വയസ് 16. ഭാരം 275 കിലോ. ശരാശരി 16കാരന്റെ ശരീരഭാരത്തിന്റെ ഏകദേശം ആറ് മടങ്ങ്. ഡൽഹിയിലെ ഒരു 16കാരന്റെ അവസ്ഥയായിരുന്നു ഇത്. ഭാരം ദിനംപ്രതി വർധിക്കുകയും ബോഡി മാസ് ഇൻഡക്സ് (BMI) 100ന് മുകളിലെത്തുകയും ചെയ്തതോടെ ഭാരം കുറയ്ക്കൽ ശസ്ത്രക്രിയയായ ബാരിയാട്രിക് സർജറിയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ.
അമിതഭാരം കാരണം കഴുത്തിലും ആന്തരികാവയവങ്ങളിലും വലിയ സമ്മർദമാണ് കുട്ടിക്ക് അനുഭവപ്പെട്ടിരുന്നത്. ഉറക്കത്തിനിടെ ഇടയ്ക്കിടെ ശ്വാസം നിലയ്ക്കുന്ന സ്ലീപ്പ് അപ്നിയയും കുട്ടിയെ ബാധിച്ചിരുന്നു. കൂടാതെ, അമിതഭാരം കാരണം ശരീരത്തിൽ ആഴത്തിലുള്ള മടക്കുകൾ രൂപപ്പെട്ട് ചില ഭാഗങ്ങളിൽ പഴുപ്പും ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് കുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. എന്നാൽ സാധാരണ കാറിൽ കുട്ടിയെ ആശുപത്രിയിലെത്തിക്കുക പോലും ഭാരം കാരണം സാധ്യമല്ലായിരുന്നു. തുടർന്ന് സീറ്റുകൾ ഇളക്കിമാറ്റിയ മിനിബസിൽ കുട്ടിയെ കിടത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
കുട്ടികളുടെ രൂപത്തിലുള്ള സെക്സ് ഡോളുകൾ; ബാലപീഡകരെ ലക്ഷ്യമിട്ട് അന്വേഷണം; ആശങ്കയിൽ ഓസ്ട്രേലിയ...
ശസ്ത്രക്രിയയും വലിയ വെല്ലുവിളിയായിരുന്നു. ശിശുരോഗ വിദഗ്ധർ, ശിശു ഹൃദ്രോഗ വിദഗ്ധർ, ശിശു ഉദരരോഗ വിദഗ്ധർ, അനസ്തീസിയ വിദഗ്ധർ എന്നിവരടക്കം ഇരുപതോളം ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇത്രയും ഭാരമുള്ള ഒരാളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമ്പോൾ അധിക മുൻകരുതലുകൾ സ്വീകരിക്കേണ്ടിവന്നു. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു ചികിത്സ.
എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മൂന്ന് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ട് മാസം മുമ്പായിരുന്നു ശസ്ത്രക്രിയ. അന്ന് 275 കിലോയായിരുന്ന കുട്ടിയുടെ ഭാരം ഇപ്പോൾ 223 കിലോയായി കുറഞ്ഞു. അതായത് രണ്ട് മാസത്തിനിടെ ഏകദേശം 52 കിലോയുടെ കുറവ്.
ഭാരം ക്രമേണ കുറഞ്ഞുവരുന്നതോടെ കുട്ടിയുടെ ശാരീരിക അസ്വസ്ഥതകൾക്കും മാറ്റമുണ്ടാകുമെന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നുമാണ് ഡോക്ടർമാരുടെ പ്രതീക്ഷ.