game-transfer-phenomena

TOPICS COVERED

പല വിധത്തിലുള്ള വിഡിയോ ഗെയിമുകള്‍ക്ക് മുന്‍പില്‍ മണിക്കൂറുകളോളം സമയം ചെലവഴിക്കുന്നവരാണ് നമ്മില്‍ പലരും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് വിഡിയോ ഗെയിമുകളുടെ മായിക ലോകത്താണ്..എന്നാല്‍ വിഡിയോ ഗെയിമുകള്‍ കളിച്ച് പൂര്‍ത്തിയാക്കിയ ശേഷവും അവ നിങ്ങളെ പിന്തുടരാറുണ്ടോ..?

നേരത്തെ കളിച്ച വിഡിയോ ഗെയ്മിലെ രൂപങ്ങളും ശബ്ദവും ആയുധങ്ങളുമെല്ലാം കളി കഴിഞ്ഞിട്ടും നിങ്ങളുടെ കണ്‍ മുന്‍പില്‍ തന്നെ തുടരാറുണ്ടോ?? അതായത് വിര്‍ച്വല്‍ വേള്‍ഡില്‍ നിന്നും അവയെല്ലാം റിയല്‍ വേള്‍ഡിലേക്ക് കടന്നു വരാറുണ്ടോ..?

ഉണ്ടെങ്കില്‍ നിങ്ങളും ഗെയിം ട്രാന്‍സ്ഫര്‍ ഫിനോമിന അഥവാ ജി.ടി.പി എന്ന അവസ്ഥയിലൂടെ കടന്ന് പോകുന്നവരായിരിക്കാം..

എന്താണ് ഗെയിം ട്രാന്‍സ്ഫര്‍ ഫിനോമിന??

നേരത്തെ സൂചിപ്പിച്ചത് പോലെ വിഡിയോ ഗെയിംസിലെ മായിക കാഴ്ചകള്‍ യഥാര്‍ഥ ജീവിതവുമായി  കെട്ടുപിണഞ്ഞ് കിടക്കുന്ന അവസ്ഥയാണിത്.  മണിക്കൂറുകളോളം ഒരു ഗെയിം കളിച്ച് ശേഷം  കമ്പ്യൂട്ടറോ മൊബൈലോ ഓഫ് ചെയ്താലും  ആ വിഡിയോ ഗെയിംസ് നിങ്ങളുടെ ചിന്തകളില്‍ നിന്ന് വിട്ട് പോകില്ല. ഇത് പല തരത്തില്‍ സംഭവിക്കാം. ചിലപ്പോള്‍ കണ്ണടച്ച് വിശ്രമിച്ചാലും വിഡിയോ ഗെയ്മിലെ കാഴ്ചകള്‍ ഒരു ഹലൂസിനേഷന്‍ പോലെ നിങ്ങളുടെ കണ്‍മുന്‍പില്‍ കാണാന്‍ സാധിക്കും..മറ്റു ചിലപ്പോള്‍ ഹെഡ്ഫോണ്‍ മാറ്റിവെച്ചാലും ഗെയിമിലെ ശബ്ദങ്ങള്‍ നിങ്ങളുടെ ചെവിയില്‍ നിന്നും വിട്ട് മാറില്ല. ഇനി ചിലപ്പോള്‍  ചുറ്റിലും കാണുന്ന വസ്തുക്കളെയെല്ലാം ഗെയിമിലേത് പോലെ  ശേഖരിച്ച് സ്കോര്‍ സ്വന്തമാക്കാന്‍ തോന്നും.

നോര്‍വെയിലെ ബെര്‍ഗെന്‍ സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റായ ഏഞ്ചലിക ഓര്‍ടിസ് ഡെ ഗോര്‍ട്ടാരിയാണ് ഗെയിം ട്രാന്‍സ്ഫര്‍ ഫിനോമിന എന്ന പദം ആദ്യമായി ഉപയോഗിച്ചത്. മാര്‍ക് ഗ്രിഫിത്സിന്‍റെ ഗൈഡ്ഷിപ്പില്‍ ഏഞ്ചലിക നടത്തിയ പി.എച്.ഡി തിസീസിന്‍റെ ഭാഗമായാണ് ഈ വാക്ക് കണ്ടെത്തിയത്.

തന്‍റെ തന്നെ അനുഭവവും ജി.ടി.പിയുടെ പഠനത്തിന് സഹായകമായി എന്നവര്‍ പറയുന്നു. ഒരിക്കല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെയെല്ലാം വിഡിയോ ഗെയിമിലേത് പോലെ ഒരു റൈഫിള്‍ സ്കോപിനുള്ളിലൂടെ നോക്കുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടെന്ന് അവര്‍ പറയുന്നു.

നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പാട്ട് അറിയാതെ നമ്മുടെ നാവിന്‍ തുമ്പില്‍ വരാറില്ലേ. ചില സിനിമകളിലെ ദൃശ്യങ്ങള്‍ ഇടയ്ക്കിടെ ഓര്‍ക്കാറില്ലേ..ഗെയിം ട്രാന്‍സ്ഫര്‍ ഫിനോമിനയയും ഏറെക്കുറെ സമാനമായ ഒരു പ്രതിഭാസമാണെന്ന് ഏഞ്ചലിക പറയുന്നു. എന്നാല്‍ ജി.ടി.പിയില്‍ ഇതിന്‍റെ തീവ്രത കൂടുതലായിരിക്കും. കാരണം കണ്‍ട്രോള്‍ ഇന്‍ഹിബിഷനുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ  ഭാഗത്തെ ഗെയിംമിംങ് കൂടുതല്‍ ആക്റ്റിവേറ്റ് ചെയ്യുന്നു.

