Image Credit : Facebook
ഇന്ത്യാ സന്ദര്‍ശനം തന്നെ രോഗിയാക്കിയെന്ന ആക്ഷേപവുമായി ബ്രിട്ടിഷ് യുവതി. 42-കാരിയായ ലോറി ഡെൻമാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് തന്‍റെ ശരീരത്തില്‍ വിരകള്‍ കയറിക്കൂടിയത് ഇന്ത്യാ സന്ദര്‍ശനത്തിനിടെയാകാമെന്ന് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇന്ത്യയില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് സ്ഥിരീകരിക്കുന്ന വൈദ്യശാസ്ത്ര തെളിവുകളില്ല എന്നതും ശ്രദ്ധേയമാണ്.
42-കാരിയായ ലോറി ഡെൻമാൻ പറയുന്നതനുസരിച്ച്, 2007-ൽ 20-ാം വയസ്സിലാണ് അവർ ഇന്ത്യ സന്ദർശിച്ചത്. യാത്രയ്ക്കിടെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സസ്യാഹാരം മാത്രമാണ് കഴിച്ചത്. തിരിച്ച് നാട്ടിലെത്തിയ ശേഷം വർഷങ്ങളോളം യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. എന്നാൽ, 2010-ൽ ഒരു റെസ്റ്റോറന്റിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ മലത്തിൽ ഏകദേശം ഒരു മീറ്റർ നീളമുള്ള വിരയെ കണ്ടതോടെയാണ് ആശങ്ക ആരംഭിച്ചത്. ഉടൻ ഡോക്ടറെ സമീപിച്ചെങ്കിലും അന്നത്തെ പരിശോധനകളിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല.
തുടർന്ന് 2011-ൽ കടുത്ത തലവേദനയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ എം.ആർ.ഐ, സി.ടി. സ്കാനുകളിലാണ് തലച്ചോറിൽ ചില മുഴകള്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ന്യൂറോസിസ്റ്റിസെർക്കോസിസ് (Neurocysticercosis) എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. ഇവരുടെ തലച്ചോറില്‍ നിന്ന് 36 നാടവിരകളെയും കണ്ടെത്തി. യുകെയിൽ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗമാണിത്. ലോകാരോഗ്യ സംഘടനയുടെ (WHO) വിശദീകരണമനുസരിച്ച്, Taenia solium എന്ന പന്നി ടേപ്പ് വോമിന്റെ മുട്ടകൾ കലർന്ന ഭക്ഷണമോ വെള്ളമോ കഴിക്കുകയോ ശുചിത്വക്കുറവുമൂലമോ ഈ രോഗബാധ ഉണ്ടാകാം. പന്നിയിറച്ചി കഴിക്കുന്നതുകൊണ്ട് മാത്രം ന്യൂറോസിസ്റ്റിസെർക്കോസിസ് ഉണ്ടാകില്ല എന്നതും WHO വ്യക്തമാക്കുന്നുണ്ട്.
ടേപ്പ് വോമിന്റെ മുട്ടകൾ ശരീരത്തിൽ പ്രവേശിച്ചാൽ വർഷങ്ങളോളം ലക്ഷണങ്ങളൊന്നും പ്രകടമാകാതിരിക്കാം. അതുകൊണ്ടാണ് ഇന്ത്യ സന്ദർശനത്തിനിടെയാകാം അണുബാധ ഉണ്ടായതെന്ന സംശയം തനിക്കുള്ളതെന്ന് ലോറി പറയുന്നു. എന്നാൽ, രോഗബാധ ഇന്ത്യയിൽ നിന്നാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ചികിത്സയുടെ ഭാഗമായി തലച്ചോറിലെ പരാദങ്ങളെയും അവ സൃഷ്ടിച്ച സിസ്റ്റുകളെയും നിയന്ത്രിക്കാൻ ശസ്ത്രക്രിയയും സ്റ്റിറോയിഡ് ഉൾപ്പെടെയുള്ള മരുന്നുകളും നൽകി. പിന്നീട് രോഗലക്ഷണങ്ങൾ കുറഞ്ഞെങ്കിലും തലച്ചോറിൽ ഉണ്ടായ വീക്കവും ചെറിയ മുറിവുകളും കാരണം ശരീരത്തിൽ തരിപ്പ്, മാനസികാസ്വാസ്ഥ്യം, കടുത്ത വിഷാദം എന്നിവ അനുഭവപ്പെട്ടതായി ലോറി പറയുന്നു.
രോഗം ഗുരുതരമായതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നെന്നും മാസങ്ങളോളം ന്യൂറോ-സൈക്യാട്രിക് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നെന്നും അവർ വെളിപ്പെടുത്തി. വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം അപസ്മാരത്തിൽ നിന്ന് മോചിതയായെങ്കിലും ജീവിതകാലം മുഴുവൻ അപസ്മാരത്തിനുള്ള മരുന്നുകൾ കഴിക്കേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ ന്യൂറോസിസ്റ്റിസെർക്കോസിസിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് ലോറി പറയുന്നു. ഇതിനിടെ, ഇന്ത്യ സന്ദർശനവുമായി രോഗത്തെ ബന്ധിപ്പിച്ചുള്ള അവരുടെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.