ആരോഗ്യകരമായ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം. എന്നാല്‍ പലപ്പോഴും മിക്കയാളുകളും ഉറക്കമില്ലായ്മ ഒരു പ്രശ്നമല്ലാതെയാണ് കാണുന്നത്. . തിരക്കുകള്‍ക്കിടയിലാണ് നമ്മുടെ ജീവിതം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തിരക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന കൂട്ടത്തില്‍ ഉറക്കത്തെ ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.
എന്നാല്‍ ഉറക്കക്കുറവ് കണ്ണിന് ചുറ്റും കറുപ്പ് മാത്രമല്ല ഉണ്ടാക്കുന്നത്. കൃത്യമായ ഉറക്കം നമ്മുടെ ആരോഗ്യത്തിന്റെ അടിത്തറയാണ്. ശരിയായ ഉറക്കമില്ലാത്ത ഒരു രാത്രി മതി നമ്മുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കാന്‍. ഉറങ്ങുന്നത് ഒരു നിശബ്ദമായ അവസ്ഥ ആണെങ്കില്‍പോലും അത് നമ്മുടെ ആരോഗ്യത്തിനെ ബാധിക്കുന്നത് വളരെ വലിയരീതിയിലാണ്.
ശരീരഭാരം നിയന്ത്രിക്കുക, ശരീരത്തെ വിഷവിമുക്തമാക്കുക തുടങ്ങി ഉറക്കത്തിന്റെ ഫലങ്ങള്‍ പലതാണ്. കണ്ണുകളുടെ ആരോഗ്യത്തിലും ഇത് നിർണായക പങ്ക് വഹിക്കുന്നു. കണ്ണിലെ ക്ഷീണം, ചുവപ്പ്, കണ്ണുകൾക്ക് വേദന എന്നിവയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഉറക്കക്കുറവ്. വലിയ രീതിയിലുള്ള ഉറക്കക്കുറവ് ഗുരുതരമായ കോർണിയൽ തകരാറുകൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
ഉറക്കം കണ്ണുകൾക്ക്, പ്രത്യേകിച്ച് കോർണിയയ്ക്ക്, ഭക്ഷണം പോലെയാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഉറക്കത്തിൽ, കോർണിയ ഓക്സിജനും അവശ്യ പോഷകങ്ങളും അടങ്ങിയ കണ്ണുനീർ പടലത്താൽ മൂടപ്പെട്ടിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുഴുവനായുള്ള ആരോഗ്യത്തിന് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം സാധാരണയായി ശുപാർശ ചെയ്യപ്പെടുന്നുണ്ട്.
എന്നാൽ കോർണിയയുട ആരോഗ്യത്തിന് കുറഞ്ഞത് നാല് മണിക്കൂർ തുടർച്ചയായ ഉറക്കം ആവശ്യമാണെന്നും ഉറക്കം തടസപ്പെടാന്‍ തുടങ്ങുന്നതോടെയാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും വിദഗ്ദര്‍ പറയുന്നു. ഉറക്കക്കുറവ് ഏനുഭവിക്കുന്നവരുടെ കോര്‍ണിയയില്‍ ചെറുതും വലുതുമായ മുറിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനെ റെക്കറൻ്റ് കോർണിയൽ ഇറോഷൻ എന്ന് പറയുന്നു.
ഉറക്കം ഉണരുംമ്പോള്‍ കണ്ണുകകള്‍ക്ക് ഉണ്ടാകുന്ന വേദന, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, കണ്ണില്‍ കരട്പോയതുപോലുള്ള അവസ്ഥ എന്നിവ ഉണ്ടാവുകയാണങ്കില്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലാത്തപക്ഷം ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. സ്ക്രീന്‍ ടൈം കുറച്ച് കണ്ണുകള്‍ക്ക് ശരിയായ രീതിയിലുള്ള വിശ്രമം നല്‍കാനും പ്രത്യേകം ശ്രദ്ധിക്കണം.