ചിത്രങ്ങള്‍ എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ചത്
പുരുഷന്മാരിലെ ലൈംഗിക ബലഹീനതയ്ക്ക് ലോകമെങ്ങും ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണം മെച്ചപ്പെടുത്താനുള്ള ഈ മരുന്നാണ് വയാഗ്ര എന്ന ബ്രാന്‍ഡ് നെയിമില്‍ വിറ്റഴിക്കുന്നത്. കോടിക്കണക്കിനാളുകളാണ് വയാഗ്രയും മറ്റ് ബ്രാന്‍ഡുകളില്‍ എത്തുന്ന സില്‍ഡെനഫിലും ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ലിംഗോദ്ധാരണത്തിന് മാത്രമല്ല കാന്‍സര്‍ ചികില്‍സയിലും വയാഗ്ര സഹായിക്കുമെന്ന് ചൈനീസ് ഗവേഷകര്‍. ട്യൂമറുകളുടെ വളര്‍ച്ച തടയാനുള്ള ഘടകങ്ങള്‍ സില്‍ഡെനഫിലില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
മനുഷ്യശരീരത്തിലെ പ്രതിരോധവ്യവസ്ഥയിലെ പ്രധാനഘടകമാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍. പ്രതിരോധസംവിധാനത്തിലെ ഇന്‍റലിജന്‍സ് ഏജന്‍റുമാരെന്നാണ് ഈ കോശങ്ങളെ അറിയപ്പെടുന്നത്. ട്യൂമറുകള്‍ രൂപപ്പെടുമ്പോള്‍ ഈ കോശങ്ങളുടെ എണ്ണം ഗണ്യമായി കുറയും. സില്‍ഡെനഫിലിന്‍റെ ഉപയോഗം ഡെന്‍ഡ്രിറ്റിക് സെല്ലുകളുടെ ശോഷണം തടയുമെന്നും പ്രതിരോധസംവിധാനത്തെ സഹായിക്കുമെന്നുമാണ് വെസ്റ്റ്‌ലേക്കിലെ കാന്‍സര്‍ ഇമ്യൂണോളജി സ്പെഷലിസ്റ്റ് ചൗ തിങ്ങിന്‍റെ ഗവേഷണത്തിലെ കണ്ടെത്തല്‍.
ചൈനയിലെ വെസ്റ്റ് ലേക്ക് യൂണിവേഴ്സിറ്റി, ഷെന്‍ജിയാങ് യൂണിവേഴ്സിറ്റി, പെക്കിങ് യൂണിയന്‍ മെഡിക്കല്‍ കോളജ്, ഷാങ്ഹായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി എന്നിവയിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഇതിന്‍റെ ഫലം ‘നേച്ചര്‍’ മാസികയില്‍ പ്രസിദ്ധീകരിച്ചു. ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍ അവയുടെ ആകൃതിയിലെ പ്രത്യേകത കൊണ്ട് കോശജാലങ്ങള്‍ക്കിടയിലൂടെ അനായാസം സഞ്ചരിക്കാന്‍ കഴിയും. ശരീരത്തില്‍ എവിടെയെങ്കിലും വൈറസിന്‍റെയോ ബാക്ടീരിയയുടെയോ ട്യൂമറുകളിലെയോ ആന്‍റിജനുകള്‍ ഉണ്ടെങ്കില്‍ അവ അതിവേഗം കണ്ടെത്താനും പ്രതിരോധസംവിധാനത്തെ പ്രതികരിക്കാനുള്ള സന്ദേശം നല്‍കാനും ഈ കോശങ്ങള്‍ക്ക് കഴിയും. ട്യൂമറുകള്‍ ഉള്‍പ്പെടെയുള്ളവയെ ആക്രമിക്കാന്‍ ടി സെല്ലുകള്‍ (ഒരിനം ശ്വേത രക്താണുക്കള്‍) ആക്ടിവേറ്റ് ആകുന്നത് ഈ സന്ദേശങ്ങളെത്തുടര്‍ന്നാണ്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍, ബ്രെസ്റ്റ് കാന്‍സര്‍, കൊളോറെക്ടല്‍ കാന്‍സര്‍ തുടങ്ങിയവ ബാധിച്ചവരെ നിരീക്ഷിച്ചതില്‍ നിന്നാണ് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍ അതിവേഗം ശോഷിക്കുന്നത് കണ്ടെത്തിയത്. ഇതിന്‍റെ കാരണം കണ്ടെത്താനായി പിന്നീട് ഗവേഷകരുടെ ശ്രമം. ഒടുവില്‍ ജീന്‍ എഡിറ്റിങ് ഉള്‍പ്പെടെയുള്ള അത്യാധുനിക രീതികള്‍ ഉപയോഗിച്ച് അവര്‍ അത് കണ്ടെത്തി. കോശങ്ങള്‍ക്കുള്ളിലെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന സൈക്ലിക് ഗ്വാനോസിന്‍ മോണോഫോസ്ഫേറ്റ് (cGMP) എന്ന തന്മാത്രകളുടെ സംയോജനം ട്യൂമറുകള്‍ തടസപ്പെടുത്തുന്നതിനാലാണ് ഡെന്‍ഡ്രറ്റിക് കോശങ്ങളുടെ സഞ്ചാരശേഷി തടയുന്നതും അവയുടെ അളവ് ശോഷിക്കുന്നതും എന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് ഡെന്‍ഡ്രിറ്റിക് കോശങ്ങള്‍ക്ക് ബ്രേക്കിടുന്ന പിഡിഇ–5 (Phosphodiesterase-5) എന്ന എന്‍സൈമിനെയും തിരിച്ചറിഞ്ഞു.
ഈ ഗവേഷണങ്ങള്‍ക്കിടയിലാണ് വയാഗ്രയുടെ (സില്‍ഡെനഫില്‍) പിഡിഇ–5 തടയുന്ന ഗണത്തില്‍പ്പെട്ട മരുന്നാണെന്ന് തിരിച്ചറിഞ്ഞത്. രക്തധമനികള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്ന മരുന്നാണ് സില്‍ഡെനഫില്‍. ലിംഗോദ്ധാരണത്തിന് മാത്രമല്ല ചിലയിനം ഹൃദ്രോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാറുണ്ട്. പിഡിഇ–5ന്‍റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കാനും ഡെന്‍ഡ്രിറ്റിക് കോശങ്ങളുടെ ചലനശേഷി തിരികെ നല്‍കാനും ഇവയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് തുടര്‍പരീക്ഷണങ്ങള്‍ തെളിയിച്ചു. അവിചാരിതമായാണ് ഈ കണ്ടെത്തല്‍ എന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് വെസ്റ്റ്‍ലേക്ക് യൂണിവേഴ്സിറ്റിയുടെ പ്രബന്ധം അവസാനിക്കുന്നത്.