എച്ച്ഐവി പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പ്പായി ഗിലിയഡ് സയൻസസിന്‍റെ പ്രതിരോധ കുത്തിവയ്പ്പ്. വർഷത്തിൽ രണ്ട് ഡോസ് എന്ന നിലയില്‍ എടുക്കാവുന്ന ലെനകാപാവിർ എന്ന കുത്തിവയ്പ്പിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നല്‍കി. റുവാണ്ടയിലെ കിഗാലിയിൽ നടന്ന അന്താരാഷ്ട്ര എയ്ഡ്‌സ് കോണ്‍ഫറന്‍സിലാണ് ഡബ്ല്യുഎച്ച്ഒ മരുന്ന് ശുപാര്‍ശ ചെയ്തത്. മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി ഏകദേശം ഒരു മാസത്തിന് ശേഷമാണ് ലോകാരോഗ്യ സംഘടന മരുന്ന് ശുപാര്‍ശ ചെയ്യുന്നത്.
T cell, in blue, under attack by HIV, in yellow
വർഷത്തിൽ രണ്ട് ഡോസുകൾ മാത്രം ആവശ്യമുള്ള പ്രതിരോധ കുത്തിവയ്പ്പാണ് ലെനകാപാവിർ. ഒറ്റ ഡോസില്‍ നിന്നും ആറ് മാസം വരെ പ്രതിരോധം ലഭിക്കും. രോഗപ്രതിരോധത്തിനായി ദിവസേന കഴിക്കുന്ന ഗുളികള്‍ക്കും മറ്റ് ഹ്രസ്വകാല ചികില്‍സാ രീതികള്‍ക്കും ബദലാണ് ഈ കുത്തിവയ്പ്പ് . എച്ച്ഐവിയുടെ ഘടനാപരമായ പ്രോട്ടീനെയാണ് ലെനകാപാവിർ ലക്ഷ്യം വയ്ക്കുന്നത്. പ്രോട്ടീന്‍ ശരീരത്തില്‍ പെരുകുന്നത് കുത്തിവയ്പ്പിലൂടെ തടയാം. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്. നിലവില്‍ ഈ വിഭാഗത്തില്‍ ഏറ്റവും പ്രചാരം പ്രെപ് ടാബ്ലറ്റുകള്‍ക്കാണ്.
2022 ല്‍ കാനഡയാണ് എയിഡ്സ് ചികിത്സിക്കുന്നതിനായി ലെനകാപാവിർ ആദ്യം അംഗീകരിക്കുന്നത്. പരീക്ഷണങ്ങളിൽ ഇത് അണുബാധയുടെ സാധ്യത ഗണ്യമായി കുറയ്ക്കുകയും എച്ച്ഐവിക്കെതിരെ ഏതാണ്ട് പൂർണ്ണമായ സംരക്ഷണം നൽകുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണങ്ങളിൽ എച്ച്ഐവി തടയുന്നതിൽ ഏകദേശം 100% ഫലപ്രദമാണെന്ന് ലെനകാപാവിർ തെളിയിക്കുകയും ചെയ്തു.
2024 ൽ 1.3 ദശലക്ഷം പുതിയ എച്ച്ഐവി അണുബാധകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന്‍റെ നയങ്ങള്‍ക്ക് പിന്നാലെ അമേരിക്കയില്‍ എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ലെനകാപാവിര്‍ ശുപാര്‍ശ ചെയ്തുള്ള ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം രോഗികള്‍ക്ക് വലിയ ആശ്വാസമാണ്. സങ്കീർണ്ണവും ചെലവേറിയതുമായ ടെസ്റ്റുകള്‍ക്ക് ബദലായി ഏറെ സുഗമമായ എച്ച്ഐവി റാപ്പിഡ് ടെസ്റ്റുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്തിട്ടുണ്ട്.