സാമൂഹികമായ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അനാവശ്യമായ ഭയമാണ് ‘സോഷ്യൽ ഫോബിയ’. തീവ്രമായ ഉത്കണ്ഠയുടെ ഗണത്തിൽപ്പെട്ട മാനസിക രോഗങ്ങളിൽ ഒന്നുമാത്രമാണിത്. പൊതുവേ അധികം സംസാരിക്കാത്ത ഉൾവലിഞ്ഞ സ്വഭാവമുള്ളവരിലാണ് സോഷ്യൽ ഫോബിയയുടെ ലക്ഷണങ്ങൾ കണ്ടുവരുന്നത്. ഇന്ത്യയിൽ അഞ്ച് മുതൽ പത്ത് ശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ പ്രശ്നം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കാറുണ്ടെങ്കിലും ചികിത്സക്കാന്‍ എത്തുന്നവരില്‍ കൂടുതലും പുരുഷന്മാരാണ്.
പൊതുമധ്യത്തില്‍ അപരിചിതരോട് സംസാരിക്കേണ്ടിവരിക, ആൾക്കൂട്ടത്തിന് മുന്നിൽ പ്രസംഗിക്കേണ്ടി വരിക, തന്നെക്കാൾ ഉയർന്ന നിലയിലുള്ളവരുമായി ഇടപെടേണ്ടി വരിക, സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കുക, അവിടെ ആളുകളുടെ മുന്നിൽ എന്തെങ്കിലും പ്രവൃത്തി ചെയ്യേണ്ടി വരിക തുടങ്ങിയ സന്ദർഭങ്ങളിലാണ് സോഷ്യൽ ഫോബിയയുടെ ലക്ഷണങ്ങള്‍ പൊതുവിൽ കണ്ടുവരുന്നത്. ഇത്തരം സാചര്യങ്ങളില്‍ തങ്ങളുടെ സംസാരം, പെരുമാറ്റം, ആംഗ്യങ്ങൾ, മുഖഭാവം എന്നിവ ശരിയാവില്ല എന്ന ശക്തമായ തോന്നൽ ആളുകള്‍ക്ക് ഉണ്ടാകുന്നു. തീവ്രമായ അളവിൽ മാനസികവും ശാരീരികവുമായ ഉത്കണ്ഠ, മാനസിക സമ്മർദം, പിരിമുറുക്കം തുടങ്ങിയവ അനുഭവപ്പെടുക എന്നതാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം.
അമിതമായ നെഞ്ചിടിപ്പ്, പതിവിലധികമുള്ള വിയർപ്പ്, വിറയൽ, സംസാരത്തിലെ വിക്കൽ, വായിലെ വെള്ളം വറ്റുക, തലചുറ്റുക എന്നിവയെല്ലാം സോഷ്യൽ ഫോബിയയുടെ ശാരീരിക ലക്ഷണങ്ങളാണ്. മാനസികമായി സമാധാനം അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണ് സോഷ്യൽ ഫോബിയ അനുഭവിക്കുന്നവർ പ്രധാനമായും നേരിടുന്ന പ്രശ്നം. ഉത്കണ്ഠയുളവാക്കുന്ന രീതിയിലുള്ള ചിന്തകളും പലതരം വേദനകളുമെല്ലാം ഇവർക്ക് അനുഭവപ്പെടാറുണ്ട്. സോഷ്യൽ ഫോബിയയുള്ള എല്ലാവർക്കും എല്ലാ സാഹചര്യങ്ങളിലും ഇത്തരം ഉത്കണ്ഠയുണ്ടാവണമെന്നില്ല.
‘സോഷ്യൽ ഫോബിയ’ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചിലപ്പോൾ വ്യക്തികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. അസ്വസ്ഥതകളും മാനസിക സമ്മർദങ്ങളും കുറക്കാൻ ആളുകൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും അവയ്ക്ക് അടിമപ്പെടുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇത് ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാവുകയും ചെയ്യും. ചിലരിൽ വിഷാദരോഗവും ആത്മഹത്യാ പ്രവണതയും കാണാറുണ്ട്. സോഷ്യൽ ഫോബിയയെ ഒരു രോഗമായി പരിഗണിച്ച് എത്രയും നേരത്തെ ചികിത്സ ആരംഭിക്കുകയാണ് ചെയ്യേണ്ടത്.