.