ഷിഗെല്ല വീണ്ടും എത്തിയിരിക്കുന്നു. വയനാട്ടില്‍ 21 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്താണ് ഷിഗെല്ല ? രോഗത്തെ ഭയപ്പെടേണ്ടതുണ്ടോ ?
കുടലിനെ ബാധിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ലയ്ക്ക് കാരണം. 5 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. എന്നാല്‍ ഇത് ഏത് പ്രായക്കാരെയും ബാധിക്കാന്‍ സാധ്യതയുണ്ട്.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം രോഗബാധിതരുടെ മലത്തിലൂടെ വളരെ വേഗത്തിൽ പകരുന്നു. കൈകൾ, ഭക്ഷണം, വെള്ളം എന്നിവയിലൂടെയൊക്കെ രോഗാണുക്കൾ മറ്റുള്ളവരിലേയ്ക്ക് എത്താം. ഇത്തരത്തില്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുകയോ, രോഗാണുക്കൾ വായിലൂടെ ശരീരത്തിൽ പ്രവേശിക്കുകയോ ചെയ്താൽ അണുബാധ ഉണ്ടാകാം.
എന്താണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ ?
രോഗാണുക്കളുമായി സമ്പർക്കം വന്നതിന് ശേഷം സാധാരണയായി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും. ചിലരിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ ഒരാഴ്ച വരെ സമയമെടുക്കാം. രക്തമോ ശ്ലേഷ്മമോ കലർന്ന വയറിളക്കം, വയറുവേദന, വയറുകടച്ചിൽ, പനി, ഛർദ്ദി, ഓക്കാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില രോഗികളിൽ മലം പുറത്തുപോകാനുള്ള ശക്തമായ തോന്നൽ ഉണ്ടായിട്ടും മലം പുറത്തുവരാത്ത അവസ്ഥയും അനുഭവപ്പെടാം. എപ്പോൾ ചികിത്സ തേടണം? രക്തം കലർന്ന വയറിളക്കം, കടുത്ത പനി, വയറുവേദന, തുടർച്ചയായ ഛർദ്ദി, നിർജലീകരണത്തിന്‍റെ ലക്ഷണങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മിക്ക കേസുകളിലും രോഗം ഒരാഴ്ചയ്ക്കുള്ളിൽ മാറിപ്പോകുമെങ്കിലും ചിലരിൽ നിർജലീകരണം, അപസ്മാരം, വൻകുടലിന്റെ തകരാറുകൾ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ അണുബാധ എന്നിവ പോലുള്ള ഗുരുതര സങ്കീർണതകൾ ഉണ്ടാകാം.
എങ്ങനെ പ്രതിരോധിക്കാം ?
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, മലിനജലം ഒഴിവാക്കുക, ശുചിത്വം പാലിക്കുക, രോഗബാധിതരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക എന്നിവയാണ് രോഗം തടയാനുള്ള പ്രധാന മാർഗങ്ങൾ. വയറിളക്കം ഉള്ള കുട്ടികളെ സ്കൂളുകളിലേയ്ക്കും ഡേകെയർ കേന്ദ്രങ്ങളിലേയ്ക്കും അയക്കാതിരിക്കുക. പൊതുജനങ്ങൾ വ്യക്തിശുചിത്വത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തിയാൽ ഷിഗെല്ല എന്ന അണുബാധയുടെ വ്യാപനം ഫലപ്രദമായി തടയാനാകുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പു നല്‍കുന്നു.