ഗെയിം ട്രാന്‍സഫര്‍ ഫിനോമിനയുടെ ദോഷങ്ങള്‍ എന്തെല്ലാം?

ശരിയായ ഉറക്കത്തെ ബാധിക്കുന്നു

ജി.ടി.പി അനുഭവപ്പെടുന്ന വ്യക്തികള്‍ക്ക് സുഖമമായ ഉറക്കം ലഭിക്കില്ല.ഉറക്കത്തിനിടയിലും ഗെയ്മിംങ്ങുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കാണുന്നതിനാല്‍ ശരിയായ ഉറക്കം ലഭിക്കില്ല.. ഇത് സ്ലീപ്പിംങ് ഡിസോര്‍ഡറുകളിലേക്ക് നയിക്കാം.

മറ്റൊന്നിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക

ജി.ടി.പി അനുഭവപ്പെടുന്നവര്‍ക്ക് മറ്റ് പ്രവര്‍ത്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരും.ഇത് പ്രൊഡക്റ്റിവിറ്റി കുറയ്ക്കാന്‍ കാരണമാകുന്നു.

പഠനത്തില്‍ ശ്രദ്ധ കുറയുന്നു

വിദ്യാര്‍ഥികള്‍ക്ക് പഠനത്തിലും ഹോം വര്‍ക് ചെയ്യാനുമെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെടുക.പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരുകയും അത് വഴി പഠനകാര്യങ്ങളില്‍ പിന്നോട്ട് പോവുകയും ചെയ്യും

അമിതമായ ഉത്കണഠ

അമിതമായ ഉത്കണഠയാണ് ജി.ടി.പി ഉയര്‍ത്തുന്ന മറ്റൊരു വെല്ലുവിളി. എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന് മനസിലാക്കാനാകാത്ത  ആ അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനാവാതെ പലരും ഉത്കണ്ഠാകുലരാകാറുണ്ട്.

മറ്റുള്ളവരുമായി ഇടപഴകാന്‍ ബുദ്ധിമുട്ട്

മറ്റുള്ളവരുമായി ഇടപഴകാന്‍ ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ഇത് കുടുംബമോ കൂട്ടുകാരോ ആയുള്ള മോശം വ്യക്തി ബന്ധത്തിലേക്ക് നയിക്കുന്നു.

2016ല്‍  ബിഹേവിയറല്‍ അഡിക്ഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം 97% ഗെയിമേഴ്സും ഒരിക്കലെങ്കിലും ജി.ടി.പി ലക്ഷണം അഭിമുഖീകരിച്ചവരാണ്. 45% പേര്‍ക്ക് നാലോ അഞ്ചോ ലക്ഷണങ്ങള്‍ ഒരുമിച്ച് അനുഭവപ്പെട്ടിട്ടുണ്ട്.

ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് മെന്‍റല്‍ ഹെല്‍ത്ത് അഡിക്ഷന്‍ 2019ല്‍ നടത്തിയ സര്‍വേ പ്രകാരം 62% പേര്‍  ഗെയിമിലെ ദൃശ്യങ്ങളോ മ്യൂസികോ ഹല്യൂസിനേറ്റ് ചെയ്യുന്നു.46% പേര്‍ക്ക് ഗെയിം കളിക്കുമ്പോള്‍ ചെയ്യുന്നത് പോലുള്ള കൈയ്യുടെ ഇന്‍വോളന്‍ററി ചലനവും അനുഭവപ്പെടുന്നു.

46 % ആളുകള്‍ക്ക് യഥാര്‍ഥ വസ്തുക്കളെ ഗെയിമില്‍ കണ്ട വസ്തുക്കളാണെന്ന തോന്നലുണ്ടായെന്നും സര്‍വെ വ്യക്തമാക്കുന്നു. 

എങ്ങനെ മറികടക്കാം?

വിഡിയോ ഗെയ്മുകളോടുളള അഡിക്ഷന്‍ കുറയ്ക്കുക എന്നത് തന്നെയാണ് പ്രധാന പോം വഴി. ഇതിനായി ഗെയിം കളിക്കുന്ന സമയം കുറച്ച് കൊണ്ടുവരിക..ഗെയിമില്‍ മാത്രം മുഴുകുന്നതിന് പകരം മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക. പുറമെയുള്ള കളികളില്‍ ഏര്‍പ്പെടുക. വായനയ്ക്കും മറ്റു വിനോദങ്ങള്‍ക്കുമായും സമയം കണ്ടെത്തുക. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാവുന്നതും ഗെയിമില്‍ നിന്നും ചിന്തയെ തിരിച്ചുവിടാന്‍ സാധിക്കും.ഒരേ തരം ഗെയിം മണിക്കൂറുകള്‍ കളിക്കുന്നതിന് പകരം വ്യത്യസ്തതരം ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതും ജി.ടി.പിയെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടുന്നതും ഫലപ്രദമാണ്..

ഇനി നിങ്ങളും ഒന്നാലോചിക്കുക . എപ്പോഴെങ്കിലും ജി.ടി.പി അനുഭവപ്പെട്ടിട്ടുണ്ടോ..?

ENGLISH SUMMARY:

Many people, from kids to adults, spend hours immersed in the world of video games. But have you ever experienced lingering images, sounds, or sensations from a game even after you've stopped playing? If so, you might be experiencing Game Transfer Phenomena (GTP) — a condition where elements of the virtual world cross over into real-life perception.