ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ‘ബ്ലൂട്ടൂത്തിങ്’ എന്നറിയപ്പെടുന്ന അപകടകരമായ ലഹരി ഉപയോഗ രീതി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പേര് കേള്‍ക്കുമ്പോള്‍ സാങ്കേതിക പദം പോലെ തോന്നുമെങ്കിലും ഈ രീതിക്ക് സാങ്കേതിക വിദ്യയുമായി യാതൊരു ബന്ധവുമില്ല. മറിച്ച് ഒരാൾ ആദ്യം ലഹരി കുത്തിവയ്ക്കുകയും, തുടർന്ന് അയാളുടെ രക്തം മറ്റൊരാൾ സ്വന്തം ശരീരത്തിലേക്ക് കുത്തിവയ്ക്കുകയും ചെയ്യുന്ന ഏറെ വിചിത്രവും അപകടകരവുമായ ലഹരി ഉപയോഗ രീതിയാണിത്.
ആദ്യം ഉപയോഗിക്കുന്നയാളുടെ രക്തത്തില്‍ കലരുന്ന ലഹരി മരുന്ന് മറ്റൊരാള്‍ കുത്തിവയ്ക്കുന്നത് വഴി അയാള്‍ക്കും ലഹരിയുടെ ‘കിക്ക്’ കിട്ടും എന്ന തെറ്റായ സിദ്ധാന്തമാണ് ഈ രീതിക്ക് പിന്നില്‍. എന്നാല്‍ വളരെ അപൂർവമായി ഇത് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കൂ എന്ന് വിദഗ്ധർ പറയുന്നു. ലഹരിക്ക് നല്‍കേണ്ടി വരുന്ന പണം ലാഭിക്കാനുള്ള ശ്രമമാണ് ‘ബ്ലൂട്ടൂത്തിങ്’ വലിയ രീതിയില്‍ വ്യാപിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരി മരുന്നുകളുടെ ലഭ്യത കുറയുകയോ വേണ്ട സമയത്ത് ആവശ്യത്തിന് ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോളും ഈ രീതി ഉപയോഗിക്കാറുണ്ടത്രേ. ലഹരി ഉപയോഗത്തെ കുറിച്ച് കൃത്യമായ അവബോധമില്ലാത്തതും ‘ബ്ലൂട്ടൂത്തിങ്’ അടക്കമുള്ള അപകടകരമായ മാര്‍ഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.
എന്നാല്‍ ഉപയോഗിക്കുന്നവര്‍ കരുതുന്നത് പോലെ അത്ര നിസാരമല്ല ബ്ലൂട്ടൂത്തിങ്. സൂചികൾ പരസ്പരം പങ്കിട്ട് ലഹരി ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണീ രീതി. ലഹരി ഉപയോഗിക്കുന്നതിനുള്ള ഒട്ടും സുരക്ഷിതമല്ലാത്ത മാർഗങ്ങളിൽ ഒന്ന്. ഇന്ന് എച്ച്ഐവി അണുബാധ വ്യാപിക്കുന്നതിന് പ്രധാന കാരണമായി ബ്ലൂട്ടൂത്തിങിനെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അണുബാധകള്‍ക്ക് പുറത്തേക്കും ബ്ലൂട്ടൂത്തിങിന്‍റെ അപകട സാധ്യതകള്‍ നീണ്ടുകിടക്കുന്നു. പരസ്പരം ‘ബ്ലൂട്ടൂത്തിങ്’ ചെയ്യുന്നവരുടെ രക്തഗ്രൂപ്പുകൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ചെറിയ അളവിൽ പോലും ഇത്തരത്തില്‍ മറ്റൊരാളുടെ രക്തം ശരീരത്തിലെത്തുന്നത് ദോഷകരമായി മാറിയേക്കാം.
ഇന്ന് ഫിജി, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും എച്ച്ഐവി അണുബാധകൾ വർദ്ധിക്കുന്നതിന് ഈ രീതി കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രണ്ട് രാജ്യങ്ങളിലും ഇതിനകം തന്നെ എച്ച്ഐവി അണുബാധയുടെ നിരക്ക് ഉയര്‍ന്നനിലയിലാണ്. ബ്ലൂടൂത്തിങ് ആകട്ടെ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു. ഫിജിയിൽ 2014 മുതൽ പുതിയ എച്ച്ഐവി കേസുകൾ പത്തിരട്ടിയായി വർദ്ധിച്ചതായി യുഎൻ എയ്ഡ്‌സ് ഡാറ്റ വ്യക്തമാക്കുന്നുണ്ട്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരില്‍ പകുതിയോളം പേർക്ക് സൂചികൾ പങ്കിടുന്നതിലൂടെയാണ് അണുബാധയുണ്ടായത്. എന്നാല്‍ ഇവരില്‍ എത്രപേര്‍ ലഹരിയല്ല, മറിച്ച് രക്തമാണ് പങ്കിട്ടത് എന്നതില്‍ വ്യക്തതയില്ല. എന്നിരുന്നാലും സുരക്ഷിതമല്ലാത്ത ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി വൈറസ് എത്ര വേഗത്തിൽ പടരും എന്നത് വ്യക്തമാക്കുന്നതാണ് ഈ പാറ്റേൺ. എച്ച്ഐവി ബാധയുടെ വർദ്ധനവ് കൂടുതലും കണ്ടെത്തിയതാകട്ടെ 15 നും 34 നും ഇടയിൽ പ്രായമുള്ളവരിലുമാണ്.
ഈ രാജ്യങ്ങളില്‍ മാത്രമല്ല, ഏഷ്യാ പസഫിക്, മധ്യേഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെയും കണക്കുകള്‍ ആശങ്കാജനകമാണെന്നാണ് യുഎൻ എയ്ഡ്‌സ് സപ്പോര്‍ട്ട് സംഘങ്ങളുടെ തലവനായ ഈമോൺ മർഫി പറയുന്നത്. ‘ബ്ലൂടൂത്തിങ്’ എന്ന രീതി വലിയ പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
ടാൻസാനിയയിൽ, ഇതേ രീതി ‘ഫ്ലാഷ് ബ്ലഡിങ്’ എന്നാണ് അറിയപ്പെടുന്നത്. നഗരപ്രദേശങ്ങളിൽ കണ്ടുവന്ന ഈ രീതി ഇന്ന് രാജ്യങ്ങളുടെ പ്രാന്തപ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ, ലഹരി കുത്തിവയ്ക്കുന്നവരിൽ ഏകദേശം 18 ശതമാനം പേർ ‘ബ്ലൂട്ടൂത്തിങ്’ പരീക്ഷിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാകിസ്ഥാനിലും സമാനമായ രീതി പ്രചാരത്തിലുണ്ട്. ഇവിടെ പകുതി ഉപയോഗിച്ചതും രക്തം നിറച്ചതുമായ സിറിഞ്ചുകൾ വില്‍ക്കാറുമുണ്ടത്രേ!