ഇന്നത്തെ കാലത്ത് ഇയര്‍ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ജോലിയുടെ ആവശ്യങ്ങള്‍ക്കായി, പാട്ടു കേള്‍ക്കാന്‍, പോഡ്കാസ്റ്റ് കേള്‍ക്കാന്‍, ഗെയിം കളിക്കാന്‍ തുടങ്ങി ഇയര്‍ഫോണുകളുടെ ഉപയോഗം പലവിധമാണ്. ഏകാഗ്രത ലഭിക്കാന്‍ വേണ്ടി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ദീർഘനേരം ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് ചെവിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഹെഡ്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
അമിതമായി ഹെഡ്ഫോണ്‍ ഉപയോഗിച്ചാല്‍
ഹെഡ്ഫോണിന്‍റെ അമിത ഉപയോഗം ചെവിയില്‍ അണുബാധയുണ്ടാക്കിയേക്കാം, ഇത് ക്രമേണ കേള്‍വിശക്തി കുറയാന്‍ കാരണമാകും. ചെവിയിലെ ഇയര്‍വാക്‌സ് ചെവിയ്ക്ക് സംരക്ഷണം നല്‍കുന്ന ഒന്നാണ്. ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഇത് ചെവിയ്ക്കുള്ളിലേക്ക് തള്ളിപ്പോകുന്നു. ഇതിലൂടെ ചെവിയുടെ ഉള്‍ഭാഗത്ത് വരള്‍ച്ച അനുഭവപ്പെടും. ഇത് ചെവിക്ക് ദോഷകരമാണ്.
ചില ആളുകള്‍ ഒരേ ഹെഡ്ഫോണുകള്‍ മാറി മാറി ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഹെഡ്ഫോണുകള്‍ മാറി ഉപയോഗിച്ചാല്‍ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ചെവിയിൽ ചൊറിച്ചിൽ, വേദന എന്നിവ ഉണ്ടാകുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്.
അമിതമായി ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒറ്റപ്പെടല്‍ അനുഭവിക്കുന്നതായി തോന്നുകയും ഇത് ഒരു വ്യക്തിയുടെ മാനസിക ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അമിത ശബ്ദത്തില്‍ ഹെഡ്ഫോണില്‍ പാട്ട് കേള്‍ക്കുമ്പോള്‍ ചുറ്റുപാടിലെ പല ശബ്ദങ്ങളും അതായത്, വാഹനങ്ങളുടെ ഹോണുകള്‍, അപായ ശബ്ദങ്ങള്‍ എന്നിവ കേള്‍ക്കാതെ വരും. ഇത് പലതരത്തിലുള്ള അപകടങ്ങള്‍ക്കും വഴിയൊരുക്കും.
ഇയര്‍ഫോണ്‍ ഉപയോഗിക്കേണ്ടത് എങ്ങനെ?
മിതമായ രീതിയില്‍ ഇയര്‍ഫോണുകള്‍ ഉപയോഗിച്ചാല്‍ ചെവിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതെ സംരക്ഷിക്കാവുന്നത്. ഇതിന് ചില വഴികളുണ്ട്. അതിലൊന്നാണ് 60:60 റൂള്‍. ഒരു തവണ 60 മിനിറ്റില്‍ കൂടാതെ 60 ശതമാനം ശബ്ദത്തില്‍ മാത്രം ഇയര്‍ഫോണ്‍ ഉപയോഗിയ്ക്കുകയെന്നതാണ് ഇത്. അര, ഒരു മണിക്കൂര്‍ ശേഷം ഇയര്‍ ഫോണുകള്‍ എടുത്തുമാറ്റി പത്തുപതിനഞ്ച് മിനിറ്റ് ഇടവേളയെടുത്തിരിക്കണം.
ഇയര്‍ബഡുകള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. ഇല്ലെങ്കില്‍ ഇവ ചെവിയ്ക്കുള്ളില്‍ അണുബാധയുണ്ടാക്കും. കഴിവതും ചെവിയിലേക്ക് ഇറക്കി വയ്ക്കാതെ ഇയര്‍ഫോണുകള്‍ മിതമായ സൗണ്ടില്‍ മാത്രം ഉപയോഗിക്കുക. ഷെയര്‍ ചെയ്ത് ഇയര്‍േഫാണുകള്‍ ഉപയോഗിക്കാതെ ഇരിക്കുന്നതും ചെവിയുടെ ആരോഗ്യത്തിന് നല്ലതാണ്.