അസഹനീയ വേദന  കഴിഞ്ഞ 12 വർഷത്തെ മനുവിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു. വേദനക്ക് കാരണം കണ്ടെത്താൻ 44 കാരിയായ ഈ കൊല്ലം സ്വദേശിനി പല ആശുപത്രികളിലും കയറിയിറങ്ങി. വി.പി.എസ് ലേക്‌ഷോറിൽ നടത്തിയ വിദഗ്ധ ശസ്ത്രക്രിയയിൽ, മനുവിന്‍റെ നട്ടെല്ലിൽ നിന്ന് ഗ്ലാസ് കഷ്ണങ്ങൾ നീക്കം ചെയ്തതോടെയാണ് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ഈ ദുരിതത്തിന് അറുതിയായത്. 

കരുനാഗപ്പള്ളി സ്വദേശിനിയായ 44കാരി എസ്.ബി. മനുവിന്‍റെ ശരീരത്തിൽ നിന്നാണ് മൂന്ന് സെന്‍റീമീറ്ററോളം വലിപ്പമുള്ള ഗ്ലാസ് കഷ്ണങ്ങൾ  പുറത്തെടുത്തത്. സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് ഗ്ലാസ് കഷണങ്ങൾ നീക്കം ചെയ്തത്. മനുവിന്‍റെ നടുവിന്‍റെ ഭാഗത്ത് നട്ടെല്ലിനോട് ചേർന്നാണ് ത്രികോണാകൃതിയിലുള്ള ഒരു കഷ്ണം ഉൾപ്പെടെ മൂന്ന് ഗ്ലാസ് കഷ്ണങ്ങൾ കണ്ടെത്തിയത്. പതിറ്റാണ്ടിലധികം നീണ്ട വേദനയുടെ കാരണം തേടിയുള്ള മനുവിന്‍റെയും കുടുംബത്തിന്‍റെയും യാത്രക്കാണ് ഇതോടെ വിരാമമായത്. റേഡിയോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരും ചികിത്സയിൽ പങ്കാളികളായി. 

12 വർഷങ്ങൾക്ക് മുമ്പ് ഭർതൃസഹോദരിയുടെ വിവാഹ ചടങ്ങിനിടെയുണ്ടായ വീഴ്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് എട്ട് മാസം ഗർഭിണിയായിരുന്ന മനു, ഗ്ലാസ് പതിച്ച ടീപ്പോയിലേക്ക് വീഴുകയായിരുന്നു. ഗ്ലാസ് തകർന്നതോടെ കഷണങ്ങൾ നടുവിൽ തുളച്ചുകയറി. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും എല്ലാ ഗ്ലാസ് കഷണങ്ങളും അന്ന് കണ്ടെത്തി പുറത്തെടുത്തിരുന്നില്ല. ഇതോടെ ചില കഷണങ്ങൾ ശരീരത്തിനുള്ളിൽ തന്നെ തുടരുകയായിരുന്നു. 

പിന്നീട് ശക്തമായ വേദന അനുഭവപ്പെട്ട് തുടങ്ങിയെങ്കിലും അതിന്‍റെ കാരണം ഇതാണെന്ന് കണ്ടെത്താനുമായില്ല. കൃത്യമായ കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ മനുവിന് മാനസിക പ്രശ്നമാണെന്ന് കരുതിയവർ പോലുമുണ്ടെന്ന് അവർ പറയുന്നു. എന്നാൽ താൻ അനുഭവിക്കുന്നത് ശക്തമായ ശാരീരിക വേദനയാണെന്ന നിലപാടിൽ മനു ഉറച്ചുനിന്നു.

കടുത്ത വേദന മനുവിന്‍റെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നുവെന്ന് ഭർത്താവ് രാജീവ് പറഞ്ഞു. രാത്രിയിൽ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. കൈകൾ ഉയർത്തുമ്പോൾ പോലും കടുത്ത വേദനയായിരുന്നു. കുട്ടികളെ പരിപാലിക്കുന്നതിനും ജോലികളിൽ ഏർപ്പെടുന്നതിനും ബുദ്ധിമുട്ടായിരുന്നു. കരുനാഗപ്പള്ളിയിൽ താലൂക്ക് സപ്ലൈ ഓഫിസറായി ജോലി ചെയ്തിരുന്ന മനുവിന് ആരോഗ്യനില മോശമായതോടെ ഔദ്യോഗിക ചുമതലകൾ പോലും ശരിയായി നിർവഹിക്കാനാകാത്ത സ്ഥിതിയുണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അടുത്തിടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിർണായക സൂചന ലഭിച്ചത്. ട്യൂമറിന് സമാനമായ ഒരു സാധ്യത സംശയിച്ച ഡോക്ടർമാർ എം.ആർ.ഐ പരിശോധന നിർദേശിച്ചിരുന്നു. തുടർന്നാണ് ഈ  മനു ഡോ. കൃഷ്ണകുമാറിനെ സമീപിച്ചത്. ത്രീഡി സിടി സ്കാനിലാണ് ഗ്ലാസ് കഷണങ്ങളാണെന്ന് കണ്ടെത്തിയത് കഴുത്തുവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ മനു അനുഭവിച്ചിരുന്നുവെന്നും അതിനാൽ മുൻകാല ചികിത്സകളിൽ ഏറെയും കഴുത്തിന്‍റെ ഭാഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടതെന്നും ഡോ. കൃഷ്ണകുമാർ പറഞ്ഞു. 

ഏറെക്കാലമായി നീണ്ടുനിൽക്കുന്ന വേദന മനുവിനെ നിരാശയുടെ വക്കിലെത്തിച്ചിരുന്നുവെന്ന് ബന്ധുവായ മുരളീധരൻ പറഞ്ഞു. 12 വർഷമായി മനു അനുഭവിക്കുന്ന വേദന താൻ നേരിട്ട് കണ്ടതാണ്. കാരണം കണ്ടെത്തുമെന്ന പ്രതീക്ഷയിൽ നിരവധി ഡോക്ടർമാരെയും ആശുപത്രികളെയും സമീപിച്ചു. ഇത്രയധികം ചികിത്സകൾ നടത്തിയിട്ടും വേദനയുടെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. ഇപ്പോഴെങ്കിലും കാരണം കണ്ടെത്തി കൃത്യമായ ചികിത്സ നൽകാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Chronic pain relief was achieved for Manu after a successful spinal surgery at VPS Lakeshore, where glass shards were removed from her spine. This life-changing surgery, reported by Malayala Manorama Online News, finally ended over a decade of agony.